ന്യൂയോര്‍ക്ക്: 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇഹലോകവാസം വെടിഞ്ഞ, എഴുത്തുകാരൻ, ഗ്രന്ഥകാരൻ, മികച്ച പത്രപ്രവർത്തകൻ, കഴിവുള്ള സംഘാടകൻ, പ്രഗത്ഭനായ ഭരണാധികാരി, സാഹിത്യകാരൻ, സഹകാരി, സാക്ഷരതാ യജ്ഞ പ്രവർത്തകൻ, സാഹിത്യ സഹകരണ സംഘം പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ആധുനിക കോട്ടക്കലിന്റെ ശില്പി തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ജനമനസ്സുകളില്‍ ഇടം പിടിച്ച, മുന്‍ മന്ത്രി യു എ ബീരാന്റെ 23-ാം ചരമ വാര്‍ഷിക ദിനമായ മെയ് 31ന് അദ്ദേഹത്തിന്റെ മകനും, അമേരിക്കയില്‍ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനും, സാമൂഹിക-സാംസ്ക്കാരിക രംഗത്ത് നിറസാന്നിധ്യവുമായ യു എ നസീര്‍ ഫെയ്സ്ബുക്കിലൂടെ അദ്ദേഹത്തിന്റ് ഓര്‍മ്മകള്‍ പങ്കുവെച്ചു.
നസീറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:
“Please pray for my father UA Beeran Sahib”: ഇന്ന് മെയ് 31, എൻ്റെ പിതാവും കേരളത്തിലെ സമുന്നത രാഷ്ട്രീയ നേതാക്കളിൽ ഒരാളുമായിരുന്ന യു.എ ബീരാൻ സാഹിബ് വിടപറഞ്ഞിട്ട് ഇരുപത്തി നാല്-ആണ്ട് തികയുകയാണ്. മുൻമന്ത്രി,മുസ്‌ലിംലീഗ് നേതാവ്,എഴുത്തുകാരൻ തുടങ്ങി ധാരാളം വിശേഷണങ്ങൾക്കുടമയായിരുന്നു പ്രിയപ്പെട്ട പിതാവ്. എന്നും സ്മരണയിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിലും പ്രത്യേകമായി ഓർമ്മകൾ പങ്കുവെക്കാനുള്ള ഒരു അവസരമായി ഈ ദിവസത്തെ ഞങ്ങൾ കാണുകയാണ്. എഴുത്തുകാരൻ, ഗ്രന്ഥകാരൻ, മികച്ച പത്രപ്രവർത്തകൻ, കഴിവുള്ള സംഘാടകൻ, പ്രഗൽഭനായ ഭരണാധികാരി,സാഹിത്യകാരൻ, സഹകാരി, സാക്ഷരതാ യജ്ഞ പ്രവർത്തകൻ, സാഹിത്യ സഹകരണ സംഘം പ്രവർത്തകൻ, പത്രാധിപർ, പരിഭാഷകൻ, ആധുനിക കോട്ടക്കലിന്റെ ശില്പി തുടങ്ങിയ മേഖലകളിൽ തൻ്റേതായ സ്ഥാനം അടയാളപ്പെടുത്തി പിതാവ് വിട്ടുപിരിഞ്ഞിട്ട് 23 സംവത്സരങ്ങൾ പിന്നിട്ടു എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ ഞങ്ങൾക്കിന്നും സാധിച്ചിട്ടില്ല. കുടുംബത്തിലും രാഷ്ട്രീയത്തിലും എന്തെല്ലാം വിശേഷങ്ങളാണ് ഇതിനകം കഴിഞ്ഞുപോയത്. ആ അവസരങ്ങളിലൊക്കെ പിതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആശിച്ചിട്ടുണ്ട്.
ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈൽ സാഹിബ്, സയ്യിദ് അബ്ദുറഹ്മാൻ ബാഫഖിതങ്ങൾ, പി.എം.എസ്.എ പൂക്കോയ തങ്ങൾ, സി.എച്ച് മുഹമ്മദ്കോയ സാഹിബ്, സേട്ട് സാഹിബ് തുടങ്ങി മഹാരഥന്മാരായ നേതാക്കന്മാരുടെ ഇഷ്ടപ്പെട്ട സഹപ്രവർത്തകൻ. മികച്ച ഭരണകർത്താക്കളായ അച്ചുത മേനോൻ ,പി.കെ വാസുദേവൻ നായർ, കെ.കരുണാകരൻ, ബേബി ജോൺ തുടങ്ങിയ ഘടകകക്ഷി നേതാക്കളുടെ വിശ്വസ്ത ഭരണപങ്കാളി.
സാഹിത്യരംഗത്തെ മുടിചൂടാമന്നന്മാരായ വൈക്കം മുഹമ്മദ് ബഷീർ, തകഴി, എസ്.കെ പൊറ്റക്കാട്, കെ എ കൊടുങ്ങല്ലൂർ , തിക്കോടിയൻ തുടങ്ങിയവരുടെ രാഷ്ട്രീയക്കാരനായ സാഹിത്യ സുഹൃത്ത്. രാമചന്ദ്രൻ, ബാബു പോൾ, കൃഷ്ണയ്യർ, പി.കെ വാര്യർ തുടങ്ങിയ പ്രഗൽഭർക്ക് പ്രിയങ്കരനായ വ്യക്തി ഇങ്ങനെ വിവിധ വശങ്ങളിൽ കൂടി വ്യക്തിമുദ്ര പതിപ്പിച്ച യു.എ ബീരാൻ സാഹിബ് നാടിനും സമുദായത്തിനും വേണ്ടി ജീവിച്ചപ്പോഴും പിതാവെന്ന നിലയിൽ സ്വന്തക്കാർക്കൊ കുടുംബക്കാർക്കൊ ഒന്നും നീക്കി വെക്കാതെ തൻ്റെ ആരോഗ്യം അനുവദിച്ച കാലത്തോളം നിഷ്കാമകർമ്മിയായി പ്രവർത്തിച്ചു.
ശുഭ്ര വസ്ത്രധാരിയായി, ഗൗരവ പ്രകൃതക്കാരനായി, പട്ടാള ചിട്ടയുള്ള നേതാവായി, ഏറ്റെടുത്ത ജോലികൾ കൃത്യമായി ഉത്തരവാദിത്വത്തിലൂടെ ചെയ്തു തീർക്കുന്നതിലും, കൃത്യനിഷ്ടയിലും സമയ പരിപാലനത്തിലും കണിശക്കാരനായി, നേരിട്ടു വന്ന ഏതൊരാൾക്കും രാഷ്ടീയ ജാതി -മത പരിഗണനകളില്ലാതെ സ്വത സിദ്ധമായ ഗൗരവത്തിൽ സഹായം ചെയ്തു കൊണ്ട് എന്നാൽ രാഷ്ട്രീയത്തിന്റെ കപട മുഖം അറിയാതെ നേരെ വാ നേരെ പോ എന്ന രീതിയിൽ ഇവിടെ ജീവിച്ചു മറഞ്ഞ യു എ ബീരാൻ സാഹിബിനെ ക്കുറിച്ചു ഇന്നത്തെ തലമുറയിലെ പലർക്കും വ്യക്തമായി അറിയില്ല എന്നുള്ളതാണ് വാസ്തവം. എങ്കിലും സാധാരണക്കാർ തൊട്ട് സമൂഹത്തിലെ ഉന്നതർക്ക് വരെയും, നാട്ടിലെ കോൽക്കളി – മാപ്പിള കവികൾ മുതൽ പ്രശസ്ത സിനിമാ – കഥകളി ആചാര്യർക്ക് വരെയും അദ്ദേഹം അങ്ങേയറ്റം പ്രിയപ്പെട്ടവനായിരുന്നു.
1960 കളിൽ ചന്ദ്രിക ആഴ്ചപ്പതിപ് കേരളത്തിൽ എഴുതി തുടങ്ങുന്നവർക്ക് തൊട്ട് പ്രശസ്ത സാഹിത്യകാരന്മാർക്ക് വരെ ഇഷ്ടപ്പെട്ട വാരികയായിരുന്നു. കോട്ടക്കൽ പഞ്ചായത്ത് പ്രസിഡന്റ് പദം തൊട്ട് മന്ത്രി പദത്തിൽ വരെ അദ്ദേഹം വളരെ നന്നായി ശോഭിച്ചിരുന്നു. എന്നാൽ, ആദർശ നിഷ്ടയും വ്യക്തിവിശുദ്ധിയും സൂക്ഷ്മമായി നിലനിർത്തിയ കാരണം അദ്ദേഹം ചിലരുടെ കണ്ണിലെ കരടായി മാറ്റിയിരുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. അതുപോലെ എല്ലാവരെയും വിശ്വസിക്കുന്ന സ്വഭാവം ചിലർ മുതലെടുത്തിരുന്നു എന്നതും വാസ്തവം.
എങ്കിലും ബീരാൻ സാഹിബിന്റെ സേവനങ്ങൾ വേണ്ട രീതിയിൽ ഇന്നും അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. സ്വാതന്ത്യ്ര സമരത്തിൽ മഹാത്മാഗാന്ധിജിയുടെ പങ്കുപോലും വ്യക്തമായ ബോധമില്ലാത്ത സോഷ്യൽ മീഡിയയുടെ കലികാലത്തിലാണ് നാം ജീവിക്കുന്നത്. സത്യങ്ങളും പച്ചയായ മാതൃകകളും മണ്ണിട്ട് മൂടാൻ വലിയശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്ത് നമ്മുടെ നേതാക്കന്മാരുടെ ത്യാഗങ്ങളും ചരിത്രവും എന്നും ജ്വലിപ്പിച്ചു നിർത്തേണ്ടത് അത്യാവശ്യമാണ്.
ബീരാൻ സാഹിബിന്റെ ജീവിതം നോക്കിക്കണ്ട പഴയ തലമുറയിൽപ്പെട്ടവരുടെ നല്ല വാക്കുകളിലൂടെയും എഴുത്തുകളിലൂടെയും അദ്ദേഹത്തെ കുറിച്ചുള്ള സ്മരണകൾ നിലനിൽക്കുമ്പോഴും അർഹിക്കുന്ന തരത്തിൽ ഒരു സ്മാരകം ഉണ്ടായില്ല എന്നത് തെല്ല് കുറ്റബോധത്തോടെ ഇവിടെ രേഖപ്പെടുത്തുകയാണ്. അതിന്റെ പേരിൽ അന്തരിച്ച കെ.പി കുഞ്ഞിമൂസ സാഹിബ് അടക്കമുള്ളവരുടെ അദ്ദേഹത്തിന്റെ പ്രിയ സഹപ്രവർത്തകരായ സാംസ്കാരിക നേതാക്കളുടെ ശകാരങ്ങൾ ഞങ്ങൾക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.
ഒട്ടേറെ സാഹിത്യ- സാംസ്കാരിക നായകരുടെയും, രാഷ്ട്രീയ നേതാക്കളുടെയും ഉറ്റ തോഴനായിരുന്ന ബീരാൻ സാഹിബിൻ്റെ പേരിൽ വർഷാവർഷം അർഹതപ്പെട്ടവർക്ക് ഒരു ആദരിക്കൽ ചടങ്ങെങ്കിലും നടത്തണമെന്നതായിരുന്നു അവരുടെയൊക്കെ നിർദ്ദേശങ്ങൾ. യു എബീരാൻ സാഹിബ് ഫൗണ്ടേഷൻ രൂപീകരിച്ചിട്ടുണ്ടെങ്കിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. സാമ്പത്തിക പ്രയാസം തന്നെ കാരണം.

അതുപോലെ അദ്ദേഹം രചിച്ച പുസ്തകങ്ങൾ ക്രോഡീകരിച്ചുകൊണ്ട് പുനഃപ്രസിദ്ധീകരിക്കാനും പദ്ധതികളുണ്ട്. അടുത്ത കാലത്തായി സോഷ്യൽ മീഡിയയിൽ അദ്ദേഹത്തെ കുറിച്ചുള്ള കുറിപ്പുകൾ ധാരാളം വന്നുകൊണ്ടിരിക്കുന്നത് പുതിയ തലമുറ അദ്ദേഹത്തെ പഠിക്കാൻ എത്രത്തോളം താല്പര്യം കാണിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. കൂടാതെ, അദ്ദേഹത്തെ അറിയുന്ന പഴയ സഹപ്രവർത്തകരും , വാഗ്മികളും സുഹൃത്തുക്കളും ചെറുതും വലുതുമായ ഒട്ടേറെ അനുസ്മരണ പ്രഭാഷണങ്ങളും സ്മരണകൾ അയവിറക്കുന്നതും ഇവിടെ മറക്കുന്നില്ല.
അനേകം പേർക്ക് ആശ്വാസവും സന്തോഷവും പകർന്ന, സാഹിത്യലോകത്തിന് തനതായ സംഭാവനകൾ നൽകിയ , നാടിന് സേവനമർപ്പിച്ച പ്രിയ പിതാവിൻ്റെ പരലോക ജീവിത വിജയത്തിന് നാഥൻ തുണക്കട്ടെ – ആമീൻ.
യു.എ നസീർ, ന്യൂയോർക്ക്








പടച്ചവൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Great man.May God bless his eternal life.