മധ്യപ്രദേശില്‍ കാറും ബസും കൂട്ടിയിടിച്ച് 11 പേർ മരിച്ചു

ബേട്ടൂൽ: വെള്ളിയാഴ്ച പുലർച്ചെ മധ്യപ്രദേശിലെ ബേതുൽ ജില്ലയിലെ ജല്ലാറിൽ സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) ബസുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു. ബേത്തുൽ എസ്പി സിമല പ്രസാദ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അദ്ദേഹം 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ ആസ്ഥാനത്ത് നിന്ന് 36 കിലോമീറ്റർ അകലെയുള്ള ഭൈൻസ്‌ദേഹി റോഡിലാണ് അപകടമുണ്ടായതെന്ന് ബേതുൽ പോലീസ് കൺട്രോൾ റൂമിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ശിവരാജ് സിംഗ് താക്കൂർ പറഞ്ഞു.

പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അപകടത്തിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും അഞ്ച് വയസ് പ്രായമുള്ള ഒരു പെൺകുട്ടിയും ഒരു കൊച്ചുകുട്ടിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ചിലരുടെ മൃതദേഹങ്ങൾ ഗ്യാസ് കട്ടറുകളുടെ സഹായത്തോടെ എസ്‌യുവി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തതെന്ന് താക്കൂർ പറഞ്ഞു.

മൃതദേഹങ്ങൾ പിന്നീട് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്നാണ് എസ്‌യുവി ബസിൽ ഇടിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും താക്കൂർ കൂട്ടിച്ചേർത്തു.

Leave a Comment

More News