‘സഹജീവികളോട് ആര്‍ദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മന്‍ ചാണ്ടി സാറിന്‍റെ പങ്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ല’: മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്ത

തിരുവല്ല: സഹജീവികളോട് ആര്‍ദ്രതയും കരുണയും കാണിക്കുന്നതിലും ഉമ്മന്‍ ചാണ്ടി സാറിന്‍റെ പങ്ക് വിസ്മരിക്കുവാന്‍ കഴിയുന്നതല്ലയെന്ന് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷ്യൻ മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപ്പൊലീത്തകേരള സമൂഹത്തിനു ആദര്‍ശ മാതൃക ആക്കുവാന്‍ കഴിയുന്ന വളരെ പ്രധാനപ്പെട്ട വ്യക്തിത്വമാണ് കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി സാര്‍. അദ്ദേഹത്തിന്‍റെ വിട വാങ്ങല്‍ നമ്മുടെ രാജ്യത്തിനു തന്നെ ഒരു തീരാനഷ്ടമാണ്.

ദീര്‍ഘ വീക്ഷണത്തോടെയുള്ള ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നതിലും, നിലപാടുകള്‍ സ്വീകരിക്കുന്നതിലും തന്‍റേതായ തനതുശൈലിയും വ്യക്തിമുദ്രയും പതിപ്പിച്ച ഉമ്മന്‍ ചാണ്ടി സാര്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയെ സംബന്ധിച്ചിടത്തോളം ഒരു നല്ല അഭ്യുദയകാംക്ഷിയും സഭയുടെ ഉറ്റ സുഹൃത്തും ആയിരുന്നു.

ജാതി-മത-വര്‍ഗ്ഗ വ്യത്യാസങ്ങളില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതിലും തന്‍റെ ഭരണകാലങ്ങള്‍ കേരള ജനതയ്ക്കും പ്രത്യേകിച്ച് സാധാരണക്കാരായ എല്ലാ പൗരന്മാര്‍ക്കും സുവര്‍ണ്ണ കാലഘട്ടമായിരുന്നു. ഞങ്ങളുടെ സഭാ സംബന്ധമായി പ്രത്യേക ക്ഷണിതാവായി അദ്ദേഹം വന്നിട്ടുള്ള എല്ലാ അവസരങ്ങളിലും സഭയോടുള്ള അദ്ദേഹത്തിന്‍റെ താഴ്മയും വിനയത്തോടെയുള്ള ഇടപെടലുകളും ഞങ്ങള്‍ക്ക് വലിയ പ്രചോദനവും സന്തോഷവും നല്‍കുന്നതായിരുന്നു.ആ സ്നേഹസഹകരണങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ഉമ്മന്‍ ചാണ്ടി സാറിന്‍റെ ദേഹവിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം സഭ പങ്കുചേരുകയും ബിലീവേഴ്സ് ഈസ്റ്റേണ്‍ സഭയുടെ പ്രാര്‍ത്ഥനകളും അനുശോചനവും രേഖപ്പെടുത്തുകയും ചെയ്യുന്നതായി മെത്രാപ്പോലീത്ത കൂട്ടി ചേർത്തു.

Leave a Comment

More News