മാസങ്ങളോളം അബോധാവസ്ഥയില്‍ കിടന്ന യുവതി ഡൽഹി എയിംസിൽ പെൺകുഞ്ഞിന് ജന്മം നൽകി

ന്യൂഡൽഹി: ന്യൂഡൽഹിയിലെ എയിംസിലെ ആശുപത്രി കിടക്കയിൽ അബോധാവസ്ഥയിലായിരുന്ന 23 കാരിയായ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ സ്വദേശിയായ യുവതിയാണ് ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ടത്.

തലയ്ക്ക് മാരകമായി മുറിവേറ്റ യുവതിയെ എയിംസിലെ ഡോക്ടർമാർ ഒന്നിലധികം ശസ്ത്രക്രിയകൾ നടത്തി. മാർച്ച് 31 നായിരുന്നു മാരകമായ അപകടം. അപകടസമയത്ത് യുവതി ഹെൽമറ്റ് ധരിച്ചിരുന്നില്ല. തലയിൽ മാരകമായ ഒന്നിലധികം മുറിവുകളേറ്റതിനെത്തുടർന്ന്, എയിംസിലെ ഡോക്ടർമാർ രോഗിയുടെ ജീവൻ രക്ഷിക്കുന്നതില്‍ വിജയിച്ചു. എന്നാൽ, ഏഴുമാസം പിന്നിട്ടിട്ടും രോഗാവസ്ഥയിൽ നിന്ന് രോഗി പുറത്തുവന്നില്ല.

രോഗി അവരുടെ കണ്ണ് തുറക്കുന്നുണ്ട്, പക്ഷേ അവര്‍ക്ക് ഒന്നും മനസിലാക്കാനോ ചോദ്യത്തിന് ഉത്തരം നൽകാനോ കഴിയുന്നില്ല. അപകട സമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിൽ പെട്ടെന്ന് സുഖം പ്രാപിക്കുമായിരുന്നു എന്ന് എയിംസിലെ ന്യൂറോ സർജറി പ്രൊഫസർ ഡോ. ദീപക് ഗുപ്ത പറഞ്ഞു.

ഭർത്താവ് ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എന്നാൽ അപകടത്തെത്തുടർന്ന് അയാൾ ഭാര്യയെ പരിപാലിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു.

യുവതിയെ എയിംസിൽ കൊണ്ടുവരുമ്പോൾ അവർ നാൽപ്പത് ദിവസത്തെ ഗർഭാവസ്ഥയിലായിരുന്നു. ആശുപത്രിയിൽ നിന്നുള്ള ഗൈനക്കോളജിസ്റ്റുകളുടെ ഒരു സംഘം യുവതിയെ പരിശോധിച്ച ശേഷം ഗർഭം അലസിപ്പിക്കേണ്ട ആവശ്യമില്ലെന്ന നിഗമനത്തിലെത്തി. അമ്മയുടെ ഉദരത്തിൽ കുഞ്ഞിന്റെ വളർച്ച ആരോഗ്യകരമായിരുന്നു. അതിനാൽ, വൈദ്യശാസ്ത്രപരമായി ഗർഭം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നതിന്റെ ഉത്തരവാദിത്തം ഡോക്ടർമാർ യുവതിയുടെ കുടുംബത്തിന് വിട്ടു.

ഭർത്താവ് ഗർഭം അലസിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും പ്രസവശേഷം കുട്ടിയെ പരിപാലിക്കാൻ തീരുമാനിക്കുകയും ചെയ്തു. നവജാതശിശുവിന് മുലയൂട്ടാൻ യുവതിക്ക് കഴിയില്ല. അതിനാൽ, കുഞ്ഞിന് കുപ്പിപ്പാലാണ് നല്‍കുന്നതെന്ന് ഡോ. ഗുപ്ത പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News