നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

എറണാകുളം: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കഴിഞ്ഞ രണ്ടാഴ്ചയായി സുബി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തം സുബിയുടെ ആരോഗ്യനില വഷളാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയിൽ അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചു കുട്ടികൾക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്‌ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേയ്‌ക്ക് എത്തുന്നത്.

നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ വേഷങ്ങൾ കൈാകാര്യം ചെയ്തിട്ടുണ്ട്. രാജസേനന്റെ ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയാണ് സുബി വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് ‘പഞ്ചവർണ്ണ തത്ത’, ‘എൽസമ്മ’, ‘ഡ്രാമ’ തസ്‌കര ലഹള, ഡ്രാമ, ഗൃഹനാഥൻ, ഹാപ്പി ഹസ്ബന്റ്സ് തുടങ്ങി ഇരുപതോളം സിനിമകളിൽ സുബി അഭിനയിച്ചിട്ടുണ്ട്.

സുബിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖർ അനുശോചിച്ചു. സുരേഷ് ഗോപി, ജയറാം, രമേശ് പിഷാരടി, ഹരിശ്രീ അശോകൻ, ടിനി ടോം, ധർമജൻ തുടങ്ങിയവർ സുബിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.

കഷ്‌ടം എന്ന് പറയാവുന്ന ഒരു നഷ്‌ടം എന്നാണ് സുബിയുടെ വിയോഗത്തെ സുരേഷ് ഗോപി വിശേഷിപ്പിച്ചത്. സിനിമയിൽ കൽപ്പന എന്തായിരുന്നോ, അത് ചെറിയ വിനോദ പെട്ടിയിലെ കൽപ്പനയുടെ സ്വഭാവമുള്ള നല്ല പ്രകടനക്കാരിയായിരുന്നു സുബിയെന്നും സുരേഷ് ഗോപി പറഞ്ഞു. സിനിമയ്ക്കും, ടിവിയ്ക്കും, സ്‌റ്റേജിനും എല്ലാത്തിനും വലിയൊരു നഷ്ടമാണ് സുബിയുടെ വിയോഗമെന്ന് നടൻ ജയറാം പ്രതികരിച്ചു.

കൽപ്പനയ്‌ക്കൊപ്പം നിൽക്കാവുന്ന ഒരു വലിയ കലാകാരിയായിരുന്നു സുബി എന്നാണ് ഹരിശ്രീ അശോകൻ പ്രതികരിച്ചത്. വലിയ പവർഫുൾ കലാകാരിയായിരുന്നു സുബിയെന്നാണ് ധർമ്മജൻ ബോൾഗാട്ടി പ്രതികരിച്ചത്. കഴിഞ്ഞ 19 വർഷങ്ങളായി താനും രമേശ് പിഷാരിടിയും, സുബിയും ഒന്നിച്ച് പ്രവർത്തിച്ചിരുന്നെന്നും ധർമജൻ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News