തലയില്‍ ആള്‍താമസമില്ലാത്ത കോണ്‍ഗ്രസിന്റെ നിലപാട് ജനം പുച്ഛിച്ചു തള്ളുമെന്ന് കെ ടി ജലീല്‍

മലപ്പുറം: സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരു കടന്നതാണെന്ന മുസ്ലീം ലീഗ് നിലപാട് സ്വാഗതാർഹമാണെന്ന് കെ ടി ജലീൽ എംഎൽഎ പറഞ്ഞു. തലയിൽ ആള്‍താമസമില്ലാത്ത കോൺഗ്രസിന്റെ നിലപാടിനെ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്നും ജലീൽ ഫെയ്സ്ബുക്കിലൂടെ രൂക്ഷമായി വിമർശിച്ചു.

കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

ഗവർണ്ണറുടേത് കൈവിട്ട കളിയാണ്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തിൽ കണ്ടു തുടങ്ങിയത്. സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവൽക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാർഗ്ഗേണ പ്രതിരോധിക്കണം.

കോൺഗ്രസ്സിന് ആർ.എസ്.എസ് വൽക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അൽഭുതമില്ല. കോൺഗ്രസ്സിൻ്റെ ‘ഭാരത് ജോഡോ യാത്ര’ ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിൻ്റെ വക്താക്കളാകാൻ കോൺഗ്രസ്സ്, ബി.ജെ.പിയോട് മൽസരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാൽ മതി. ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണ്. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട്‌ ജനം പുച്ഛിച്ച് തള്ളും.

Print Friendly, PDF & Email

Leave a Comment

More News