‘ദൃശ്യം’ മോഡല്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നത് ആ സിനിമ കണ്ടതു കൊണ്ടല്ല: ജിത്തു ജോസഫ്

മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടിയ ചിത്രങ്ങളിൽ ഒന്നാണ് ദൃശ്യം. 2013ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ജിത്തു ജോസഫാണ്. ജോർജ്കുട്ടിയുടെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. അപ്രതീക്ഷിതമായി അവർക്ക് ഒരു കുറ്റകൃത്യം ചെയ്യേണ്ടിവരും. പിന്നീട് അതിൽ നിന്ന് രക്ഷപ്പെടാൻ അവർ ചെയ്യുന്ന തന്ത്രങ്ങളാണ് സിനിമയുടെ ഇതിവൃത്തം. തെളിവ് നശിപ്പിച്ച് അവർ എങ്ങനെ പോലീസിനെ കബളിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ഇതിന് ശേഷം ഇത്തരം നിരവധി കുറ്റകൃത്യങ്ങൾ നമ്മുടെ സമൂഹത്തിൽ നടന്നിട്ടുണ്ട്. കൊലപാതകങ്ങൾ പോലും ഈ മാതൃകയിലാണ് നടന്നത്. ഇവയെല്ലാം ദൃശ്യം മോഡല്‍ കുറ്റകൃത്യങ്ങൾ എന്നാണ് മാധ്യമങ്ങൾ വിളിച്ചിരുന്നത്. സംവിധായകൻ ജിത്തു ജോസഫിന് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? അതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം.

“ഒരു കുറ്റകൃത്യം നടന്നാൽ അത് മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും ആയിരിക്കും അത് ചെയ്തവർ ശ്രമിക്കുക. അതൊക്കെ ദൃശ്യം ഇറങ്ങുന്നതിനു മുൻപേ തന്നെ ഉള്ളതാണ്. ഒരുപക്ഷേ സിനിമയിൽ കാണുന്ന രംഗങ്ങൾ ചിലരെ സ്വാധീനിച്ചേക്കാം. അടുത്തിടെ ഒരു കേസിലെ പ്രതികൾ പിടിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഉപയോഗിച്ച മൊബൈൽ ഫോൺ മറ്റൊരു ദിശയിലേക്കുള്ള ട്രെയിനിൽ ഉപേക്ഷിച്ചു എന്നായിരുന്നു. സിനിമയിൽ നിന്നുമാണ് ഈ ആശയം കിട്ടിയത് എന്നും അവർ പറഞ്ഞു. പക്ഷേ അവർ ഇതിൽ വിജയിച്ചില്ല. അവർ പോലീസിന്റെ പിടിയിലായി. ജോർജുകുട്ടി എന്ന കഥാപാത്രം യഥാർത്ഥ ജീവിതത്തിൽ ആയിരുന്നു ഇങ്ങനെ ചെയ്തിരുന്നത് എങ്കിൽ അയാൾ പെട്ടെന്ന് പിടിക്കപ്പെടും. തിയേറ്ററിൽ ആളെ വിസ്മയിപ്പിക്കാൻ മാത്രമാണ് അങ്ങനെ ചെയ്തത്” – ജിത്തു ജോസഫ് പറയുന്നു.

അതിനിടയിൽ അടുത്തിടെ ‘കൂമൻ’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. ആസിഫ് അലിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ദൃശ്യം-3 അണിയറയില്‍ ഒരുങ്ങുകയാണെന്നും ജിത്തു ജോസഫ് തന്നെ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News