ഉത്പാദനം വർദ്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുകയാണ് ലക്ഷ്യം: മന്ത്രി കെ.കൃഷ്ണൻകുട്ടി

കണ്ണൂർ: ഉൽപ്പാദനം വർദ്ധിപ്പിച്ച് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ബർണശ്ശേരിയിൽ കെഎസ്ഇബിയുടെ കണ്ണൂർ ഇൻസ്പെക്ഷൻ ബംഗ്ലാവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിവർഷം 300 ടിഎംസി വെള്ളം മാത്രമാണ് അണക്കെട്ടുകളിൽ സംഭരിച്ച് ഉപയോഗിക്കുന്നത്. 2050 ആകുമ്പോഴേക്കും 2000 ടിഎംസി എങ്കിലും സംഭരിച്ച് ഉപയോഗിക്കും. ഇതിന് സഹായകമായ ചെറുതും വലുതുമായ വിവിധ പദ്ധതികളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ജലവൈദ്യുതി ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നത്. 38.5 മെഗാവാട്ട് ശേഷിയുള്ള നാല് വൈദ്യുത പദ്ധതികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കി. 124 മെഗാവാട്ട് ജലവൈദ്യുത പദ്ധതികൾ 2022 മാർച്ചോടെ പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

1500 മെഗാവാട്ടിന്റെ പുതിയ ജലവൈദ്യുത പദ്ധതികളും പുനരുപയോഗ ഊര്‍ജസ്രോതസുകളില്‍ നിന്ന് 3000 മെഗാവാട്ടിന്റെ പുതിയ പദ്ധതികളും ആരംഭിച്ച് വൈദ്യുതി ഉല്‍പ്പാദന മേഖലയെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹരിതോര്‍ജ വൈദ്യുത ഉല്‍പ്പാദനം ശക്തിപ്പെടുത്താനും ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ നടപ്പാക്കാന്‍ ആലോചിക്കുന്ന ജലവൈദ്യുത പദ്ധതിക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ദേശീയപാത പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി മുണ്ടയാടുള്ള ഇന്‍സ്പെക്ഷന്‍ ബംഗ്ലാവ് പൊളിച്ചു മാറ്റിയതോടെയാണ് പുതിയ കെട്ടിടം കണ്ണൂര്‍ ബര്‍ണശ്ശേരിയില്‍ പണിതത്. 1.55 കോടി വിനിയോഗിച്ച് 423 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടമാണ് നിര്‍മിച്ചത്.

ഡോ.വി.ശിവദാസൻ എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കോഴിക്കോട് സിവിൽ കൺസ്ട്രക്ഷൻ നോർത്ത് ചീഫ് എൻജിനീയർ കെ രാജീവ് കുമാർ, കണ്ണൂർ ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ എം എ ഷാജു, ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ എൻ ശ്രീലകുമാരി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം വി ജയരാജൻ, കെ മനോജ്, കെ പി പ്രശാന്ത്, സിറാജ് എന്നിവർ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News