ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ഗുജറാത്തിലെ ജൂനിയർ ക്ലർക്ക് പരീക്ഷ റദ്ദാക്കി; ഒരാള്‍ കസ്റ്റഡിയിൽ

അഹമ്മദാബാദ്: ജൂനിയർ ക്ലർക്ക് റിക്രൂട്ട്‌മെന്റിനായുള്ള ഗുജറാത്ത് സർക്കാരിന്റെ മത്സര പരീക്ഷ ഞായറാഴ്ച നിശ്ചയിച്ചതിന് മണിക്കൂറുകൾക്ക് മുമ്പ് ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയതായും ഇതുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായും സംസ്ഥാന പഞ്ചായത്ത് പരീക്ഷാ ബോർഡ് അറിയിച്ചു. സംസ്ഥാനത്തൊട്ടാകെയുള്ള 2,995 കേന്ദ്രങ്ങളിലായി 1,181 തസ്‌തികകളിലേക്ക് നടത്താനിരുന്ന പരീക്ഷയിൽ 9.5 ലക്ഷം ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

“ഒരു സൂചനയുടെ അടിസ്ഥാനത്തിൽ, പോലീസ് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ഞായറാഴ്ച രാവിലെ പരീക്ഷയുടെ ചോദ്യപേപ്പറിന്റെ പകർപ്പ് കണ്ടെടുത്തു, തുടർന്ന് ഗുജറാത്ത് പഞ്ചായത്ത് സർവീസ് സെലക്ഷൻ ബോർഡ് ഉദ്യോഗാർത്ഥികളുടെ താൽപ്പര്യം കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചു,” ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജൂനിയർ ക്ലർക്ക് (അഡ്‌മിനിസ്‌ട്രേറ്റീവ്/അക്കൗണ്ടിംഗ്) പരീക്ഷ ജനുവരി 29 ന് രാവിലെ 11 നും 12 നും ഇടയിൽ വിവിധ ജില്ലകളിലായി നടത്തേണ്ടതായിരുന്നു. ഞായറാഴ്ച പുലർച്ചെ പോലീസിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, അവർ സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തു, ചോദ്യം ചെയ്യലിൽ അയാളുടെ കൈയ്യില്‍ നിന്ന് ചോദ്യ പേപ്പറിന്റെ ഒരു കോപ്പി പിടിച്ചെടുത്തു,” ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.

ഉദ്യോഗാർത്ഥികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച ബോർഡ് പരീക്ഷാ കേന്ദ്രങ്ങളിൽ പോകരുതെന്ന് അറിയിച്ചു. പരീക്ഷ എത്രയും വേഗം വീണ്ടും നടത്തും, ഇതിനായി ബോർഡ് ഒരു പുതിയ പരസ്യം നൽകുമെന്നും അവര്‍ പറഞ്ഞു.

ചോദ്യ പേപ്പർ ചോർച്ചയെത്തുടർന്ന് കഴിഞ്ഞ 12 വർഷത്തിനിടെ റദ്ദാക്കിയ 15-ാമത് സർക്കാർ മത്സര പരീക്ഷയാണിതെന്ന് ഗുജറാത്ത് കോൺഗ്രസ് വക്താവ് മനീഷ് ദോഷി അവകാശപ്പെട്ടു. കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും മുഖ്യപ്രതികളെ പിടികൂടാൻ പോലും സാധിച്ചിട്ടില്ല. സംസ്ഥാനത്തെ യുവാക്കളുടെ ഭാവിയുമായി സർക്കാർ കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

2016ൽ ആദ്യ പരസ്യം നൽകിയ പരീക്ഷ മൂന്നാം തവണയും റദ്ദാക്കിയതായി ദോഷി അവകാശപ്പെട്ടു. ഗുജറാത്ത് ആം ആദ്മി പാർട്ടി (എഎപി) അധ്യക്ഷൻ ഇസുദൻ ഗാധ്വി, പേപ്പർ ചോർച്ച വിഷയത്തിൽ സംസ്ഥാനത്തെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) സർക്കാരിനെ ലക്ഷ്യമിട്ട് ട്വിറ്ററിൽ കുറിച്ചു.

ഗുജറാത്തിൽ നിരവധി മത്സര പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ ചോർന്ന സംഭവങ്ങൾ സംസ്ഥാനത്ത് യുവാക്കളുടെ വ്യാപകമായ പ്രക്ഷോഭത്തിന് കാരണമായി.

കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സർക്കാരിന് കോൺഗ്രസിൽ നിന്നും എഎപിയിൽ നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിരുന്നു.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, എഎപിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പരീക്ഷാപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്യുകയും കുറ്റവാളികള്‍ക്ക് പത്ത് വർഷം തടവ് ശിക്ഷ നൽകുകയും ചെയ്യുമെന്ന് പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News