വാഷിംഗ്ടണിലെ കാസ്‌കേഡ്‌സിൽ പർവതാരോഹണത്തിനിടെയുണ്ടായ അപകടത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു

വാഷിംഗ്ടൺ സ്റ്റേറ്റിലെ നോർത്ത് കാസ്‌കേഡ്‌സ് റേഞ്ചിൽ ഉണ്ടായ പര്‍‌വ്വതാരോഹണ അപകടത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഇന്ത്യൻ വംശജനായ ടെക്കി വിഷ്ണു ഇരിഗിറെഡ്ഡിയും ഉൾപ്പെടുന്നു.

വാഷിംഗ്ടണ്‍: വാഷിംഗ്ടൺ സ്റ്റേറ്റിലെ നോർത്ത് കാസ്‌കേഡ്സ് പർവതനിരയിലുണ്ടായ അപകടത്തില്‍ ഇന്ത്യൻ വംശജനായ വിഷ്ണു ഇരിഗിറെഡ്ഡി ഉൾപ്പടെ മൂന്ന് പർവതാരോഹകർ മരിച്ചു. സിയാറ്റിൽ നിവാസിയായ വിഷ്‌ണു (48) ടിം നുയെൻ (63), ഒലക്‌സാണ്ടർ മാർട്ടിനെങ്കോ (36), ആന്റൺ സെലിഖ് (38) എന്നീ മൂന്ന് കൂട്ടാളികളോടൊപ്പം നോർത്ത് ഏർലി വിന്റേഴ്‌സ് സ്‌പയർ പ്രദേശത്ത് കയറുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

എൻ‌ബി‌സി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, മല കയറുന്നതിനിടയിൽ, കാലാവസ്ഥ മോശമാകുന്നത് കണ്ട സംഘം തിരികെ ഇറങ്ങാൻ തീരുമാനിച്ചു. എന്നാൽ, തിരിച്ചുവരവിനിടയിൽ അവരുടെ സുരക്ഷാ കയര്‍ പൊട്ടുകയും എല്ലാവരും ഏകദേശം 200 അടി താഴ്ചയിലേക്ക് വീഴുകയും ചെയ്തു. ദാരുണമായ വീഴ്ചയിൽ മൂന്ന് പർവതാരോഹകർക്കും ജീവൻ നഷ്ടപ്പെട്ടു. അതേസമയം, ആന്റൺ സെലിഖ് അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ സെലിഖ് ആണ് ഗുരുതരാവസ്ഥയിലായിട്ടും ഏറെ ദൂരം സഞ്ചരിച്ച് രക്ഷാപ്രവർത്തകരെ വിവരമറിയിച്ചത്. ആന്തരിക രക്തസ്രാവത്തിനും തലച്ചോറിനേറ്റ പരിക്കുകൾക്കും അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

പ്രകൃതിയോടൊപ്പം ആയിരിക്കുക എന്നത് സന്തോഷത്തിന്റെയും ലക്ഷ്യത്തിന്റെയും പ്രതീകമായിരുന്ന ഒരു സമർത്ഥനായ പർവതാരോഹകനായിട്ടാണ് വിഷ്ണു ഇരിഗിറെഡ്ഡിയെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിശേഷിപ്പിച്ചത്. Remembr.com എന്ന വെബ്‌സൈറ്റിലെ ഒരു അനുശോചന സന്ദേശം അദ്ദേഹത്തിന്റെ ജീവിതത്തെ “സത്യസന്ധത, അനുകമ്പ, വളർച്ചയ്‌ക്കായുള്ള നിരന്തരമായ പരിശ്രമം” എന്നിവയുടെ പ്രതീകമായി വിശേഷിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള വിഷ്ണു, സിയാറ്റിലിന്റെ സാങ്കേതിക, സാംസ്കാരിക സമൂഹത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു. ഫ്ലൂക്ക് കോർപ്പറേഷനിൽ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷഠിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കമ്പനി അഗാധമായ അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തെ അസാധാരണനായ ഒരു നേതാവായി വിശേഷിപ്പിച്ചു, അദ്ദേഹത്തിന്റെ അഭാവം സഹപ്രവര്‍ത്തകര്‍ക്ക് ഒരു തീരാനഷ്ടമാണെന്നും പറഞ്ഞു.

വ്യാഴാഴ്ച അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട്, വിഷ്ണുവിന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്ന പർവതാരോഹണത്തിലും പ്രകൃതി സംരക്ഷണത്തിലും ഏർപ്പെട്ടിരിക്കുന്ന രണ്ട് ലാഭേച്ഛയില്ലാത്ത സംഘടനകൾക്ക് സംഭാവനകൾ നൽകണമെന്ന് അദ്ദേഹത്തിന്റെ കുടുംബം അഭ്യർത്ഥിച്ചു. സംഭാവന നൽകാനുള്ള അവസാന തീയതി മെയ് 22 ആണ്. ലിബർട്ടി ബെൽ ഗ്രൂപ്പിലെ ഒരു ഗ്രാനൈറ്റ് കൊടുമുടിയായ നോർത്ത് ഏർലി വിന്റേഴ്സ് സ്പയർ, പരിചയസമ്പന്നരായ പർവതാരോഹകർക്കിടയിൽ വളരെ ജനപ്രിയമാണ്. എന്നാൽ, കാലാവസ്ഥയുടെ തീവ്രതയും ബുദ്ധിമുട്ടും കാരണം ഈ പ്രദേശം അപകടകരമാണെന്ന് കണക്കാക്കപ്പെടുന്നു.

Leave a Comment

More News