ഇറാൻ വനിതകളുടെ ധീര പോരാട്ടത്തിന് കാനായുടെ ഐക്യദാർഢ്യം

അയഞ്ഞ ശിരോവസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് ടെഹ്‌റാനിലെ സദാചാര പൊലീസ് അറസ്റ്റ് ചെയ്ത്, കസ്റ്റഡിയിൽ ക്രൂരമർദ്ദനത്തിനിരയാക്കി വധിക്കപ്പെട്ട മെഹ്‌സാ അമിനിയെന്ന കുർദിഷ് യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് ഒരു മാസത്തോളമായി ഇറാനിലെ സ്ത്രീകളും മനുഷ്യാവകാശ പ്രവർത്തകരും തുടരുന്ന പ്രക്ഷോഭങ്ങൾക്ക് ക്‌നാനായ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.

ഒക്ടോബർ 19ന് ഗ്ലൻവ്യൂവിൽ ചേർന്ന സംഘടനയുടെ വിശേഷാൽ യോഗത്തിലാണ് ഈ തീരുമാനം കൊക്കൊണ്ടത്. ശിരോവസ്ത്രം പരസ്യമായി തീയിലിട്ട് കത്തിച്ച് പ്രതിഷേധിക്കുന്ന ഇറാൻ സ്ത്രീകളുടെ പോരാട്ടത്തെ അടിച്ചമർത്തുന്ന യാഥാസ്ഥിതിക ഭരണകൂട ഭീകരതയ്ക്ക് ഇരയായി ഇതുവരെ 30 ഓളം വനിതകൾ വധിക്കപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും, ആയിരത്തിലധികം വ്യക്തികൾ ജയിലിൽ അടയ്ക്കപ്പെടുകയുമുണ്ടായിട്ടുണ്ട്.

ഇറാൻ ഭരണകൂടത്തിന്റെ കിരാത നടപടികളെ ഐക്യരാഷ്ട്ര സഭയക്കൊപ്പം അമേരിക്ക, കാനഡ മുതലയാ രാജ്യങ്ങൾ ശക്തമായ ഭാഷയിൽ അപലപിക്കുകയും ഉപരോധങ്ങൾ ഏർപ്പെുത്തുകയുമുണ്ടായെന്നത് സ്വാഗതാർഹമാണ്. ജനാധിപത്യത്തിലും പൗരാവകാശങ്ങളിലും വിശ്വസിക്കുന്ന എല്ലാ രാജ്യങ്ങളും ഇറാനിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുക വഴി മാത്രമേ അടിച്ചമർത്തൽ നടപടികളിൽ നിന്ന് അവിടുത്തെ തീവ്രമത ഭരണകൂടത്തെ പിന്തിരിപ്പിക്കുവാൻ കഴിയൂ.

ഒരു കുട്ടിയും ഈ ലോകത്ത് ജനിച്ച് വീഴുന്നത് സ്വന്തം താല്പര്യപ്രകാരമല്ല. അതിനാൽ തന്നെ അവരുടെ ആരോഗ്യത്തിനും, വ്യക്തി വികസനത്തിനും സ്വാതന്ത്ര്യത്തിനും ഉതകുന്ന അവകാശങ്ങളും, അവസരങ്ങളും, ഉറപ്പാക്കുകയെന്നത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കടമയ്‌ക്കൊപ്പം ദേശത്തിന്റെ കൂടെയാണെന്ന് കാനാ ഉറച്ച് വിശ്വസിക്കുന്നു.

ഏതെങ്കിലും ദേശത്തിലോ, സമൂഹത്തിലോ അവ നിഷേധിക്കപ്പെടുമ്പോൾ, പീഡനം അനുഭവിക്കുന്ന അവിടത്തെ ജനതയ്‌ക്കൊപ്പം അണിനിരക്കുവാൻ അവർക്കനുകൂലമായി ഒരാഗോള പൗരവികാരം ഉണർത്തുവാൻ നാമെല്ലാം കടപ്പെട്ടിരിക്കുന്നു. പ്രത്യുത ഇത്തരം ധ്വംസനങ്ങൾ ഇതര ദേശങ്ങളിലേക്കും സമൂഹങ്ങളിലേക്കും വ്യാപിക്കപ്പെടും.

ആയതിനാൽ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനുമായി ജീവൻ ത്യാജിച്ചും ക്രൂരതകൾ ഏറ്റും പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന ഇറാനിലെ സഹോദരിമാര്‍ക്കും ജനതയ്ക്കുമൊപ്പം അണിനിരക്കുവാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുവാനും അമേരിക്കയിലെ എല്ലാ പുരോഗമന സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, തൊഴിലധിഷ്ഠിത മലയാളി സംഘടനകളോടും കൂട്ടായ്മകളോടും കാനാ വിനീതമായി അഭ്യർത്ഥിക്കുന്നു.

ലൂക്കോസ് പാറേട്ട്, പ്രസിഡന്റ്

Print Friendly, PDF & Email

Leave a Comment

More News