കേരള റൈറ്റേഴ്‌സ് ഫോറം ഹ്യൂസ്റ്റണ്‍ ചര്‍ച്ച സംഘടിപ്പിച്ചു

ഹൂസ്റ്റണ്‍: അസാധാരണമെങ്കിലും പ്രസന്നമായ കാലാവസ്ഥയാണിപ്പോള്‍ ഹൂസ്റ്റണിലേത്. ശരത്കാലത്തിന്റെ കുളിര്‍മ താരതമ്യേന കുറവാണ്. മധ്യവേനല്‍ക്കാലത്തേതിന് സമാനമായ ചൂടുണ്ട്. ഒപ്പം തണുപ്പും അനുഭവപ്പെടുന്നു. നാമിപ്പോള്‍ ‘ഡ്രാക്കുള പ്രഭു’വിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. കടകളില്‍ കടുത്ത ഓറഞ്ച് നിറത്തിലുള്ള മത്തങ്ങയുടെ വില്‍പന തകൃതിയായി നടക്കുന്നു. ഹാലോവീന്‍ കിഡ്‌സുകള്‍ക്കായി മിഠായികളുടെ കച്ചവടവും പൊടിപൊടിക്കുന്നു. അതെ, ആത്മാക്കളുടെ ദിനമായ ഹാലോവീന്‍ രാവില്‍ അര്‍മാദിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരിക്കുന്നു. പിന്നെ ഏര്‍ലി വോട്ടിങ്ങും നടക്കുകയാണല്ലോ.

അതേസമയം, ആഗസ്റ്റ് മുതല്‍ ജനുവരി വരെ നടക്കുന്ന നാഷണല്‍ ഫുട്‌ബോള്‍ ലീഗിന്റെ ടെന്‍ഷനിലാണ് അമേരിക്ക. സീസണിന്റെ പകുതി കഴിഞ്ഞു. ഫുട്‌ബോള്‍ പ്രേമികള്‍ തങ്ങളുടെ ടീമിന്റെ ജയാപജയങ്ങളുടെ കണക്കെടുപ്പിലാണ്. ഒപ്പം പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ മൂര്‍ധന്യതയിലുമാണ്. ഫുട്‌ബോളിലെ ചാമ്പ്യന്‍സും രാഷ്ട്രീയ ചതുരംഗക്കളിയിലെ വിജയിയും അരെന്നറിയാന്‍ നമ്മള്‍ മലയാളികളും ആകാംക്ഷയോടെ തന്നെ കാത്തിരിക്കുകയാണ്.

വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും ക്രിയാത്മക വിമര്‍ശനത്തിന്റെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ കൂട്ടായ്മയുമായ ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ മീറ്റിങ്ങുകളുമായി ബന്ധപ്പെടാത്ത ഇത്തരം കാര്യങ്ങള്‍ എന്തിനാണ് പ്രതിപാദിക്കുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്.

നാം ജീവിക്കുന്ന രാജ്യത്തെ സമസ്ത മേഖലയിലും നടക്കുന്ന സംഭവവികാസങ്ങളും കാലാവസ്ഥാ മാറ്റങ്ങളും ഒക്കെ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും പെരുമാറ്റത്തെയും കാര്യമായി സ്വാധീനിക്കുന്നതാണല്ലോ. റൈറ്റേഴ്‌സ് ഫോറത്തില്‍ കഥവായിച്ചു, കവിത ചൊല്ലി, സാഹിത്യ ചര്‍ച്ച നടന്നു, ഓണവും ക്രിസ്മസും ആഘോഷിച്ചു എന്നൊക്കെപ്പറഞ്ഞ് വാര്‍ത്തയെഴുതുമ്പോള്‍ അതിന്റെ ഒരു പശ്ചാത്തല വിവരണം കൂടിയുള്ളത് ആവര്‍ത്തന വിരസതയൊഴിവാക്കാന്‍ സഹായിക്കുമെന്ന് തോന്നുന്നു.

അമേരിക്കയില്‍ മലയാള ഭാഷയ്ക്ക് ആഴത്തില്‍ വേരോട്ടമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ച പ്രമുഖ സാഹിത്യകാരനും അധ്യാപകനും ലാനയുടെ പ്രസിഡന്റുമായിരുന്ന എം.എസ്.ടി നമ്പൂതിരിയുടെയും മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മുന്‍ പ്രസിഡന്റ് മൈസൂര്‍ തമ്പിയുടെ മകന്‍ റജി തോമസിന്റെയും നിര്യാണത്തില്‍ അനുശോചനമറിയിച്ചുകൊണ്ടാണ് റൈറ്റേഴ്‌സ് ഫോറത്തിന്റെ മീറ്റിങ് ആരംഭിച്ചത്.

തുടര്‍ന്ന് എഴുത്തുകാരുടെ ശൈലിയെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. ഒക്‌ടോബര്‍ മാസത്തെ ഈ യോഗം ഓപ്പണ്‍ ഫോറമായിരുന്നു. പതിവുപോലെ ആരും കഥയോ കവിതയോ ലേഖനമോ അവതരിപ്പിച്ചില്ല. പകരം യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ സത്യസന്ധമായി അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു.

ഒരു എഴുത്തുകാരന്റെയോ എഴുത്തുകാരിയുടെയോ ശൈലി ആ വ്യക്തിയുടെ ജീവിത പശ്ചാത്തലത്തില്‍ നിന്ന് രൂപപ്പെടുന്നതാണെന്ന് എ.സി ജോര്‍ജ് അഭിപ്രായപ്പെട്ടു. പരന്ന വായനയും തനതായ ശൈലിയെ വളര്‍ത്തുന്ന ഘടകമാണ്. അങ്ങനെ നമ്മള്‍ പദസമ്പത്ത് നേടുകയും അവനവന്റേതായ ആഖ്യാന ശൈലി സൃഷ്ടിച്ചെടുക്കുകയും ചെയ്യും. ജീവിതഗന്ധിയായ രചനകള്‍ ആസ്വാദകര്‍ നെഞ്ചേറ്റുമെന്നും എ.സി ജോര്‍ജ് പറഞ്ഞു.

ഒരു രചനയില്‍ ഇതിവൃത്തത്തിനും ഉചിതമായ പാത്രസൃഷ്ടിക്കും വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ നിരീക്ഷണം. എഴുത്തുകാര്‍ മൗലികമായ പുത്തന്‍ ആശയങ്ങള്‍ക്ക് പിറകെ സഞ്ചരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സാഹിത്യ പ്രതിഭയുടെ ശൈലി ആവ്യക്തിയുടെ ചിന്തയും ആത്മാവിഷ്‌കാരവുമാണെന്ന് അഭിപ്രായപ്പെട്ട ശ്രീകുമാര്‍ മേനോന്‍, ആ വ്യക്തി തന്റെ സ്വത്വ ബോധം നിലനിര്‍ത്തണമെന്ന് പറഞ്ഞു.

പ്രതിഭാസമ്പന്നനായ കവിയും തുള്ളല്‍ കലാരൂപത്തിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരുടെ ശൈലിയെക്കുറിച്ചാണ് ജോസഫ് തച്ചാറ സംസാരിച്ചത്. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണെങ്കിലും നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യ വിമര്‍ശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ ശൈലിയെന്ന് തച്ചാറ പറഞ്ഞു.

ഒരു റൈറ്ററും ആ വ്യക്തിയുടെ ശൈലിയും ഒന്നുതന്നെയാണെന്നും എഴുത്തിലൂടെ റൈറ്റര്‍ സ്വയം അനാവതമാകുന്നുവെന്നും ജോണ്‍ മാത്യു പറഞ്ഞു. ഇത്തരത്തില്‍ ചര്‍ച്ച പുരോഗമിച്ചു. ചില എഴുത്തുകാര്‍ സമൂഹത്തെയും മതത്തെയും ഭയപ്പെടുമ്പോള്‍ മറ്റുചിലര്‍ രാഷ്ട്രീയത്തെയും സ്വന്തം കുടുംബത്തെയും അയല്‍പക്കത്തെപ്പോലും പേടിക്കുന്നു. വിമര്‍ശനത്തെ നേരിടാനുള്ള ചങ്കൂറ്റമില്ലാതെ അവര്‍ ജീവിത ചക്രം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

എന്നാല്‍ ഭൂരിഭാഗം എഴുത്തുകാരും ചിന്താപരമായ ആത്മഹത്യ നടത്തുന്നവരാണ്. സമ്മര്‍ദത്തിന് വഴങ്ങി പ്രതികരിക്കാതിരിക്കുന്ന അവര്‍ മിതമായ രചനാ സങ്കേതത്തിലൊതുങ്ങിക്കൂടുകയും ചെയ്യുന്നു. നമ്മില്‍ പലരും ഇത്തരക്കാരാണെന്ന അഭിപ്രായം യോഗത്തിലുയര്‍ന്നു. അമേരിക്കന്‍ സാഹചര്യത്തിലെ നമ്മുടെ സമൂഹത്തിന് വല്ലാത്ത സന്ദേഹമുണ്ട്. സമ്പ്രദായങ്ങളോടുള്ള പേടിയാല്‍ നമ്മള്‍ പലതിനെയും അഭിമുഖീകരിക്കാതെ മാറി നില്‍ക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. യോഗത്തില്‍ റൈറ്റേഴ്‌സ് ഫോറം സെക്രട്ടറി മോട്ടി മാത്യു നന്ദി പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട്: ചെറിയാന്‍ മഠത്തിലേത്ത്
(പ്രസിഡന്റ്-കേരള റൈറ്റേഴ്‌സ് ഫോറം)

Leave a Comment

More News