അകലെ അസ്തമയം (കവിത)

അസ്തമയത്തിന്റെ ചെഞ്ചുവപ്പിൽ എന്റെ
ഇത്തിരിപ്പൂ കൂടി, വച്ച് തൊഴട്ടേ ഞാൻ.
നിൽക്കൂ, സമയ സമൂർത്തമേ സ്വപ്‌നങ്ങൾ
വിട്ടയക്കുന്നില്ല, യാലിംഗനങ്ങളാൽ !

ഏതോ നിഗൂഢയിടങ്ങളിൽ ആണവ –
ബാണം കുതിക്കാനൊരുങ്ങുന്നുവോ – എന്റെ
വീടും അതിൽപൂത്ത സ്നേഹമാം സൗഹൃദ –
ച്ചൂടും ഒരുപിടി ചാരമായ് തീരുമോ ?

പാടില്ല, പാടില്ലായീക്കളി തീക്കളി –
വാരി വിതക്കുവാൻ നീയാര് ? – ദൈവമോ ?
മണ്ണിനെക്കൊന്ന് നീയെന്താണ് നേടുക,
മണ്ണല്ലേ ? – നാളെ മടങ്ങേണ്ട താവളം ?

വന്നുദിക്കട്ടേ യൂഷസുകൾ നാളെയിൽ
വർണ്ണങ്ങളായി വിടരട്ടെ നമ്മളും.
ഒന്നൊരിക്കൽ കൂടി വന്നു പിറക്കുവാൻ
ഉണ്ടായിരിക്കണമമ്മയീ ഭൂമിയാൾ ?

Print Friendly, PDF & Email

Leave a Comment

More News