ന്യൂയോര്‍ക്ക് സ്റ്റാറ്റൻ ഐലന്റില്‍ തെരുവു നായകളുടെ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു

സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): സ്റ്റാറ്റന്‍ ഐലന്റിലെ തെരുവുകളില്‍ അഴിഞ്ഞാടിയ ഒരുപറ്റം നായകളുടെ ആക്രമണത്തിൽ മൂന്നു പെൺകുട്ടികൾക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ നിന്നാണ് എട്ടു പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായകള്‍ തെരുവിലെത്തിയതെന്ന് പറയുന്നു. 250 യോർക്ക് അവന്യുവിലെ വീടിനു മുമ്പിൽ നിൽക്കുകയായിരുന്ന 2, 13, 19 വയസ്സുള്ള പെൺകുട്ടികളാണ് നായകളുടെ കൂട്ടായ ആക്രമണത്തിനിരകളായത്.

കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസ്സുകാരി ഉൾപ്പെടെ മൂന്നു പേരേയും രക്തം വാർന്നൊലിക്കുന്ന സ്ഥിതിയിൽ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ 15 നായകളാണുണ്ടായിരുന്നതെന്ന് പറയുന്നു. അതിൽ എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നായകളെ പിടികൂടി മൃഗ അഭയകേന്ദ്രത്തില്‍ അടച്ചു.

റിച്ച്മണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കുട്ടികൾ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.

നായകളെ അഴിച്ചു വിട്ട സംഭവത്തിന് ഉത്തരവാദികളായ ഒരു പുരുഷനേയും സ്ത്രീയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News