ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും

എറണാകുളം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയിൽ വിശദീകരണം നൽകി. ശബരിമലയിൽ തിരക്ക് വർധിച്ച പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ പുതിയ ക്രമീകരണങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയെ അറിയിച്ചു. പാഹിതംപടിയിൽ 100 ഐആർബി ഉദ്യോഗസ്ഥരെയും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പൊലീസുകാരെയും അധികമായി നിയമിച്ചിട്ടുണ്ട്.

ചന്ദ്രാനന്ദൻ റോഡ് വഴി തീർഥാടകരെ കടത്തി വിടില്ല. ഇവിടെ നിയന്ത്രണത്തിനായി അധിക പൊലീസിനെയും നിയോഗിക്കും. സന്നിധാനത്തേക്കുള്ള പ്രവേശനവും മടക്കവും വൺവേ ആക്കിയെന്നും സർക്കാർ വ്യക്തമാക്കി. സർക്കാർ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലെടുത്ത തീരുമാനങ്ങൾ നാളെ അറിയിക്കണമെന്ന് ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

എല്ലാ തീർത്ഥാടകർക്കും ദർശനത്തിന് സൗകര്യമുണ്ടാകുമെന്ന് അനൗൺസ് ചെയ്യണമെന്നും കോടതി പറഞ്ഞു. തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികൾ കാര്യക്ഷമമാക്കാനും കോടതി നിർദ്ദേശിച്ചു. നിലയ്ക്കലിലെ പാർക്കിങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തതിൽ കരാറുകാരന്റെ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു.

തൊഴിലാളികളെ നിയമിച്ചില്ലെങ്കിൽ കരാറുകാരനെ പുറത്താക്കണമെന്നും കോടതി പറഞ്ഞു. ആംബുലൻസ് കടത്തിവിടാൻ റോഡിന് കുറുകെ കെട്ടിയ കയർ ഭക്തർ അഴിച്ചുമാറ്റിയതാണ് മരത്തടിക്ക് സമീപം അപകടമുണ്ടാക്കിയതെന്ന് സ്‌പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകി. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി നാളെ വീണ്ടും വാദം കേൾക്കും.

Print Friendly, PDF & Email

Leave a Comment

More News