ഇടക്കാല അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾക്ക് ഫോമയുടെ അഭിനന്ദനങ്ങൾ

ന്യൂയോർക്ക് : 2022 ഇടക്കാല തെരഞ്ഞെടുപ്പ് യു എസ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാകുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു മലയാളികള്‍ മിന്നുന്ന പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ച്ച വയ്ച്ചത് . ഫോമയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്, ഫോമാ മുൻപോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായ യുവജനങ്ങളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ദൗത്യത്തിന് ആവേശം പകരുന്ന വൻവിജയങ്ങളാണ് മലയാളികളായ കെവിൻ തോമസ്, കെവിൻ ഓലിക്കൽ, കെ.പി. ജോർജ്, റോബിൻ ജെ ഇലക്കാട്, ജൂലി മാത്യൂസ്, സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുടെയെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു,

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും മത്സരിച്ച കെവിൻ തോമസ്, ഇല്ലിനോയ് സംസ്ഥാനത്തിന്റെ ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെവിന്‍ ഓലിക്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോര്‍ജ്, മിസൗറി സിറ്റി മേയര്‍ സ്ഥാനത്തേക്ക് വീണ്ടും മത്സരിച്ച റോബിന്‍ ജെ. എലയ്ക്കാട്ട്, കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജ് സ്ഥാനത്തേക്ക് വീണ്ടും ജനകീയാംഗീകാരം തേടിയ ജൂലി മാത്യു, 240 ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് സ്ഥാനത്തേക്ക് ആദ്യമായി മത്സരിച്ച സുരേന്ദ്രന്‍ കെ. പട്ടേല്‍, എന്നിവരാണ് മലയാളി സമൂഹത്തിന്റെ അഭിമാനതാരങ്ങളായി മാറിയിട്ടുള്ളത്.

ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും വൻ ഭൂരിപക്ഷത്തിൽ ലോങ്ങ് അയലണ്ടിൽ ആറാം ഡിസ്ട്രിക്ടിൽ നിന്നും വിജയിച്ച കെവിൻ തോമസ് എന്ന റാന്നി സ്വദേശി, ന്യൂ യോർക്ക് ലെജിസ്ളേച്ചറിലേക്ക് കടന്നു എത്തുന്ന ആദ്യ മലയാളി എന്ന ഖ്യാതിയും അദ്ദേഹത്തിന് സ്വന്തം, ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പലതവണ കെവിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. യുഎസ് കമ്മീഷന്‍ ഓണ്‍ സിവില്‍ റൈറ്റ്സിന്റെ ന്യൂയോര്‍ക്ക് സ്റ്റേറ്റ് അഡൈ്വസറി കമ്മിറ്റി അംഗമാണ് കെവിന്‍. ഈ സ്ഥാനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്

ഇല്ലിനോയ് സംസ്ഥാനത്തിന്റെ 103മത് ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി യായി മത്സരിച്ച കെവിന്‍ ഓലിക്കല്‍ വിജയിച്ചതും മലയാളികള്‍ക്ക് ഏറെ ആഹ്‌ളാദത്തിന് വക നല്‍കുന്നു. ആദ്യമായാണ് ഒരു മലയാളി ഇല്ലിനോയ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ്

ഹ്യൂസ്റ്റൺ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോർജ് എല്ലാ എതിർപ്പുകളും വിജയത്തിലേക്ക് എത്തിയത് . ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് എന്ന നിലയില്‍ കെ.പി. ജോര്‍ജ് സമൂഹത്തില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരവുമാണ് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് വിജയക്കുതിപ്പ്.

തന്റെ അധികാരപരിധിയിലുള്ള ജനങ്ങള്‍ക്ക് കോവിഡ് കാലത്തും മുന്‍പും പിന്‍പും സുരക്ഷിതത്വവും ആശ്വാസവുമുറപ്പിക്കാനായതും, നികുതിയിളവുകള്‍ നടപ്പാക്കിയതും, അനാവശ്യച്ചിലവുകള്‍ ഒഴിവാക്കിയതുമെല്ലാം ജോര്‍ജിന് ജനങ്ങളുടെ അംഗീകാരം ഒരിക്കല്‍ കൂടെ നേടാനുള്ള വഴിയായത്.പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ് അദ്ദേഹം.

ആറ് വര്‍ഷം മിസൗറി സിറ്റി കൗണ്‍സില്‍ അംഗമായും രണ്ട് വര്‍ഷം മേയറായും പ്രവര്‍ത്തിച്ചിട്ടുള്ള റോബിന്‍ ജെ. എലയ്ക്കാട്ട് മേയര്‍ സ്ഥാനത്തേക്ക് രണ്ടാമൂഴം തേടുന്നത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനത്തിന്റെ ബാക്കിപത്രവുമായാണ്. ജനങ്ങള്‍ക്ക് സുരക്ഷാ ബോധം നല്‍കുന്നതിനും വിദ്യാഭ്യാസ-പൊതുജനാരോഗ്യ രംഗങ്ങളില്‍ ഏറെ നേട്ടങ്ങള്‍ കൊയ്യുന്നതിനും കഴിഞ്ഞ റോബിനൊപ്പം മിസൗറി സിറ്റിയിലെ ജനങ്ങള്‍ ഒരിക്കല്‍ കൂടെ അണിനിരന്നിരിക്കുന്നു. കോട്ടയം സ്വദേശിയാണ്.

എല്ലാ വ്യക്തികളുടെയും നിയമപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തലാണ് നീതിപീഠത്തിന്റെ ധര്‍മ്മമെന്ന് ഉറച്ച് വിശ്വസിക്കുകയും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തിരുവല്ല വെണ്ണിക്കുളം സ്വദേശിയായ ജൂലി മാത്യു കൗണ്ടി കോര്‍ട്ട് ജഡ്ജ് ആയി നാല് വര്‍ഷം നടത്തിയ ശ്ളാഘനീയമായ പ്രവര്‍ത്തനത്തിന്റെ മികവുമായാണ് മത്സരരംഗത്തെത്തിയത്. അവരുടെ നിലപാടുകള്‍ക്ക് വോട്ടര്‍മാര്‍ സര്‍വാത്മനാ പിന്തുണ നല്‍കിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചത് .

സുരേന്ദ്രന്‍ കെ. പട്ടേല്‍ സുപ്രധാനമായ നീതിനിര്‍വഹണ ചുമതലയിലേക്ക് എത്തിയിരിക്കുന്നുവെന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു സവിശേഷത. വ്യക്തികളുടെ അവകാശങ്ങളും സാമൂഹ്യ സുരക്ഷയുമെല്ലാം കൈകോര്‍ത്ത് നീങ്ങണമെന്ന് വിശ്വസിക്കുന്ന സുരേന്ദ്രന്‍ കെ. പട്ടേല്‍ നീതിപീഠം പ്രത്യേകിച്ച് കുട്ടികളുടെയും കുടുംബങ്ങളുടെയും സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കണമെന്ന തന്റെ ഉറച്ച വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടാണ് മത്സരംഗത്ത് വലിയ പ്രതീക്ഷകള്‍ ഉണര്‍ത്തി എത്തിയത്. അദ്ദേഹത്തിന് കിട്ടിയ ജനകീയാംഗീകാരം അതിനാല്‍ തന്നെ വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നതാണ്. കണ്ണൂർ സ്വദേശിയാണ്.

എല്ലാ വിജയികൾക്കും മികച്ച മത്സരം കാഴ്ച വയ്ച്ച മറ്റു മലയാളികൾക്കും ഫോമാ നാഷണൽ കമ്മറ്റിയും വിവിധ കൗൺസിലുകളും അഭിനന്ദനങ്ങൾ അറിയിച്ചു. വരും വർഷങ്ങളിൽ കൂടുതൽ മലയാളികളെ മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്തിക്കുവാനും മികച്ച വിജയങ്ങൾ ഉണ്ടാക്കുവാനും എല്ലാവിധ പരിശ്രമങ്ങളും ഫോമയുടെ ഭാഗത്തു നിന്ന് ഉണ്ടാവുമെന്നും പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു

മലയാളികളുടെ അഭിമാനമായി മാറിയ എല്ലാ വിജയികളെയും അഭിനന്ദിക്കുന്നുവെന്നും വരും കാലങ്ങളിൽ ഒന്നിച്ചു പ്രവർത്തിക്കാവുന്ന മേഖലകളിൽ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്ന് ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ പ്രത്യാശ പ്രകടിപ്പിച്ചു.

Print Friendly, PDF & Email

Leave a Comment

More News