ഗവർണറും സർക്കാരും തമ്മിൽ പോര് മുറുകുന്നു; കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് മുറുകുമ്പോള്‍ ത്രിശങ്കു സ്വര്‍ഗത്തിയായ പോലെയുള്ള അവസ്ഥയാണ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്. പല വിവാദ വിഷയങ്ങളിലും ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ദേവേന്ദ്ര കുമാർ ദൊഡാവത്ത് ഗവർണറെ അനുസരിക്കാൻ വിമുഖത കാട്ടിയതിന് വിമർശനം നേരിടുകയാണ്. സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ മനം മടുത്ത് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകിയിരിക്കുകയാണ് അദ്ദേഹം.

സംസ്ഥാന സർക്കാരിനെ പിണക്കാൻ കഴിയാത്തതിനാലാണ് പ്രിൻസിപ്പൽ സെക്രട്ടറി ഗവർണറെ അനുസരിക്കാതിരുന്നതെന്നാണ് സൂചന. കേരള സർവകലാശാല വൈസ് ചാൻസലർ നിയമനത്തിനായി സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഓഗസ്റ്റ് അഞ്ചിന് ഗവർണർ ഉത്തരവിട്ടിരുന്നു. തുടർന്ന് വിസി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കണം. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഗവർണർ നിർദേശം നൽകിയെങ്കിലും ഇതുവരെയും തയ്യാറായിട്ടില്ല.

മുന്‍കാലങ്ങളില്‍ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് വിജ്ഞാപനം ഇറക്കിയിരുന്നത്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ വിജ്ഞാപനം ഇറക്കുന്ന ഗവര്‍ണറുടെ ഓഫീസ് ആണ്. ഇതിനായി സര്‍വകലാശാല ചട്ടങ്ങളില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വിസി നിയമനം നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി കുടപിടിക്കുകയാണെന്ന രീതിയില്‍ വിമര്‍ശനം രൂക്ഷമാവുകയാണ്.

കേരള യൂണിവേഴ്‌സിറ്റിയില്‍ വിസി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുന്ന നവംബര്‍ നാലിനാണ് സെനറ്റ് യോഗം വിളിച്ചിരിക്കുന്നതെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞിരുന്നു. സെര്‍ച്ച് കമ്മിറ്റി കണ്‍വീനറായ കോഴിക്കോട് ഐഐഎം ഡയറക്ടറെ വിജ്ഞാപനമിറക്കാന്‍ ചുമതലപ്പെടുത്തണം എന്നാണ് സെക്രട്ടറിയുടെ നിലപാട്.

അതിനിടെ, സര്‍‌വ്വകലാശാല വിസി അനധികൃതമായി കോളേജ് അനുവദിച്ചത് റദ്ദാക്കണമെന്ന പരാതിയിൽ വിശദീകരണം തേടിയപ്പോൾ നിലപാട് ന്യായീകരിച്ച് വിസി കത്ത് നൽകി. ഇത് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്താതെ പ്രിൻസിപ്പൽ സെക്രട്ടറി കത്ത് മാറ്റിവെക്കുകയായിരുന്നു. ഗവർണർ അറിയാതെ സെക്രട്ടറി നടപടികൾ നിർത്തി വെയ്ക്കുകയും ചെയ്തു. സർക്കാരിനെ സഹായിക്കാൻ മാത്രം നടപടികൾ സ്വീകരിക്കുന്ന ദെഡാവത്തിന്റെ നടപടിയിൽ ഗവർണറും അസ്വസ്ഥനാണെന്നാണ് വിവരം.

Print Friendly, PDF & Email

Leave a Comment

More News