മരുഭൂ ക്യാമ്പിൽ ലോകകപ്പ് കാഴ്ചയൊരുക്കി മെലീഹ ആർക്കിയോളജി സെന്റർ

ലോകത്തോടൊപ്പം ഖത്തർ ലോകകപ്പിന്റെ ആവേശം യുഎഇയിലും പടരുകയാണ്. സുഹൃത്തുക്കളോടൊപ്പവും കുടുംബത്തോടൊപ്പവുമെല്ലാം കൂട്ടം കൂടിയിരുന്ന് കളികൾ കാണാവുന്ന നിരവധി വേദികളാണ് വിവിധ എമിറേറ്റുകളിലായി സജ്ജീകരിക്കപ്പെട്ടിട്ടുള്ളത്. ഇക്കൂട്ടത്തിലെ വേറിട്ടൊരു വിശേഷമാവുകയാണ് മെലീഹ ആർക്കിയോളജി സെന്ററിലൊരുക്കിയ ‘വേൾഡ് കപ്പ് ലോഞ്ച്’.

മെലീഹ മലനിരകളുടെ മനോഹരപഞ്ചാത്തലത്തിൽ മരുഭൂമിയുടെ ശാന്തതയിൽ അലിഞ്ഞുചേരും വിധമാണ് മെലീഹയിൽ ലോകകപ്പ് കാണാനുള്ള ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. ന​ഗരത്തിരക്കുകളിൽ നിന്നും ദൂരെ, പ്രകൃതി കാഴ്ചകളാസ്വദിച്ചറിഞ്ഞ് കൊണ്ടുതന്നെ കളിയുടെ ആവേശത്തിന്റെ ഭാ​ഗമാവാം.

പത്ത് അതിഥികളെ വീതം ഉൾക്കൊള്ളുന്ന രണ്ട് ലോഞ്ചുകളാണ് ലോകകപ്പിനായി പ്രത്യേകം തയാറാക്കിയിട്ടുള്ളത്. മരുഭൂമിയിലേക്ക് ഇറങ്ങിനിൽക്കും വിധമുള്ള ഈ കേന്ദ്രങ്ങളിൽ വലിയ പ്രൊജക്ടർ സ്ക്രീനും സോഫകളും കൂടെ ഭക്ഷണപാനീയങ്ങളുമുണ്ടാവും.

“തനത് എമിറാത്തി ആതിഥേയത്വം ആസ്വദിച്ച്, പ്രിയപ്പെട്ട ടീമിന്റെ കളിയാവേശം പങ്കിടാനുള്ള അവസരമാണ് മെലീഹയിലൊരുക്കിയിരിക്കുന്നത്. സാഹസികതയും പൈതൃകവുമെല്ലാം ഒരുമിക്കുന്ന വിനോദങ്ങളും സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ഈ തണുപ്പ് കാലത്ത് ചെലവഴിക്കാവുന്ന ഏറ്റവും സുന്ദരമായ നിമിഷങ്ങളാവുമിത്”- ഷാർജ നിക്ഷേപവികസന അതോറിറ്റിയിലെ (ഷുറൂഖ്) വിനോദസഞ്ചാര വികസനവകുപ്പ് ഡയറക്ടർ മഹ്മൂദ് റാഷിദ് ദീമാസ് പറയുന്നു.

വൈകുന്നേരമാരംഭിക്കുന്ന രണ്ട് കളികളാണ് മെലീഹയിലെ ലോഞ്ചിൽ പ്രദർശിപ്പിക്കുക. സന്ദർശകർക്ക് സൗകര്യാനുസരണം ഒരു കളിയോ രണ്ടുകളികളോ തെരഞ്ഞെടുക്കാം. 150 ദിർഹമാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. രണ്ടാമത്തെ കളിക്ക് 100 ദിർഹം. ചുരുങ്ങിയത് ആറ് പേരെങ്കിലുമുണ്ടെങ്കിൽ ഒരു ലോഞ്ച് ബുക്ക് ചെയ്യാനാവും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 068021111, 0501032780 എന്നീ നമ്പറുകളിലോ info@discovermleiha.ae എന്ന ഇമെയിലിലിലോ ബന്ധപ്പെടാം.

ഷാർജ, ദുബായ് ന​ഗരങ്ങളിൽ നിന്ന് അമ്പത് മിനുറ്റ് ദൂരത്തിൽ നിലകൊള്ളുന്ന മെലീഹ ആർക്കിയോളജി സെന്റർ മനോഹരമായ മരുഭൂ അനുഭവങ്ങൾക്കും സാഹസികത നിറഞ്ഞ വിനോദങ്ങൾക്കും ചരിത്രകാഴ്ചകൾക്കും പ്രശസ്തമാണ്.

നവമ്പർ 20ന് ആരംഭിച്ച ഖത്തർ ലോകകപ്പിന്റെ കളിയാവേശം പ്രദർശിപ്പിക്കുന്ന ഷാർജയിലെ മറ്റൊരിടം ന​ഗരമധ്യത്തിലുള്ള ഫ്ലാ​ഗ് ഐലൻഡാണ്. ഇവിടുത്ത ജോൺസ് ദി ​ഗ്രോസർ കഫേയിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.

Print Friendly, PDF & Email

Leave a Comment

More News