കോഴിക്കോട് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ കഴിയുന്ന 12 വയസ്സുകാരൻ്റെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ പന്ത്രണ്ടു വയസുകാരന് അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പൊതുകുളത്തിൽ കുളിച്ചതാണ് രോഗം പിടിപെടാൻ കാരണമെന്ന് കരുതുന്നു.

ആറു ദിവസം മുമ്പാണ് കുട്ടി പൊതുകുളത്തിൽ കുളിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനു ശേഷമാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പനി, ഛർദ്ദി, തലവേദന, ബോധക്ഷയം എന്നിവയെ തുടർന്ന് കുട്ടിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങളിൽ ക്ലോറിനേഷൻ ഉൾപ്പെടെയുള്ള മുൻകരുതലുകൾ ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാല്‍ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യുകയാണ് പതിവ്. അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ, അമിബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കണ്ണൂര്‍ സ്വദേശിയായ പതിമൂന്നുവയസുകാരി മരിച്ചിരുന്നു. തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണയാണ് മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം.

Leave a Comment

More News