‘TEAM MAT-2025’ കാര്‍ഷിക മേള വന്‍ വിജയമായി

ടാമ്പ (ഫ്ലോറിഡ): മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ (MAT) യുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 22 ശനിയാഴ്ച ടാമ്പായിലെ ക്നായിതൊമ്മന്‍ ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക മേള വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഒരു മഹാമേളയായി.

അസ്സോസിയേഷന്‍റെ എല്ലാ കമ്മിറ്റി അംഗങ്ങളുടേയും ആത്മാര്‍ത്ഥമായ സഹകരണവും പരിശ്രമവും കൊണ്ടാണ് ഈ സംരംഭം ഇത്ര വലിയ ഒരു വിജയമാക്കീത്തീര്‍ക്കുവാന്‍ കഴിഞ്ഞതെന്ന് പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍ തന്‍റെ ആമുഖ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

ജോണ്‍ കല്ലോലിക്കല്‍

രാവിലെ 9:00 മണിക്കു തന്നെ ക്നായി തൊമ്മന്‍ ഹാളിന്‍റെ വിശാലമായ ഗ്രൗണ്ടില്‍ സണ്ണി മറ്റമനയുടെ നഴ്സറിയില്‍ നിന്നും എത്തിച്ച ഫലവൃക്ഷത്തൈകളും പൂച്ചെടികളും വിതരണത്തിനായി സജ്ജീകരിച്ചു കഴിഞ്ഞിരുന്നു.

10:00 മണിയോടു കൂടി നാടന്‍ വിഭവങ്ങളടങ്ങിയ തട്ടുകടയും തയ്യാറായി. ഇഡ്ഡലി, ദോശ, സാമ്പാര്‍, ഓംലെറ്റ്, കപ്പ, മീന്‍കറി, ചപ്പാത്തി, ചിക്കന്‍ കറി തുടങ്ങിയ വിഭവങ്ങള്‍ ചൂടോടെ തയ്യാറാക്കി നല്‍കിയത് ആസ്വാദ്യകരമായി.

വിവിധയിനം മാവിന്‍ തൈകളും പച്ചക്കറി വിത്തുകളും മനോഹാരിതയാര്‍ന്ന പൂച്ചെടികളും സ്വന്തമാക്കാന്‍ ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം മലയാളികള്‍ എത്തിയതോടുകൂടി കാര്‍ഷിക മേള ഒരു സൗഹൃദ സംഗമ വേദിയായി.

ഫലവൃക്ഷത്തൈകള്‍ എത്തിച്ച സണ്ണി മറ്റമന, ബിഷിന്‍ ജോസഫ്, കാര്‍ഷിക മേള നടത്തുവാനുള്ള സ്ഥലം സൗജന്യമായി നല്‍കിയ ജോസ് കിഴക്കനടിയില്‍, വിമന്‍സ് ഫോറം ചെയര്‍ ഷീരാ ഭഗവത്തുള്ള, ബാബു പോള്‍, ശ്രീധ, ബാബു തുണ്ടശ്ശേരി, മാത്യു മുണ്ടിയങ്കല്‍, ജിജോ, സുനിത ഫ്ളവര്‍ഹില്‍, ഷൈനി, സണ്ണി ഡോണല്‍ തുടങ്ങി ഈ സംരംഭത്തിനു വേണ്ടി പ്രയത്നിച്ച എല്ലാവര്‍ക്കുമുള്ള നന്ദി പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍, സെക്രട്ടറി അനഘ വാര്യര്‍, ട്രഷറര്‍ ബാബു പോള്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

 

Leave a Comment

More News