ഡ്യൂട്ടിക്കിടെ പോലീസ് ഓഫീസര്‍ വാഹനാപകടത്തിൽ മരിച്ചു

ഡാളസ്: വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തെ പിന്തുടർന്ന ഗ്രാന്റ്പ്രറേറി പോലീസ് ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിനു കാരണക്കാരനായ ഡ്രൈവറെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10,000 ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ബെൽറ്റ് ലൈൻ, പയനീർ പാർക്ക്‌വെ ഇന്റർ സെക്‌ഷനിൽ വ്യാജ നമ്പർ പ്ലേറ്റ് വച്ച വാഹനം ഓഫിസർ ബ്രന്റൻ സായിയുടെ ശ്രദ്ധയിൽപ്പെട്ടത്. വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. ബ്രന്റൻ കൂടുതൽ ഓഫിസർമാരുടെ സേവനം അഭ്യർഥിച്ചു.

പോലീസുകാർ വാഹനത്തെ പിന്തുടരുന്നതിനിടയിൽ വ്യാജ നമ്പർ പ്ലേറ്റ് വച്ച വാഹനത്തിന്റെ ഡ്രൈവർ പെട്ടെന്ന് വാഹനം ഒരു വശത്തേക്ക് തിരിച്ചു. ഇതിനെ തുടർന്ന് ബ്രന്റൻ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഓഫിസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

32 വയസ്സുള്ള ഓഫിസർ അവയവദാനത്തിനു നേരത്തെ ഒപ്പുവച്ചിരുന്നതിനാൽ, മറ്റു പലർക്കും ജീവിതം നൽകുവാൻ കഴിഞ്ഞുവെന്ന് ഗ്രാന്റ്പ്രറേറി പൊലീസ് അറിയിച്ചു.

Leave a Comment

More News