പ്രാണപ്രതിഷ്ഠയ്ക്ക് അയോദ്ധ്യ സുസജ്ജം; സുരക്ഷ ശക്തമാക്കി അധികൃതര്‍

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോദ്ധ്യയിലെ രാമക്ഷേത്രം. വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി അന്തിമ ആചാരപരമായ ചടങ്ങുകൾ പുരോഗമിക്കുകയാണ്. പുഷ്പാലംകൃതമായ ക്ഷേത്രവും പരിസരവും ഭക്തിസാന്ദ്രമാണ്. ക്ഷണിക്കപ്പെട്ട അതിഥികൾ ക്ഷേത്രത്തിൽ എത്തിത്തുടങ്ങി.

പ്രാണപ്രതിഷ്ഠ എന്നത് ആത്മാവിനെ ഒരു വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിക്കുന്ന ഒരു താന്ത്രിക ചടങ്ങാണെന്ന് വിശ്വസിക്കപ്പെടുന്നു. മൂലമന്ത്രം ജപിച്ചാണ് ഇത് നടത്തുന്നത്. 84 സെക്കൻഡ് മാത്രമാണ് പ്രാണപ്രതിഷ്ഠയ്ക്ക് ശുഭമുഹൂർത്തം. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്.

രാവിലെ 10.20 ന് അയോധ്യയിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി 10.50ന് ക്ഷേത്രത്തിലെത്തും. രാമേശ്വരത്തെ 22 ക്ഷേത്രങ്ങളില്‍ നിന്ന് ശേഖരിച്ച പുണ്യ തീര്‍ഥങ്ങളുമായാണ് മോദി എത്തുന്നത്. മോദി സരയൂനദിയില്‍ സ്‌നാനം ചെയ്തശേഷം രാം ഗഡിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. പിന്നീട് പ്രധാന കവാടമായ സിംഹദ്വാര്‍ കടന്ന് അമ്പലത്തിലേക്കെത്തും.

ഗര്‍ഭഗൃഹത്തിലാണ് ആചാരപരമായ ചടങ്ങുകള്‍. രാം ലല്ല വിഗ്രഹം നേരത്തേ സ്ഥാപിച്ചിരുന്നു. വിവിധ ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത 114 കുടം വെള്ളം ഉപയോഗിച്ച് വിഗ്രഹത്തില്‍ കലശം നടത്തും. വിശ്വാസമനുസരിച്ച് രാമന്‍ ജനിച്ചത് ഉച്ചയ്ക്ക് പന്ത്രണ്ട് മണി കഴിഞ്ഞാണ്. അതിനാല്‍ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത് 11.30 മുതല്‍ 12.30 വരെയുള്ള സമയത്താണ്.

പ്രാണപ്രതിഷ്‌ഠയ്ക്കുള്ള മുഹൂര്‍ത്തം 12.29.08നും 12.30.32നും ഇടയിലാണ്. ഇത് നടക്കുമ്പോള്‍ ഗര്‍ഭഗൃഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മികാന്ത് ദീക്ഷിത് ചടങ്ങിന് നേതൃത്വം നല്‍കും.

പ്രാണപ്രതിഷ്‌ഠയ്ക്ക് ശേഷം ദേവന് 56 വിഭവങ്ങളുടെ നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ പ്രധാന കവാടം പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തര്‍ക്കായി തുറന്നുകൊടുക്കും. ശേഷം പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും. ഏഴായിരം പേരാകും ഇവിടെയുള്ള ഇരിപ്പിടങ്ങളിലായി ഉണ്ടാവുക.

എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ് തുടങ്ങി വിവിധ സേനകളിൽ നിന്നുള്ള 13,000 ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. മഫ്തിയിലുള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ക്രമീകരണങ്ങൾ ശക്തമാക്കും. പതിനായിരത്തോളം ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ചടങ്ങിനെത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ 51 ഇടങ്ങളിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇത് 22,000 വാഹനങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി 50-ലധികം വാദ്യോപകരണങ്ങൾ അണിയിച്ചൊരുക്കുന്ന ‘മംഗളധ്വനി’യും നടക്കും. 18 സംസ്ഥാനങ്ങളിൽ നിന്നുള്ള കലാകാരന്മാർ രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന സംഗീതാര്‍ച്ചന നടത്തും.

 

Leave a Comment

More News