ആല്‍ബനി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ‘പൊന്നോണം 2023’ സെപ്തംബര്‍ 15 വെള്ളിയാഴ്ച

ആല്‍ബനി (ന്യൂയോര്‍ക്ക്): മാനുഷരെല്ലാരുമൊന്നുപോലെ വാണിരുന്ന ആ നല്ല നാളെയുടെ സ്മരണ പുതുക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്ന ഈ വേളയില്‍, ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളും ഓണാഘോഷ ലഹരിയിലാണ്. അവര്‍ക്കായി ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം 2023’ എന്ന പേരില്‍ പൂര്‍‌വ്വാധികം ഭംഗിയായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായിരിക്കുന്നു.

സെപ്തംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ 11 മണിവരെ ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് ആഘോഷം. വിഭവ സമൃദ്ധമായ ഓണ സദ്യയും, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും കൊണ്ട് ഇത്തവണത്തെ ഓണം കൂടുതല്‍ വര്‍ണ്ണാഭമാകുമെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മുന്‍‌കാലങ്ങളില്‍ നിന്ന് വിപരീതമായി ഇത്തവണ കേരളത്തില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികളാണ് ഈ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം. ‘സമ്മര്‍ നൈറ്റ് 2023’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയില്‍ നടന്‍ രാഹുല്‍ മാധവ്, നടിമാരായ പ്രിയങ്ക, മാളവിക, അഞ്ജലി കൃഷ്ണ, മിമിക്രി കലാകാരന്മാരായ അഖില്‍ കവലയൂര്‍, പ്രസാദ് മുഹമ്മ, പ്രശസ്ത നാടന്‍ പാട്ടുകാരി പ്രസീത ചാലക്കുടി, ഗായകരായ ദേവാനന്ദ്, സുമേഷ് രഘു, സലീഷ് ശ്യാം, ഗായിക അനാമിക എന്നിവരെ കൂടാതെ ബിജു സേവിയര്‍, സബിന്‍ സുകേഷ്, മുത്തു ശരവണന്‍, ഭാരതി, ജംഷീന എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങളും ഓണാഘോഷ പരിപാടികള്‍ക്ക് മാറ്റു കൂട്ടും.

ഈ ആഘോഷ പരിപാടികളില്‍ എല്ലാ മലയാളികളും കുടുംബസമേതം പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ പത്താം തിയ്യതിക്കു മുന്‍പായി സീറ്റ് റിസര്‍‌വ്വ് ചെയ്തിരിക്കണമെന്നും അവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സുനില്‍ സാക്ക് – 518 894 1564, ചാള്‍സ് മാര്‍ക്കോസ് – 765 301 1616, സുനൂജ് ശശിധരന്‍ – 585 794 8424.

https://cdmany.org/
https://cdmany.org/ponnonam-2023/

Leave a Comment

More News