വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് സ്വയം തീകൊളുത്തി കെട്ടിപ്പിടിച്ചു; പൊള്ളലേറ്റ് ഇരുവരും ആശുപത്രിയില്‍; യുവാവിന്റെ നില ഗുരുതരം

മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് സ്വയം തീകൊളുത്തിയ ഗവേഷക വിദ്യാർത്ഥി സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ കെട്ടിപ്പിടിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഔറംഗാബാദിലെ ഹനുമാൻ തെക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ സുവോളജി ഗവേഷക വിദ്യാർത്ഥിയായ ഗജാനൻ മുണ്ടെ (30) തീ കൊളുത്തിയ ശേഷം സഹപാഠിയായ പൂജ സാൽവെയെ (28) കെട്ടിപ്പിടിക്കുകയായിരുന്നു.

90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമായി തുടരുകയാണെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. അതേസമയം, പൂജ സാൽവേയ്ക്ക് 50 ശതമാനത്തോളമാണ് പൊള്ളലേറ്റിരിക്കുന്നത്. ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു പ്രൊഫസറുടെ കാബിനുള്ളിലായിരുന്നു സംഭവം. പർഭണി സ്വദേശിയാണ് മുണ്ടെ.

ഒരു പ്രൊഫസറെ കാണാനാണ് വിദ്യാർത്ഥിനി ഇൻസ്റ്റിറ്റ്യൂട്ടിലെത്തിയത്. വിദ്യാർത്ഥിനിയെ പിന്തുടര്‍ന്ന മുണ്ടെ കന്നാസില്‍ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നു. എന്തുകൊണ്ടാണ് തന്നെ വിവാഹം കഴിക്കാത്തതെന്ന് ചോദിച്ച് മുണ്ടെ വിദ്യാർത്ഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment