ന്യൂഡൽഹി: രാജസ്ഥാനിലെ ദൗസ ജില്ലയിൽ നിന്ന് ‘ഡോക്ടർ ഡെത്ത്’ എന്നറിയപ്പെടുന്ന കുപ്രസിദ്ധ കുറ്റവാളി ദേവേന്ദ്ര ശർമ്മയെ (67) ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇയാള്‍ സന്യാസിയുടെ വേഷം ധരിച്ച് ഒരു ആശ്രമത്തിൽ ഒളിച്ചു കഴിയുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
അറസ്റ്റിലായ ദേവേന്ദ്ര ശർമ്മ ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയാണെന്ന് ക്രൈംബ്രാഞ്ച് ഡിസിപി ആദിത്യ ഗൗതം പറഞ്ഞു. ആയുർവേദ ഡോക്ടറാണെങ്കിലും, സീരിയൽ കില്ലിംഗ്, നിയമവിരുദ്ധ വൃക്ക റാക്കറ്റ്, കൊലപാതകം തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഇയാള്‍ ഉൾപ്പെട്ടിട്ടുണ്ട്. 2002 നും 2004 നും ഇടയിൽ ടാക്സി, ട്രക്ക് ഡ്രൈവർമാരെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കുറ്റവാളി ഇതിനകം ജീവപര്യന്തം തടവ് അനുഭവിച്ചു വരികയായിരുന്നു. എന്നാൽ 2023-ൽ പരോളിൽ പുറത്തിറങ്ങിയ ശേഷം വീണ്ടും ഒളിവിൽ പോയി.
1984-ൽ ബി.എ.എം.എസ്. പൂർത്തിയാക്കി (BAMS) ബിരുദം നേടിയ ശേഷം, ഇയാള്‍ രാജസ്ഥാനിലെ ബണ്ടികുയിയിൽ ‘ജനത ക്ലിനിക്’ എന്ന പേരിൽ ആയുർവേദ ചികിത്സാ പ്രാക്ടീസ് ആരംഭിച്ചു. എന്നാൽ, 1994-ൽ ഒരു ഗ്യാസ് ഏജൻസി കുംഭകോണത്തിൽ 11 ലക്ഷം രൂപ നഷ്ടപ്പെട്ടതിനുശേഷമാണ് ഇയാളുടെ ജീവിതം കുറ്റകൃത്യങ്ങളുടെ പാതയിലേക്ക് നീങ്ങിയതെന്ന് ഡി.സി.പി. പറഞ്ഞു.
1998 നും 2004 നും ഇടയിൽ ദേവേന്ദ്ര ശർമ്മയും ഡോ. അമിത് എന്ന വ്യക്തിയും ചേർന്ന് ഒരു അന്തർസംസ്ഥാന വൃക്ക റാക്കറ്റ് നടത്തിയിരുന്നുവെന്നും 125-ലധികം അനധികൃത വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയെന്നും ഡിസിപി പറഞ്ഞു. ഓരോ ട്രാൻസ്പ്ലാൻറിനും 5 മുതൽ 7 ലക്ഷം രൂപ വരെ തുകയും ലഭിച്ചിരുന്നു.
വൃക്ക റാക്കറ്റിന് പുറമേ, പ്രതിക്ക് തട്ടിക്കൊണ്ടുപോകലുകളിലും കൊലപാതകങ്ങളിലും പങ്കുണ്ടെന്ന് ഡിസിപി പറഞ്ഞു. 2002 നും 2004 നും ഇടയിൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഡസൻ കണക്കിന് ടാക്സി ഡ്രൈവർമാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കൊലപ്പെടുത്തിയവരെയെല്ലാം ഉത്തർപ്രദേശിലെ കാസ്ഗഞ്ചിലെ ഹസാര കനാലിലെ മുതലകൾക്ക് തീറ്റ കൊടുത്തുഅതു കൊണ്ട് തെളിവുകളൊന്നും അവശേഷിച്ചില്ല. ചോദ്യം ചെയ്യലിൽ പ്രതി 50 ലധികം കൊലപാതകങ്ങൾ നടത്തിയതായി സമ്മതിച്ചതായും പോലീസ് പറഞ്ഞു.
“പരോൾ ചാടിയ ശേഷം, ഡൽഹി ക്രൈംബ്രാഞ്ച് സംഘം അലിഗഡ്, ജയ്പൂർ, ഡൽഹി, ആഗ്ര, പ്രയാഗ്‌രാജ്, ദൗസ എന്നിവിടങ്ങളിൽ ആറ് മാസത്തോളം പ്രതിയെ തേടി തുടർച്ചയായ തിരച്ചിൽ നടത്തി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പ്രതി ഒരു സന്യാസിയുടെ വേഷമണിഞ്ഞ് താമസിക്കുന്ന ദൗസയിലെ ഒരു ആശ്രമത്തിൽ പോലീസ് സംഘമെത്തി. ആദ്യം ശിഷ്യന്മാരാണെന്ന് പരിചയപ്പെടുത്തി സംഘം സ്വയം സ്ഥിരീകരിച്ചു, തുടർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിനുശേഷം ചോദ്യം ചെയ്തപ്പോള്‍ അയാൾ പോലീസിനോട് തന്റെ കുറ്റം സമ്മതിച്ചു,” ക്രൈം ബ്രാഞ്ച് ഡിസിപി ആദിത്യ ഗൗതം പറഞ്ഞു.
ഡിസിപിയുടെ അഭിപ്രായത്തിൽ, 2020 ലും 2023 ലും പ്രതിക്ക് പരോൾ ലഭിച്ചു. എന്നാൽ, രണ്ടു തവണയും അയാള്‍ ഒളിവിൽ പോയി. കഴിഞ്ഞ വർഷം ജൂണിൽ രണ്ട് മാസത്തെ പരോൾ ലഭിച്ചെങ്കിലും അയാൾ ജയിലിലേക്ക് തിരികെ എത്തിയില്ല, പോലീസ് കസ്റ്റഡിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഡൽഹി ക്രൈംബ്രാഞ്ച് സംഘം ആറ് മാസത്തോളം രഹസ്യമായി അന്വേഷണം നടത്തിയാണ് ഒടുവിൽ സന്യാസിയായി ജീവിച്ചുകൊണ്ടിരുന്ന ദൗസയിലെ ആശ്രമത്തിൽ നിന്ന് പ്രതിയെ പിടികൂടിയത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങി 27 കേസുകളാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
