വിവാഹ പരസ്യം വഴി യുവതികളുമായി അടുപ്പം സ്ഥാപിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കി മുങ്ങി നടന്ന 40-കാരനെ അറസ്റ്റു ചെയ്തു

മലപ്പുറം: വധുവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് ഓണ്‍ലൈന്‍ മാട്രിമോണി ഏജന്‍സികളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് യുവതികളുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് അവരില്‍ നിന്ന് സ്വര്‍ണ്ണവും പണവും കൈക്കലാക്കി മുങ്ങുന്ന 40-കാരനെ അറസ്റ്റു ചെയ്തു. മലപ്പുറം താമരക്കുഴി സ്വദേശി സരോവരം വീട്ടിൽ സഞ്ജു എന്ന 40കാരനെയാണ് മലപ്പുറം വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് യുവതികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

വിവാഹാഭ്യർത്ഥനയുമായി വെബ്‌സൈറ്റിൽ നിന്ന് സൗഹൃദത്തിലായ സ്ത്രീകളുടെ വീട്ടിലെത്തി വീട്ടുകാരുമായി ബന്ധം സ്ഥാപിക്കുകയാണ് ഇയാള്‍ ആദ്യം ചെയ്യുന്നത്. പല തരത്തിലാണ് യുവതികളുമായി വിശ്വാസം സ്ഥാപിക്കുക. വിവാഹ വസ്ത്രം വാങ്ങുക, വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കുക മുതലായവ ചെയ്തുകൊടുത്താണ് വിശ്വാസ്യത നേടുന്നത്. വിവാഹം രജിസ്റ്റര്‍ ചെയ്യാനും ഓഡിറ്റോറിയം ബുക്ക് ചെയ്യാനും മറ്റും മുന്നിട്ടിറങ്ങി രേഖകള്‍ കൈക്കലാക്കി പിന്നീട് ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറും. ഇതിനിടെ യുവതികളെ പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കും.

ഒരു പരാതിക്കാരിയില്‍ നിന്ന് 32 പവനും ഒരു ലക്ഷം രൂപയും, മറ്റൊരു യുവതിയില്‍ നിന്ന് 10 ലക്ഷവും ആറ് പവനും ഇയാള്‍ കൈക്കലാക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇതേ രീതിയിൽ നിരവധി പേരെ ഇയാൾ കബളിപ്പിച്ചിട്ടുണ്ട്. കാര്യമായ ജോലിയൊന്നുമില്ലാത്ത ഇയാള്‍ സ്ത്രീകളെ കബളിപ്പിച്ച് സ്വന്തമാക്കുന്ന പണംകൊണ്ടാണ് ജീവിക്കുന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്ദാസിന്റെ നിര്‍ദേശപ്രകാരം സി.ഐ. റസിയ ബംഗാളത്ത്, എസ്.ഐ. എം.കെ. ഇന്ദിരാമണി, എസ്.എച്ച്.ഒ. പി.എം. സന്ധ്യാദേവി എന്നിവരടങ്ങിയ സംഘം എറണാകുളത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Print Friendly, PDF & Email

Leave a Comment

More News