വൃദ്ധരായ മാതാപിതാക്കൾക്കു വേണ്ടി ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിട സമുച്ചയത്തിൽ ഒരു പകൽ വീടായി ആശ്വാസമേകുന്ന ബെൻസേലേം അഡള്‍ട്ട് ഡേ കെയറിൽ മെയ് 13 ചൊവ്വാഴ്ച വിപുലമായ പരിപാടികളോടെ മദേഴ്സ് ഡേ ആഘോഷിച്ചു.
ഡേ കെയറിന്റെ ഉടമസ്ഥരായ ജാക്ക് പട്ടേലിന്റെയും ഡിംപിൾ പട്ടേലിന്റെയും നേതൃത്വത്തിലും, വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന്റെ പ്രസിഡന്റ് നൈനാൻ മത്തായിയുടെ സാന്നിധ്യത്തിലും നടന്ന ആഘോഷ പരിപാടികൾ ഡേ കെയർ ആശ്രിതർക്കും പരിപാലകർക്കും ഒരു അവിസ്മരണീയ മുഹൂര്‍ത്തമായി.
നൈനാൻ മത്തായിയുടെ ഉപക്രമ പ്രസംഗത്തോടെ ആഘോഷ പരിപാടികൾ ആരംഭിച്ചു. മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചും സാമൂഹ്യ നന്മക്കു ഊന്നൽ നല്കിക്കൊണ്ടുമുള്ള അദ്ദേഹത്തിന്റെ സന്ദേശം എല്ലാവര്ക്കും പ്രചോദനവും ഊഷ്മളവുമായ അനുഭവമായി തീർന്നു.
ഡേ കെയറിലെ അമ്മമാരുടെ വിവിധ കലാപരിപാടികൾ ആഘോഷങ്ങൾ കൂടുതൽ വർണ്ണശബളമാക്കി. ലിസി സാമുവലിന്റെ പ്രാർത്ഥനാഗാനവും, സാറാമ്മ ചെറിയാന്റെ മാതൃസ്നേഹത്തെകുറിച്ചുള്ള കഥയും വളരെ ഭംഗിയായി അവതരിപ്പിച്ചു. തുടർന്ന് നോർത്ത് ഇന്ത്യൻ അമ്മമാരായ ഇന്ദിരാ പട്ടേലും മഞ്ജുളാ പട്ടേലും മനോഹരമായി ഗാനങ്ങൾ ആലപിച്ചു. കിരിത് സുത്താരിയായുടെ മാതൃദിനത്തെക്കുറിച്ചുള്ള പ്രസംഗം തൊട്ടിലിലാട്ടുന്ന അമ്മയുടെ കരങ്ങൾ എത്ര ശക്തമെന്നു ഓര്‍മ്മിപ്പിക്കുന്ന വാക്കുകളായിരുന്നു. സാബു പാമ്പാടിയുടെയും ടീമിന്റെയും സംഗീത പരിപാടി സദസ്സിനു ആഘോഷരാവിന്റെ ആനന്ദസാഗരമായി തീർന്നു.
ഡേ കെയറിന്റെ ഉടമസ്ഥരായ ജാക്ക് പട്ടേലും ഡിംപിൾ പട്ടേലും, വേൾഡ് മലയാളി കൗൺസിലും സംയുക്തമായി ഈ വര്‍ഷം ഏറ്റെടുത്തു നടത്തുന്ന കേരളത്തിലെ നിർധനരായ യുവതീ യുവാക്കളുടെ സമൂഹ വിവാഹത്തിലേക്കായി ഗ്രാൻഡ് സ്പോൺസറായി നാലായിരം ഡോളറിന്റെ ചെക്ക് പ്രസിഡന്റ് നൈനാൻ മത്തായിക്ക് കൈമാറി. കാരുണ്യ പ്രവർത്തനങ്ങൾക്കു വളരെയധികം സാമ്പത്തിക സഹായങ്ങൾ ചെയ്യുന്ന ഈ സ്ഥാപനത്തോടും പ്രത്യേകിച്ച് സമൂഹ വിവാഹത്തിനുള്ള സാമ്പത്തിക സഹായം നല്‍കിയതിലുമുള്ള സ്നേഹവും കടപ്പാടും വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസിന്റെ പേരിൽ നൈനാൻ മത്തായി അറിയിച്ചു.
മാതൃദിനാഘോഷം അവിസ്മരണീയമാക്കിത്തീർത്ത എല്ലാവരോടുമുള്ള സ്നേഹവും നന്ദിയും അർപ്പിച്ചും സ്നേഹവിരുന്നോടു കൂടിയും ആഘോഷപരിപാടികൾ സമാപിച്ചു.
