യേശുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുക: മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത

ആൽബനി: നമ്മിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് സാക്ഷ്യപ്പെടുത്താൻ നാം തയ്യാറാണോയെന്ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത. ക്രിസ്തുമസ് ദിനത്തിൽ ആൽബനി സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന വി. കുർബാനക്കിടെയായിരുന്നു മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായ മാർ നിക്കോളോവോസിന്റെ ചോദ്യം. ഇതാദ്യമായാണ് ഒരു മെത്രാപ്പോലീത്ത ഈ ദേവാലയത്തിൽ ക്രിസ്തുമസ് ശുശ്രുഷക്കായി എത്തുന്നത്.

മേരി ഒരു കുഞ്ഞിന് ജന്മം നൽകുമെന്ന് ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ പരിശുദ്ധ മാതാവിന് അത് വിശ്വസിക്കുക പ്രയാസമായിരുന്നു. എന്നിട്ടും പരിശുദ്ധ അമ്മ ആ വാർത്ത വിശ്വസിക്കുകയും ദൈവഹിതത്തിന് സ്വയം സമർപ്പിക്കുകയും ചെയ്‌തു. കന്യകയിലൂടെയുള്ള യേശുവിന്റെ ജനനവാർത്ത മാലാഖമാർ ഇടയന്മാർക്ക് കൈമാറി. നമ്മെപ്പോലുള്ള സാധാരണക്കാർക്ക് വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു അത്. എന്നിട്ടും ഇടയന്മാർ അത് വിശ്വസിച്ചു.

ഇന്ന് ഈ കുഞ്ഞിന്റെ പ്രസക്തി എന്തെന്നത് നാം അനുസ്‌മരിക്കണം. സൃഷ്ടിയെ വീണ്ടെടുക്കാനാണ് യേശു വന്നത്. നമ്മുടെ ജീവിതത്തിൽ യേശു പിറക്കാൻ നാം അനുവദിക്കുന്നുണ്ടോയെന്നു ചിന്തിക്കണം, അഭി. മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

മേരിയും ജോസഫും ദൈവഹിതം മനസിലാക്കുകയും അതിനു കീഴ്‌പ്പെടുകയും ചെയ്തു. അതുവഴി അവർ യേശുവിനെ വരവേറ്റു. അതുപോലെ, യേശു നമ്മുടെയുള്ളിൽ പിറക്കാൻ നമ്മളും അനുവദിക്കണം. നമ്മുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിന് സാക്ഷ്യപ്പെടുത്തണം, അഭിവന്ദ്യ മെത്രാപ്പോലീത്ത ഇടവകാംഗങ്ങളെ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുമസ് തലേന്ന് എത്തിയ അഭിവന്ദ്യ തിരുമേനിയെ വികാരി ഫാ. അലക്‌സ് കെ ജോയ്, സെക്രട്ടറി എലിസബത്ത് പോൾ , ട്രഷറർ ഡേവി ചീരൻ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഭക്തിനിർഭരമായ ചടങ്ങുകൾ നടന്നു. ഭദ്രാസനാധിപന്റെ സാന്നിധ്യം ചടങ്ങുകൾ ഭക്തിസാന്ദ്രമാക്കി.

ട്രസ്റ്റി, സെക്രട്ടറി, കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടേ നേത്രുത്വത്തില്‍ ക്രിസ്തുമസ് കരോള്‍ സംഘം ഭവനങ്ങള്‍ സന്ദര്‍ശിച്ച് ക്രിസ്തുമസ് ദൂത് അറിയിച്ചു.

എല്ലാ സണ്ടേ സ്‌കൂള്‍ കുട്ടികള്‍ക്കും അഭിവന്ദ്യ തിരുമേനി സമ്മാനങ്ങള്‍ നല്‍കി. സമീപ ഇടവകയില്‍ നിന്നും ഒട്ടെറെ പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സ്‌നേഹവിരുന്നോടെ ആഘോഷം സമാപിച്ചു.

Print Friendly, PDF & Email

Leave a Comment

More News