‘പുടിൻ മിഡിൽ ഈസ്റ്റിന്റെ സമാധാന ദൂതനാകുമോ?’; ട്രംപുമായുള്ള 50 മിനിറ്റ് ഫോണ്‍ സംഭാഷണത്തില്‍ ഇസ്രായേൽ-ഇറാൻ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്തെന്ന് റഷ്യ

ഇസ്രായേല്‍ ആക്രമണത്തിൽ ആറ് ഉന്നത ഇറാനിയൻ സൈനിക ജനറൽമാർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. സൈനിക യൂണിറ്റുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഒഴിപ്പിക്കാൻ ഇസ്രായേൽ സിവിലിയന്മാരോട് ആവശ്യപ്പെടുകയും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണശാലകളും ലോഞ്ചറുകളും ലക്ഷ്യമിടുകയും ചെയ്തു.

മിഡിൽ ഈസ്റ്റിൽ ഇസ്രായേലും ഇറാനും തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള സമാധാന ശ്രമങ്ങളിൽ പങ്കുചേരാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യു എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രം‌പിനോട് ആവശ്യപ്പെട്ടതായി ക്രെംലിന്‍. ട്രംപും പുടിനും 50 മിനിറ്റ് നീണ്ട ഫോൺ സംഭാഷണം നടത്തിയതായി ക്രെംലിൻ ഉദ്യോഗസ്ഥൻ യൂറി ഉഷാക്കോവ് സ്ഥിരീകരിച്ചു. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കവും സാധ്യമായ പരിഹാരങ്ങളും ചർച്ച ചെയ്തതായി അദ്ദേഹം പറഞ്ഞു.

സംഭാഷണത്തിനിടെ, ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികളെ പുടിൻ വിമർശിച്ചു. ഈ സംഘർഷത്തിൽ മരണസംഖ്യ വർദ്ധിച്ചുവരികയാണെന്നും അത് മുഴുവൻ മിഡിൽ ഈസ്റ്റിനെയും ഗുരുതരമായ പ്രതിസന്ധിയിലാക്കുമെന്നും അദ്ദേഹം ട്രംപിനോട് പറഞ്ഞു. ‘ഈ യുദ്ധത്തിന്റെ ആഘാതം മുഴുവൻ മേഖലയും വഹിക്കേണ്ടിവരും’ എന്ന് അദ്ദേഹം പറഞ്ഞതായിക് ക്രെംലിന്‍ വക്താവ് കൂട്ടിച്ചേര്‍ത്തു.

ഈ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാൻ റഷ്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇരുപക്ഷവും തയ്യാറാണെങ്കിൽ, ചർച്ചകൾക്ക് ഒരു വേദി ഒരുക്കാൻ റഷ്യ തയ്യാറാണെന്ന് പുടിൻ പറഞ്ഞു. അതേസമയം, ട്രംപ് ഈ സംഘർഷത്തെ ആശങ്കാജനകമാണെന്ന് വിശേഷിപ്പിക്കുകയും ‘ഇറാൻ ചർച്ചാ മേശയിലേക്ക് മടങ്ങേണ്ടിവരും. യുഎസ് സംഘം ചർച്ചകൾക്ക് തയ്യാറാണ്’ എന്ന് പറയുകയും ചെയ്തെന്ന് ക്രെംലിന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജൂൺ 2 ന് ഇസ്താംബൂളിൽ റഷ്യയും ഉക്രെയ്നും തമ്മിൽ നടന്ന ചർച്ചയിൽ ഒരു നല്ല സമവായത്തിലെത്തിയതായി പുടിൻ ട്രംപിനോട് പറഞ്ഞു. ജൂൺ 22 ന് ശേഷം ഉക്രെയ്നുമായി ചർച്ച നടത്താൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 48 മണിക്കൂറായി ഇറാനും ഇസ്രായേലും പരസ്പരം മിസൈലുകൾ തൊടുത്തുവിടുകയാണ്. ഇറാനിൽ നിന്നാണ് 80-ലധികം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടത്, അതിൽ 40 എണ്ണം വടക്കൻ ഇസ്രായേലിൽ വീണു. ഈ ആക്രമണത്തിൽ 10 ഇസ്രായേലി സിവിലിയന്മാർ കൊല്ലപ്പെടുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മറുവശത്ത്, ഇറാന്റെ സൈനിക ജനറൽമാരെയും ആണവ ശാസ്ത്രജ്ഞരെയും മിസൈൽ താവളങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ വലിയ തോതിലുള്ള നാശം വിതച്ചു. ഏകദേശം 130 പേർ മരിക്കുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Leave a Comment

More News