നീലക്കുറിഞ്ഞി മലയിൽ നിരോധനാജ്ഞയുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് വനം വകുപ്പ്

ഇടുക്കി: നീലക്കുറിഞ്ഞി പൂക്കുന്ന മലനിരകൾ സന്ദർശിക്കുന്നതിന് വിലക്കുണ്ടെന്ന് സോഷ്യൽ മീഡിയ വഴി വനംവകുപ്പിന്റെ പേരിൽ പ്രചരിക്കുന്ന വ്യാജവാർത്ത ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കിനെയും പ്രതികൂലമായി ബാധിക്കുന്നതായി വനം വകുപ്പ്. മാത്രമല്ല, നീലക്കുറിഞ്ഞി പൂക്കളുടെ മാസ്മരിക ദൃശ്യം കാണാൻ ദിവസവും എത്തുന്ന ആയിരക്കണക്കിന് വിനോദസഞ്ചാരികൾക്കിടയിൽ ഈ വ്യാജ പ്രചാരണം ഏറെ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നുണ്ട്.

ശാന്തൻപാറയിലെ കള്ളിപ്പാറ മലനിരകളിൽ പന്ത്രണ്ട് വർഷത്തിലൊരിക്കൽ വരുന്ന അതിഥിയായാണ് നീലക്കുറിഞ്ഞി തിരിച്ചെത്തുന്നത്. മഹാപ്രളയത്തിൽ 2018-ലെ കുറിഞ്ഞി പൂക്കാലം നഷ്ടമായതിനാൽ ആയിരക്കണക്കിന് സഞ്ചാരികളാണ് കള്ളിപ്പാറയിലെ വിസ്മയം കാണാൻ ഇപ്പോൾ എത്തുന്നത്. എന്നാൽ, കുറച്ച് ദിവസങ്ങളായി കള്ളിപ്പാറയിലേക്ക് പ്രവേശനമില്ലെന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം നടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്.

സാമൂഹ്യ വന വത്കരണ പരിപാടിയുടെ ഭാഗമായി കുറിഞ്ഞി സംരക്ഷണം ലക്ഷ്യം വച്ച്‌ വനം വകുപ്പ്‌ സന്ദര്‍ശനം നിരോധിച്ചിരിക്കുകയാണെന്ന വാര്‍ത്തകളും സ്‌ക്രീന്‍ഷോട്ടുകളുമാണ്‌ പ്രചരിക്കുന്നത്‌. അതേസമയം വന്യ മൃഗങ്ങള്‍ സ്വൈര്യവിഹാരം നടത്തുന്ന മേഖലയായതിനാല്‍ വൈകുന്നേരം അഞ്ചരയ്ക്ക്‌ ശേഷം ഇവിടേയ്ക്ക്‌ പ്രവേശനം അനുവദിയ്ക്കില്ല എന്നത്‌ മാത്രമാണ്‌ ഏക നിയന്ത്രണമായുള്ളത്‌.

മലമുകളിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്. ഇതിനായി വനംവകുപ്പും ഇവിടെ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News