ഫലസ്തീൻ നഗരമായ ജെറിക്കോ തെരുവിന് യുഎസ് എയർമാൻ ആരോൺ ബുഷ്നെലിൻ്റെ പേര് നൽകി

ഫലസ്തീൻ നഗരമായ ജെറിക്കോയിലെ ഒരു തെരുവിന് ഗാസയിലെ ഇസ്രായേൽ യുദ്ധത്തിനെതിരായ പ്രതിഷേധത്തിൽ സ്വയം തീകൊളുത്തി മരിച്ച അമേരിക്കൻ വ്യോമസേനാ ഉദ്യോഗസ്ഥൻ ആരോൺ ബുഷ്‌നെലിൻ്റെ പേര് നല്‍കി.

ഫെബ്രുവരി 25 ന് വാഷിംഗ്ടണിലെ ഇസ്രായേൽ എംബസിക്ക് പുറത്ത് സൈനിക യൂണിഫോം ധരിച്ചുകൊണ്ടാണ് 25 കാരനായ ബുഷ്‌നെല്‍ “ഞാൻ ഇനി വംശഹത്യയിൽ പങ്കാളിയാകില്ല. ഫലസ്തീനെ സ്വതന്ത്രമാക്കൂ” എന്ന് ആക്രോശിച്ച് സ്വയം തീകൊളുത്തിയത്. പോലീസ് തീ അണച്ച് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു.

ബുഷ്നെലിന്റെ പേരെഴുതിയ ബോര്‍ഡ് അനാച്ഛാദനം ചെയ്ത വേളയിൽ പലസ്തീൻ ലക്ഷ്യത്തിനായി സ്വന്തം ജീവന്‍ ത്യജിച്ചതിന് ബുഷ്നെലിനെ ജെറിക്കോ മേയർ അബ്ദുൽ കരീം സിദ്ർ പ്രശംസിച്ചു.

“ഞങ്ങൾക്ക് അദ്ദേഹത്തെ അറിയില്ലായിരുന്നു, അദ്ദേഹത്തിന് ഞങ്ങളേയും അറിയില്ല. ഞങ്ങൾക്കിടയിൽ സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങൾ പങ്കിടുന്നത് സ്വാതന്ത്ര്യത്തോടുള്ള സ്നേഹവും ഈ ആക്രമണങ്ങൾക്കെതിരെ നിലകൊള്ളാനുള്ള ആഗ്രഹവുമാണ്. ഞങ്ങള്‍ക്കു വേണ്ടി അമേരിക്കയില്‍ സ്വന്തം ജീവന്‍ ത്യജിച്ച ആ വൈമാനികനെ ഞങ്ങള്‍ ആദരിക്കുന്നു… ബഹുമാനിക്കുന്നു. അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥമാണ് ഞങ്ങൾ പെട്ടെന്നൊരു തീരുമാനമെടുത്തത്,” മേയര്‍ പറഞ്ഞു.

അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ICJ) ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ആരോപിച്ച്, ഇസ്രായേലിനെതിരായ ഗവൺമെൻ്റിൻ്റെ നിയമനടപടിയുടെ അംഗീകാരമായി നഗരത്തില്‍ ദക്ഷിണാഫ്രിക്കയുടെ പേരില്‍ ഒരു സ്ക്വയറും സമർപ്പിച്ചു.

ഇസ്രായേലിൻ്റെ ഗാസ ആക്രമണത്തിൽ ഇന്നുവരെ സ്ത്രീകളും കുട്ടികളുമടക്കം 31,000-ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Leave a Comment

More News