AI ക്യാമറ വിവാദം: സത്യം പുറത്തുവരട്ടെ

കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ എഐ ക്യാമറ വിവാദത്തിന്‌ ഹൈക്കോടതിയുടെ ഇടപെടലോടെ പുതിയ മാനം കൈവന്നിരിക്കുകയാണ്. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തവര്‍ക്ക്‌ കോടതിയുടെ അനുമതിയോടെ മാത്രമേ പണം നല്‍കാനാകു എന്നാണ്‌ നിര്‍ദേശം. ഓരോ മൂന്നു മാസവും 11.79 കോടി എന്ന നിരക്കില്‍ അഞ്ചു വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍, ഖജനാവില്‍ നിന്ന്‌ 232.79 കോടി രൂപ ചെലവായത്‌ പെരുപ്പിച്ച എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിലാണെന്നും കരാറിലെ അഴിമതിയും സ്വജനപക്ഷപാതവും മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശനും രമേശ്‌ ചെന്നിത്തലയും നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാര്‍ക്ക്‌ പണം നല്‍കാവൂ എന്ന ഇടക്കാല നിര്‍ദ്ദേശം കോടതിയില്‍ ഉണ്ടായിരുന്നു. ഹര്‍ജി വിശദമായി കേള്‍ക്കാനും ചീഫ്‌ ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച്‌ തീരുമാനിച്ചിട്ടുണ്ട്‌. ക്യാമറ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആദ്യ വിജയമായി ഇതിനെ കാണാം.

400 കോടിയില്‍ താഴെയുള്ള പദ്ധതിക്ക്‌ ഖജനാവില്‍ നിന്ന്‌ 232 കോടി ചെലവഴിക്കുന്നതിലെ അനീതിയും ധൂര്‍ത്തും ഇതിനകം ചര്‍ച്ചാവിഷയമായിട്ടുണ്ട്‌. കരാര്‍ നല്‍കിയ കെല്‍ട്രോണ്‍ പിന്നീട് സ്വകാര്യ കമ്പനിക്ക്‌ കൈമാറിയതിനു പിന്നില്‍ ക്രമക്കേടുണ്ടെന്നാണ്‌ ആരോപണം. ബൂട്ട്‌ മാതൃകയില്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ച പദ്ധതി പണം നല്‍കുന്ന രീതിയില്‍ നടപ്പാക്കാനുള്ള തീരുമാനത്തെയും ഹര്‍ജിയില്‍ ചോദ്യം ചെയുന്നുണ്ട്‌. ഈ തീരുമാനമാറ്റത്തിലൂടെ സംസ്ഥാന ഖജനാവിലാണ്‌ ഭാരം. കരാര്‍ ഏറ്റെടുത്തിരിക്കുന്ന കെല്‍ട്രോണിന്‌ പദ്ധതി നടത്തിപ്പിന്‌ ആവശ്യമായ സാങ്കേതിക യോഗ്യതയില്ലെന്നും വാദമുണ്ട്‌.

ക്യാമറാ വിഷയത്തില്‍ പ്രസക്തമായ പല വിവരങ്ങളും സര്‍ക്കാര്‍ മറച്ചുവച്ചുവെന്ന ആരോപണം ശക്തമായിരുന്നു. പൊതു ജനങ്ങള്‍ക്ക്‌ അറിയാവുന്ന തരത്തില്‍ കാര്യങ്ങള്‍ നടന്നിട്ടില്ല. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനും അച്ചടക്കമുള്ള ഗതാഗത സംസ്കാരം സൃഷ്ടിക്കുന്നതിനുമായി കൊണ്ടുവന്ന പരിഷ്കാരം അഴിമതിയാരോപണങ്ങള്‍ക്ക്‌ വിധേയമായത്‌ അധികാരികളുടെ ഒളിച്ചുകളി മൂലമാണ്‌. പദ്ധതി നിര്‍വഹണത്തില്‍ വരുത്തിയ മാറ്റം മൂലം സര്‍ക്കാരിന്‌ അധികച്ചെലവുണ്ടായെന്ന ആരോപണത്തിന്‌ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന്‌ വിശ്വസനീയമായ പ്രതികരണം ഉണ്ടായിട്ടില്ല.

പദ്ധതിയെക്കുറിച്ചല്ല, അത്‌ നടപ്പാക്കാന്‍ സ്വീകരിച്ച വഴിവിട്ട വഴികളെക്കുറിച്ചാണ്‌ പരാതിയുള്ളതെന്ന ഹര്‍ജിക്കാരുടെ നിലപാടും കോടതിക്ക്‌ ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‌ കരുതേണ്ടിയിരിക്കുന്നു. ടെന്‍ഡര്‍ നടപടികളുടെ അവസാന ഘട്ടത്തിലാണ്‌ ബൂട്ട്‌ വ്യവസ്ഥയില്‍ മാറ്റം വരുത്തിയത്‌. ഇത്‌ സംബന്ധിച്ച്‌ മന്ത്രിസഭാ യോഗത്തില്‍ വിശദമായ ചര്‍ച്ച നടന്നിട്ടില്ലെന്ന്‌ ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ തീരുമാനിച്ച രീതിയാണ്‌ പിന്തുടരുന്നതെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് പണം നല്‍കേണ്ടി വരില്ലായിരുന്നു. നിയമലംഘകരില്‍ നിന്ന്‌ ഈടാക്കുന്ന പിഴ കരാറുകാരുടെ പദ്ധതിച്ചെലവ്‌ നിറവേറുമെന്ന്‌ പ്രതീക്ഷിച്ചിരുന്നു.

ക്യാമറാ വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍ തിരിച്ചടിയല്ലെന്ന ആശ്വാസത്തിലാണെങ്കിലും പൊതുസമൂഹത്തില്‍ ഉയരുന്ന സംശയങ്ങള്‍ക്ക്‌ അറുതിവരുത്താന്‍ ഹരജി തീര്‍പ്പാക്കുന്നതുവരെ കാത്തിരിക്കണം ഗതാഗതമന്ത്രി. ക്യാമറയുടെ പ്രവര്‍ത്തനം കോടതി തടഞ്ഞില്ല. അതിനാല്‍ റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്ന ക്യാമറകള്‍ പതിവുപോലെ ജോലി തുടരും. ജൂണ്‍ അഞ്ചിന്‌ പ്രവര്‍ത്തനമാരംഭിച്ചതിന്‌ ശേഷം ഇതുവരെ ലക്ഷക്കണക്കിന്‌ നിയമലംഘനങ്ങളാണ്‌ ക്യാമറയില്‍ കുടുങ്ങിയത്‌. എന്നാല്‍, ഇതില്‍ വളരെക്കുറച്ച്‌ പേര്‍ക്കേ പിഴ ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഉണ്ടായിട്ടുള്ളൂ. ആഘോഷപൂര്‍വം അവതരിപ്പിച്ച പദ്ധതി നടപ്പാക്കുന്നത്‌ ഉദ്ദേശശുദ്ധിയോടെയല്ലെന്ന് വ്യക്തമാണ്.

Leave a Comment

More News