സ്ത്രീകള്‍ക്കെതിരെ നടത്തിയ പരാമർശത്തിൽ യോഗാ ഗുരു രാംദേവ് ബാബ ക്ഷമാപണം നടത്തി

മുംബൈ: സ്ത്രീകള്‍ക്കെതിരെ താന്‍ നടത്തിയ പരാമര്‍ശത്തില്‍ 72 മണിക്കൂറിന് ശേഷം യോഗ ഗുരു സ്വാമി രാംദേവ് മാപ്പ് പറഞ്ഞു. മഹാരാഷ്ട്ര സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രൂപാലി ചക്കങ്കറിന്റെ ഇമെയിലിനോട് പ്രതികരിക്കുകയായിരുന്നു രാംദേവ്. അതിൽ സ്ത്രീകള്‍ക്കെതിരെ രാംദേവ് നടത്തിയ അഭിപ്രായങ്ങൾക്ക് 72 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

രാംദേവ് തനിക്ക് ഒരു പ്രസ്താവന അയക്കുകയും, അതിൽ മാപ്പ് പറയുകയും ക്ഷമാപണം നടത്തുകയും ചെയ്തതായി രൂപാലി ചക്കങ്കര്‍ സ്ഥിരീകരിച്ചു. “ഞങ്ങളുടെ നോട്ടീസിന് അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, കൂടുതൽ എതിർപ്പുകളോ പരാതികളോ ഉണ്ടെങ്കിൽ, ഞങ്ങൾ പൂർണ്ണമായ അന്വേഷണം നടത്തുകയും കഴിഞ്ഞ ആഴ്ച നടന്ന പരിപാടിയുടെ പൂർണ്ണമായ വീഡിയോ റെക്കോർഡിംഗ് നേടുകയും ചെയ്യും” എന്ന് ചക്കങ്കർ മുന്നറിയിപ്പ് നൽകി.

“സ്ത്രീകൾ സാരിയിൽ അതിമനോഹരികളായി കാണപ്പെടുന്നു, സൽവാർ സ്യൂട്ടുകളിൽ അവർ സുന്ദരികളായി കാണപ്പെടുന്നു, എന്റെ അഭിപ്രായത്തിൽ, അവർ ഒന്നും ധരിച്ചില്ലെങ്കിലും സുന്ദരികളായി കാണപ്പെടുന്നു,” താനെയില്‍ യോഗാ പരിശീലന സെഷനിൽ പങ്കെടുത്ത സ്ത്രീകളുടെ മുന്നിൽ വെച്ച് രാംദേവിന്റെ പ്രസ്താവനയാണ് വിവാദമായത്.

ഭാരതീയ ജനതാ പാർട്ടിയുടെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ ഗായിക അമൃത ഫഡ്‌നാവിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകൻ ബാലാസാഹെബാഞ്ചി ശിവസേന താനെ എംപി ശ്രീകാന്ത് ഷിൻഡെ തുടങ്ങിയ പ്രമുഖർ രാംദേവിനോടൊപ്പം ഉണ്ടായിരുന്നു.

മഹാരാഷ്ട്രയിലെയും ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളിലെയും പല കോണുകളിൽ നിന്നും രാംദേവിനെതിരെ വന്‍ പ്രതിഷേധമാണുയര്‍ന്നത്.

സഞ്ജയ് റൗത്ത്, ഡോ. മനീഷ കയാൻഡെ, കിഷോർ തിവാരി, മഹേഷ് തപസെ, അപർണ മാലിക്കർ, തൃപ്തി ദേശായി തുടങ്ങിയ വനിതാ പ്രവർത്തകരും രാംദേവിനെ രൂക്ഷമായി വിമര്‍ശിക്കുകയും മാപ്പ് പറയണമെന്നും സ്ത്രീകളെ അപകീർത്തിപ്പെടുത്തിയതിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Related posts

Leave a Comment