ജോർജിയയിലെ ഹൈസ്‌കൂളിൽ വെടിവെപ്പ്: രണ്ട് വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമടക്കം നാല് പേർ മരിച്ചു; 14 വയസുകാരൻ അറസ്റ്റിൽ

ജോര്‍ജിയ: ജോർജിയയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിൽ നടന്ന വെടിവെപ്പില്‍ നാല് പേർ കൊല്ലപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പിന് ശേഷം 14 വയസ്സുള്ള ഒരു ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികളുടെയും രണ്ട് അദ്ധ്യാപകരുടെയും ജീവൻ അപഹരിച്ചതായി ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറിയിച്ചു.

സ്‌കൂളിലെ വിദ്യാർത്ഥിയായ 14 കാരന്‍ കോൾട്ട് ക്രേയെ, വെടിവെപ്പിന് തൊട്ടുപിന്നാലെ ക്യാമ്പസിലെ രണ്ട് ഉദ്യോഗസ്ഥർ പിടികൂടി. ബാരോ കൗണ്ടി ഷെരീഫ് ജൂഡ് സ്മിത്ത് ഒരു പത്രസമ്മേളനത്തിനിടെ ആക്രമണത്തെ “ക്രൂരമായ സംഭവം” എന്ന് വിശേഷിപ്പിച്ചു.

ഏകദേശം 1,900 വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളിൽ പ്രാദേശിക സമയം രാവിലെ ഏകദേശം 10:20 വെടിവയ്പ്പുണ്ടായതായി
പോലീസിന് വിവരം ലഭിച്ചതനുസരിച്ച് രണ്ട് സ്‌കൂൾ റിസോഴ്‌സ് ഓഫീസർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്തെത്തുകയും വെടിവെപ്പ് നടത്തിയ വിദ്യാര്‍ത്ഥിയെ എതിര്‍പ്പുകളൊന്നുമില്ലാതെ പിടികൂടുകയും ചെയ്തതായി ഷെരീഫ് സ്ഥിരീകരിച്ചു.

ആക്രമണത്തിൻ്റെ കാരണം ഇതുവരെ തിരിച്ചറിയാനായിട്ടില്ല, നിലവിൽ പ്രത്യേക വ്യക്തികളെ ലക്ഷ്യം വച്ചതിന് തെളിവുകളൊന്നുമില്ല.

ഓട്ടിസം ബാധിച്ച 14 വയസ്സുള്ള മേസൺ ഷെർമർഹോണും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ലെന്ന് സ്ഥിരീകരിച്ച് ഈ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്ന് കുടുംബം സോഷ്യൽ മീഡിയയിൽ വിവരങ്ങൾക്കായി ഒരു അഭ്യര്‍ത്ഥന പോസ്റ്റ് ചെയ്തിരുന്നു.

അദ്ധ്യാപകനും പരിശീലകനുമായ ഡേവിഡ് ഫെനിക്‌സിനും വെടിവെപ്പിൽ കാലിനും ഇടുപ്പിനും ഗുരുതരമായി പരിക്കേറ്റു. ഫെനിക്‌സ് ശസ്ത്രക്രിയയ്ക്ക് വിധേയനായി, അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ സോഷ്യൽ മീഡിയ അപ്‌ഡേറ്റുകൾ പറയുന്നു.

ഉപയോഗിച്ച ആയുധത്തിൻ്റെ തരവും വെടിയുതിർത്ത വെടിയുണ്ടകളുടെ എണ്ണവും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വെടിവെപ്പു നടത്തിയ വിദ്യാര്‍ത്ഥിയെ അന്വേഷണ ഉദ്യോഗസ്ഥർ അഭിമുഖം നടത്തിയെങ്കിലും ഈ ദുരന്തത്തിലേക്ക് നയിച്ച സംഭവങ്ങൾ പൂർണ്ണമായി മനസ്സിലാക്കാൻ കുറച്ച് ദിവസമെടുക്കുമെന്ന് അധികൃതർ പറഞ്ഞു.

തോക്ക് നിയമങ്ങൾ കർശനമാക്കണമെന്ന് വൈറ്റ് ഹൗസ്

ജോര്‍ജിയയില്‍ 14 കാരന്‍ സ്‌കൂളില്‍ വെടിവയ്‌പ്പ് നടത്തി 4 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആയുധ നിയമത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്‌ത് വൈറ്റ് ഹൗസ്. മാരകായുയുധങ്ങളും ഉയർന്ന ശേഷിയുള്ള മാഗസിനുകളും നിരോധിക്കേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജീൻ പിയറി പറഞ്ഞു.

തോക്കുകൾ സുരക്ഷിതമായി സൂക്ഷിക്കാനും പ്രതിരോധ പരിപാടികളില്‍ നിക്ഷേപം നടത്താനും ദേശീയമായി റെഡ് ഫ്ലാഗ് നിയമം പാസാക്കാനും ആലോചിക്കുന്നുണ്ടെന്ന് പിയറി പറഞ്ഞു. വെടിവയ്‌പ്പില്‍ വൈറ്റ് ഹൗസ് അനുശോചിച്ചു.

അതേസമയം, വെടിവയ്‌പ്പ് അതിക്രൂരമാണെന്ന് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പ്രതികരിച്ചു. “യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്കയിൽ, തങ്ങളുടെ കുട്ടി ജീവനോടെ വീട്ടിൽ വരുമോ ഇല്ലയോ എന്ന ആശങ്കയിൽ മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കേണ്ടി വരുന്നത് വളരെ അപലപനീയമാണ്,” കമല ഹാരിസ് ന്യൂ ഹാംഷെയറിൽ പറഞ്ഞു.

സംഭവത്തില്‍ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ദുഖം രേഖപ്പെടുത്തി. “രോഗിയും ഭ്രാന്തനുമായ ഒരു രാക്ഷസൻ കാരണം ഈ പ്രിയപ്പെട്ട കുട്ടികള്‍ ഏറെ നേരത്തെ തന്നെ ഞങ്ങളിൽ നിന്ന് വിട്ടുപോയി” എന്നാണ് ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.

ഇനിയുമിത് സാധരണ സംഭവമായി കണക്കാക്കാനാകില്ല: ജോ ബൈഡന്‍

വാഷിംഗ്ടണ്‍: ജോർജിയയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ അനുശോചനം രേഖപ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. തോക്ക് സുരക്ഷ നിയമം പാസാക്കുന്നതിന് യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ റിപ്പബ്ലിക്കൻസിനോട് ബൈഡൻ ആഹ്വാനം ചെയ്‌തു.

ഇത്തരം ആക്രമണങ്ങള്‍ ഇനിയും സാധരണമായി കണക്കാക്കാനാകില്ലെന്ന് ബൈഡന്‍ പറഞ്ഞു. ഇത് സാധാരണമായി അംഗീകരിക്കാൻ കഴിയില്ല. വിഷയത്തില്‍ ഫെഡറൽ, സംസ്ഥാന, പ്രാദേശിക തലങ്ങളിലെ ഉദ്യോഗസ്ഥരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്നും ബൈഡന്‍ ആഹ്വാനം ചെയ്‌തു.

‘ബുദ്ധിശൂന്യമായ അക്രമം മൂലം ജീവന്‍ പൊലിഞ്ഞവരെ ഓര്‍ത്ത് ഞാനും ജില്ലും വിലപിക്കുന്നു, അതിജീവിച്ച എല്ലാവരുടെയും ജീവിതം എന്നെന്നേക്കുമായി മാറിമറിഞ്ഞിരിക്കുകയാണ്. ആഹ്ലാദകരമായ ബാക്ക്-ടു-സ്‌കൂൾ സീസൺ ആയിരിക്കേണ്ട വിന്‍ഡര്‍, അക്രമം നമ്മുടെ കമ്മ്യൂണിറ്റികളെ എങ്ങനെ കീറിമുറിക്കുന്നു എന്നതിന്‍റെ ഭയാനകമായ മറ്റൊരു ഓർമ്മപ്പെടുത്തലായി മാറിയിരിക്കുന്നു,” ബൈഡന്‍ പ്രതികരിച്ചു.

എഴുതാനും വായിക്കാനും പഠിക്കേണ്ട വിദ്യാര്‍ഥികള്‍ ഒഴിഞ്ഞുമാറാനും ഓടിയൊളിക്കാനും പഠിക്കേണ്ടി വരുന്നത് ഗതികേടാണെന്നും ബൈഡന്‍ വിലപിച്ചു. ബൈപാർട്ടിസൻ സേഫർ കമ്മ്യൂണിറ്റീസ് ആക്‌ടിൽ ഒപ്പിടുന്നത് ഉൾപ്പെടെയുള്ള പരിഹാര മാര്‍ഗങ്ങള്‍ തേടുമെന്നും യുഎസ് പ്രസിഡന്‍റ് വ്യക്തമാക്കി.

Leave a Comment

More News