മയക്കുമരുന്ന്, കള്ളപ്പണം വെളുപ്പിക്കൽ കേസ്: നടി രാകുൽ പ്രീത് സിംഗിന് ഇഡി സമൻസ് അയച്ചു

ഹൈദരാബാദ്: 2017 ലെ ടോളിവുഡ് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബോളിവുഡ് താരം രാകുൽ പ്രീത് സിംഗിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡിസംബർ 19 തിങ്കളാഴ്ച ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് കാണിച്ച് സമൻസ് അയച്ചു. മയക്കുമരുന്ന് കടത്ത് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് രാകുൽ പ്രീത് സിംഗിന് സമൻസ് അയച്ചിരിക്കുന്നത്.

2017 ജൂണിൽ, ഹൈദരാബാദിലെ അധികാരികൾ മയക്കുമരുന്ന് റാക്കറ്റിനെ തകർത്തിരുന്നു. അതിൽ നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള 1,000 ഓളം വിദ്യാർത്ഥികൾ അത്യാധുനിക മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു.

രാകുലിനെ കൂടാതെ ബിആര്‍എസ് എംഎല്‍എ രോഹിത് റെഡ്ഡിയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. രാകുലിനെ നേരത്തെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നു. നാലു വര്‍ഷമായി അന്വേഷണം തുടരുന്ന കേസുമായി ബന്ധപ്പെട്ട് നിരവധി തെലുങ്ക് താരങ്ങളെയാണ് ചോദ്യം ചെയ്തത്.

2017 ജൂലൈയില്‍ 30 ലക്ഷം വിലമതിക്കുന്ന മയക്കുമരുന്നുമായി സംഗീതജ്ഞന്‍ കാല്‍വിന്‍ മസ്‌കാരെന്‍ഹാസും മറ്റു രണ്ടുപേരും അറസ്റ്റിലായതാണ് കേസിന് ആധാരം. തുടര്‍ന്ന് തെലുങ്ക് താരങ്ങളായ റാണ ദഗ്ഗുബട്ടി, രവി തേജ, ചാര്‍മി കൗര്‍, നവ്ദീപ്, തനിഷ്, നന്ദു, തരുണ്‍ തുടങ്ങിയവരെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

Leave a Comment

More News