നടിക്കെതിരായ വാട്സ്‌ആപ്പ് രേഖകള്‍ ഇന്ന് നടൻ സിദ്ദീഖ് പോലീസിന് കൈമാറും

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽപ്പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂർണമായി തള്ളിയിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദീഖ് അറിയിച്ചിരുന്നു.

നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ സിദ്ദീഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് അന്വേഷണസംഘം ചെയ്തത്. രണ്ടര മണിക്കൂർ സമയമെടുത്താണ് കേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചത്. ആദ്യം കമ്മീഷണർ ഓഫീസിലാണ് സിദ്ദീഖ് ഹാജരായത്. അവിടെനിന്ന് സിറ്റി കൺട്രോൾ റൂമിലേക്ക് മാറ്റി. അവിടെ വച്ചായിരുന്നു ചോദ്യംചെയ്യൽ പൂർത്തിയാക്കിയത്.

Leave a Comment

More News