ന്യൂഡൽഹി: പാക്കിസ്താനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മറ്റൊരു അറസ്റ്റ് കൂടി നടന്നു. കഴിഞ്ഞ കുറച്ച് ദിവസത്തിനുള്ളിൽ ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഹരിയാന യൂട്യൂബർ ജ്യോതി മൽഹോത്രയെ പോലീസ് അറസ്റ്റ് ചെയ്തു. ഹിസാർ പോലീസ് ശനിയാഴ്ച തന്നെ ജ്യോതിയെ കോടതിയിൽ ഹാജരാക്കി, കോടതി അവരെ അഞ്ച് ദിവസത്തെ റിമാൻഡിൽ പോലീസിന് കൈമാറി.
ജ്യോതി മൽഹോത്രയെ കൂടാതെ, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹരിയാനയിൽ നിന്നുള്ള മൂന്ന് പേരെയും പഞ്ചാബിൽ നിന്നുള്ള മൂന്ന് പേരെയും പാക്കിസ്താന് വേണ്ടി ചാരപ്പണി നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്തു. ജ്യോതിയെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്ന് ഹിസാർ പോലീസ് അറിയിച്ചു. ഹിസാർ സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ അവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ജ്യോതിയെ ചോദ്യം ചെയ്തുവരികയാണ്.
ഹിസാർ പോലീസ് പറയുന്നതനുസരിച്ച്, ‘ജ്യോതി പാക്കിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ അവര്‍ സോഷ്യൽ മീഡിയ വഴി അയച്ചുകൊണ്ടിരുന്നു. മൂന്ന് തവണ പാക്കിസ്താൻ സന്ദർശിച്ചിട്ടുള്ള ജ്യോതി ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. ഒരു കൂട്ടം സിഖ് ഭക്തരോടൊപ്പം ജ്യോതി രണ്ടുതവണ പാക്കിസ്താനിലേക്ക് പോയിട്ടുണ്ട്. കൂടാതെ, അവർ ഒരിക്കൽ കർതാർപൂർ സാഹിബ് ഇടനാഴി വഴി അവിടെ പോയിരുന്നു. പാക്കിസ്താൻ എംബസി ജീവനക്കാരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നു.
