തൃപ്പൂണിത്തുറയിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കൗമാര പ്രായത്തിലെ വിദ്യാര്‍ഥികളിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര ശ്രദ്ധ വേണ്ടതാണെന്ന് എഫ്.ഡി.സി.എ സംസ്ഥാന ചെയര്മാന് പ്രൊഫസര്‍ കെ അരവിന്ദാക്ഷന് അഭിപ്രായപ്പെട്ടു.
വിദ്യാലയങ്ങളിലും കുടുംബത്തിലും കുട്ടികള്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. രാജ്യത്ത് ഓരോ 42 മിനിറ്റിലും ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുന്നു എന്നാണ് 2020ലെ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍സിആര്‍ബി) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. അതായത്, പ്രതിദിനം 34ല്‍ അധികം വിദ്യാര്‍ത്ഥികള്‍ വിവിധ കാരണങ്ങളാല്‍ ജീവനൊടുക്കുന്നു. ആത്മഹത്യ ബോധവത്കരണ പരിപാടികള്‍ കൊണ്ട് മാത്രം പരിഹരിക്കാനാവുന്നതല്ല ഈ പ്രവണതയെന്നും അദ്ദേഹം നിരീക്ഷിച്ചു.
വിദ്യാലയ പരിസരത്തുണ്ടാവുന്ന ബുള്ളിയിംഗ് പോലുള്ളവ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്ന വിധത്തില്‍ കുട്ടികളുടെ സംരക്ഷണത്തിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ സമയത്ത് ഇടപെടുകയോ പ്രശ്നങ്ങള്‍ പരിഹരിക്കുകയോ ചെയ്യുന്നില്ലെന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുന്നുണ്ടെന്നതും കാണേണ്ടതാണ്. അതിനാല്‍ സര്‍ക്കാര്‍ -സര്‍ക്കാരിതര വിദ്യാലയങ്ങളില്‍ സഹപാഠികളില്‍ നിന്നോ അദ്ധ്യാപകരില്‍ നിന്നോ കുട്ടികള്‍ നേരിടുന്ന വിവേചനങ്ങളും ബുള്ളിയിംഗ് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും പരാതിപ്പെടാനും വേഗത്തില്‍ പരിഹരിക്കാനും കഴിയുന്ന ഹെല്പ് ലൈന്‍ സംവിധാനം സംസ്ഥാനത്ത് അനിവാര്യമാണ്. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന നാനാതരം വിവേചനങ്ങളില്‍ അവരെ സഹായിക്കാനും കഴിയുന്ന കൗണ്‍സിലറുടെ സാന്നിധ്യം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളില്‍ ഉറപ്പാക്കുന്നതോടൊപ്പം ബുള്ളിയിംഗ് പോലുള്ള പരാതികളില്‍ ഇടപെട്ട് പരിഹരിക്കാന്‍ കഴിയുന്ന വിദഗ്ധരുടെ പ്രാതിനിധ്യമുള്ള അദ്ധ്യാപക-രക്ഷാകര്‍തൃ ഇന്റേണല്‍ സംവിധാനവും വിദ്യാലയങ്ങളില്‍ അനിവാര്യമാണെന്നും പ്രൊഫസര്‍ കെ അരവിന്ദാക്ഷന് അഭിപ്രായപ്പെട്ടു.
ചെയര്മാന്
പ്രൊഫ. കെ അരവിന്ദാക്ഷന്
ജനറല്‍ സെക്രട്ടറി
ഒ. അബ്ദുറഹ്മാന്
