ഒട്ടാവ: കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഇന്ത്യൻ വംശജയായ അനിത ആനന്ദ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. വിശുദ്ധ ഹിന്ദു ഗ്രന്ഥമായ ഭഗവദ്ഗീതയിൽ കൈ വച്ചുകൊണ്ടാണ് അവര്‍ സത്യപ്രതിജ്ഞ ചെയ്തത്. ഒരു പ്രധാന മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അനിത ആനന്ദിനെ കാനഡയുടെ വിദേശകാര്യ മന്ത്രിയായി നിയമിച്ചത്. ഇപ്പോൾ വ്യവസായ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന മെലാനി ജോളിക്ക് പകരക്കാരിയായിരിക്കും അനിത ആനന്ദ്.
“കാനഡയുടെ വിദേശകാര്യ മന്ത്രിയായി നിയമിതയായതില്‍ എനിക്ക് ബഹുമതി തോന്നുന്നു. സുരക്ഷിതവും നീതിയുക്തവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിനും കാനഡക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനും പ്രധാനമന്ത്രി മാർക്ക് കാർണിയും ഞങ്ങളുടെ സംഘവുമായി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” പുതിയ ചുമതലയേറ്റ ശേഷം അവര്‍ X-ല്‍ എഴുതി.
I am honoured to be named Canada’s Minister of Foreign Affairs. I look forward to working with Prime Minister Mark Carney and our team to build a safer, fairer world and deliver for Canadians. pic.twitter.com/NpPqyah9k3
— Anita Anand (@AnitaAnandMP) May 13, 2025
ചൊവ്വാഴ്ച 28 മന്ത്രിമാരും 10 സംസ്ഥാന സെക്രട്ടറിമാരും ഉൾപ്പെടെ 38 അംഗ മന്ത്രിസഭയെ കാർണി പ്രഖ്യാപിച്ചിരുന്നു. അനിത ആനന്ദിന്റെ നിയമനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അവര്‍ക്ക് അഭിനന്ദനമറിയിച്ചു. “കാനഡയുടെ വിദേശകാര്യ മന്ത്രിയായി നിയമിതയായ അനിത ആനന്ദിന് അഭിനന്ദനങ്ങൾ,” അദ്ദേഹം X-ല്‍ എഴുതി.
കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രിയായി നിയമിതയായ 58-വയസ്സുകാരിയായ അനിത നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലിലാണ് ജനിച്ചത്. അമ്മ സരോജ തമിഴ്നാട്ടുകാരിയും പിതാവ് എസ് വി ആനന്ദ് പഞ്ചാബിയുമാണ്. അനിതയുടെ ഭര്‍ത്താവ് ജോണ്‍ നോള്‍ട്ടന്‍ ഒരു കനേഡിയൻ അഭിഭാഷകനാണ്. നാല് മക്കളുണ്ട്.
ഈ പദവി വഹിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് അനിത ആനന്ദ്. ഇതിനുപുറമെ, 2019-ൽ കാനഡയിലെ ഹൗസ് ഓഫ് കോമൺസിലെ ആദ്യത്തെ ഹിന്ദു വനിത കൂടിയായിരുന്നു ആനന്ദ്. അനിത ആനന്ദിന് നാല് ബിരുദങ്ങളുണ്ട്. ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്ട്രമീമാംസയിൽ ബിരുദവും, ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, ഡൽഹൗസി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദവും, ടൊറന്റോ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഒരു ഘട്ടത്തിൽ അവർ ടൊറന്റോ സർവകലാശാലയിൽ നിയമ പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോർപ്പറേറ്റ് ഭരണം, നിക്ഷേപക സംരക്ഷണം എന്നിവയായിരുന്നു അവരുടെ വൈദഗ്ധ്യത്തിന്റെ മേഖലകൾ. ഹൗസ് ഓഫ് കോമൺസിലേക്കുള്ള നിയമനത്തെത്തുടർന്ന്, 2019 മുതൽ 2021 വരെ അവർ പൊതുസേവന, സംഭരണ മന്ത്രിയായി. ഇതിനുശേഷം, 2021 മുതൽ 2024 വരെ അവർ ദേശീയ പ്രതിരോധ മന്ത്രിയായി ചേർന്നു.
അനിത ആനന്ദിനെ കൂടാതെ, മനീന്ദർ സിന്ധു, റൂബി സഹോട്ട, രൺദീപ് സരായ് എന്നിവരെയും മാർക്ക് കാർണിയുടെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനിത ആനന്ദ് വിദേശകാര്യ മന്ത്രിയായതോടെ, കാർണിയുടെ മന്ത്രിസഭയിലെ ഇന്ത്യൻ വംശജരായ മന്ത്രിമാരുടെ എണ്ണം നാലായി ഉയർന്നു.
മനീന്ദർ സിദ്ധു: 41 വയസ്സുള്ള മനീന്ദര്‍ സിദ്ധു ഒരു കനേഡിയൻ ബിസിനസുകാരനാണ്. അദ്ദേഹം ഒരിക്കൽ പാർലമെന്ററി സെക്രട്ടറിയായിരുന്നു. ഇപ്പോൾ രാജ്യത്തിന്റെ അന്താരാഷ്ട്ര വ്യാപാര മന്ത്രിയാണ്. 2019-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം, വ്യാപാരം, താരിഫ്, വളർച്ചാ അവസരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തന്ത്രപരമായ ഉപദേശം നൽകുന്നതിനായി കാനഡയിലുടനീളമുള്ള ബിസിനസുകളുമായി പ്രവർത്തിച്ചു.
റൂബി സഹോട്ട: ടൊറന്റോയിൽ ജനിച്ച സഹോട്ടയുടെ മാതാപിതാക്കൾ പഞ്ചാബിൽ നിന്നുള്ളവരാണ്. ബ്രാംപ്ടൺ നോർത്ത് – കാലെഡണിൽ നിന്നുള്ള എംപിയായി സഹോട്ട തിരഞ്ഞെടുക്കപ്പെട്ടു. സസ്‌കാച്ചെവൻ സർവകലാശാലയിൽ നിന്ന് നിയമം പഠിച്ച സഹോട്ട പൊതുജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് കുടിയേറ്റ, കുടുംബ നിയമങ്ങളിൽ പ്രാക്ടീസ് ചെയ്തു. 2015 ൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സഹോട്ട പാർലമെന്റിലെ ആദ്യത്തെ ഇന്തോ-കനേഡിയൻ വനിതകളിൽ ഒരാളായി.
രൺദീപ് സരായ്: 2015 ൽ സറേ-സെന്ററിൽ നിന്ന് പാർലമെന്റ് അംഗമായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട രൺദീപ് സരായ് ഒരു കമ്മ്യൂണിറ്റി നേതാവും അഭിഭാഷകനും സംരംഭകനുമാണ്. വാൻകൂവറിൽ ജനിച്ച അദ്ദേഹം സൗത്ത് ബർണബിയിലാണ് വളർന്നത്. സാരായ് യുബിസിയിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്സ് ബിരുദവും ഒന്റാറിയോയിലെ കിംഗ്സ്റ്റണിലുള്ള ക്വീൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്.
