അമൃത വിശ്വ വിദ്യാപീഠത്തിലെ 1690 വിദ്യാർത്ഥികൾക്ക് ബിരുദം നൽകി

കൊല്ലം: ഒരു വ്യക്തിയെ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയെന്നത് വിദ്യാഭ്യാസം മാത്രമാണെന്നും അക്കാദമിക വിദ്യാഭ്യാസത്തിൽ ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങൾക്ക് ഊന്നൽ നൽകണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമൃത വിശ്വ വിദ്യാപീഠം അമൃതപുരി കാമ്പസിൽ 22-ാമത് ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നത് ഒരു ആയുധമാണ്. അതിനെ ഒരു കത്തിയായി കരുതിയാൽ ഒരു വീട്ടമ്മ അത് വീട്ടിൽ പാചകത്തിനുപയോഗിക്കുകയും അതേ സമയം അതൊരു കുറ്റവാളിയുടെ കയ്യിലെത്തിയാൽ മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. സ്വന്തം ഉയർച്ചയ്‌ക്കൊപ്പം മറ്റുള്ളവരുടെ നൻമയും ഉറപ്പാക്കാനുള്ള മനസ്സാണ് ആത്മീയമൂല്യങ്ങളിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേവലം പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവുകൾ കൊണ്ടുമാത്രമല്ല, മറിച്ച് സ്വയം അവനവനെ തിരിച്ചറിയുന്നതിലൂടെയാണ് ജീവിതത്തിൽ സംതൃപ്തി നേടാൻ കഴിയുക. അപ്പോൾ മാത്രമാണ് ജീവിതത്തിന്റെ ലക്ഷ്യത്തിലേക്കെത്തിയതായി അനുഭവപ്പെടുകയുള്ളൂവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു. ജീവിതത്തിൽ വിജയം നേടുന്നതിന് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനത്തിലൂടെ മാത്രമേ അതിന് കഴിയുകയുള്ളുവെന്നും ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്ന യുഎസ്എ സിറ്റിബാങ്ക് സിഇഒ ആനന്ദ് സെൽവകേസരി പറഞ്ഞു. നിങ്ങളിലും നിങ്ങളുടെ കഴിവുകളിലും പൂർണമായി വിശ്വാസമർപ്പിച്ച് മുന്നോട്ടു പോകുകയെന്നതാണ് വിജയത്തിലേക്കുള്ള ഏറ്റവും വലിയ പാഠമെന്നും അദ്ദേഹം കൂട്ടിച്ചേർ്ത്തു.

നമ്മുടെ ജീവിതചക്രമെന്നത് മറ്റു പലതിന്റെയും സഹായത്തോടെ നടക്കുന്നതാണെന്ന് ഓർമ്മിക്കണമെന്നും അതിനാൽ തന്നെ സമൂഹത്തിനായി തിരിച്ച് സഹായങ്ങൾ ചെയ്യാൻ ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടെന്നും മാതാ അമൃതാനന്ദമയി മഠം ട്രഷറർ സ്വാമി രാമകൃഷ്ണാനന്ദ പുരി അനുഗ്രഹപ്രഭാഷണത്തിൽ പറഞ്ഞു. അമൃത വിശ്വ വിദ്യാപീഠം രജിസ്ട്രാർ ഡോ.ശങ്കരൻ, ഡോ. മനീഷ വിനോദിനി രമേഷ്, അമൃത വിശ്വ വിദ്യാപീഠം പ്രൊവോസ്റ്റ് ലൈഫ് സയൻസസ് ഡീൻ ഡോ.ബിപിൻ നായർ, എഞ്ചിനീയറിങ് ഡീൻ ഡോ.ബാലകൃഷ്ണൻ ശങ്കർ എന്നിവർ സംസാരിച്ചു.

ആർട്സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ആയുർവേദം, ബയോടെക്നോളജി, ബിസിനസ്, കമ്പ്യൂട്ടിങ്, എഞ്ചിനീയറിങ്, ഫിസിക്കൽ സയൻസസ്, സോഷ്യൽ & ബിഹേവിയറൽ സയൻസസ്, സ്പിരിച്വൽ & കൾച്ചറൽ സ്റ്റഡീസ് വിഭാഗങ്ങളിൽ നിന്നായി 1690 വിദ്യാർത്ഥികളാണ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. ഉന്നതവിജയം നേടിയവർക്കുള്ള അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. ബിരുദദാന ചടങ്ങിൽ സർട്ടിഫിക്കറ്റുകൾക്കൊപ്പം വൃക്ഷത്തൈകളും വിതരണം ചെയ്തത് ശ്രദ്ധേയമായി. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായാണ് എല്ലാ വിദ്യാർത്ഥികൾക്കും വേദിയിൽ വച്ച് വൃക്ഷത്തൈകൾ നൽകിയത്. പ്രകൃതിയെ കാത്തുസൂക്ഷിക്കുന്നതിനായി എല്ലാവരും മരങ്ങൾ നടണമെന്ന മാതാ അമൃതാനന്ദമയി ദേവിയുടെ നിർദേശപ്രകാരമായിരുന്നു വൃക്ഷത്തൈ വിതരണം.

Print Friendly, PDF & Email

Leave a Comment

More News