പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ എം കെ സാനൂ അന്തരിച്ചു

കൊച്ചി: മലയാളത്തിലെ പ്രമുഖ നിരൂപകൻ, ജീവചരിത്രകാരൻ, വാഗ്മി, പ്രൊഫസർ, കേരള നിയമസഭയിലെ മുൻ അംഗം എന്നീ നിലകളിൽ പ്രശസ്തനായ എം.കെ. സാനൂ (97) ശനിയാഴ്ച വൈകുന്നേരം 5.35 ന് അന്തരിച്ചു. വീഴ്ചയെത്തുടർന്നുണ്ടായ സങ്കീർണതകൾ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ നടക്കും. രാവിലെ 8 മണിക്ക് ഇടപ്പള്ളി അമൃത ആശുപത്രി മോർച്ചറിയിൽ നിന്നുള്ള മൃതദേഹം കൊച്ചി കാരിയ്ക്കാമുറിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. രാവിലെ 9 മണി മുതൽ വീട്ടിൽ പൊതുദർശനത്തിനായി വെച്ചു. തുടർന്ന് എറണാകുളം ടൗൺ ഹാളിലും പൊതുദർശനം നടക്കും.

ദീർഘകാലം എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായിരുന്ന സാനു മാസ്റ്റർക്ക്, അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും കൊച്ചി നഗരവും ഇന്ന് അന്തിമോപചാരം അർപ്പിക്കും.

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ സാഹിത്യ നിരൂപകരിൽ ഒരാളായിരുന്ന എം.കെ. സാനു, ജീവചരിത്ര രചനകളിലൂടെ പ്രശസ്തനായിരുന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ച് എഴുതിയ ‘നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം’ മലയാളത്തിലെ ശ്രദ്ധേയ ജീവചരിത്രങ്ങളിൽ ഒന്നാണ്. പി.കെ. ബാലകൃഷ്ണൻ, വൈക്കം മുഹമ്മദ് ബഷീർ തുടങ്ങിയവരെ ഉൾപ്പെടെ 40-ലധികം പേരുടെ ജീവചരിത്രങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

പ്രായാധിക്യത്തിന്റെ ക്ഷീണമുണ്ടായിട്ടും സാനു മാസ്റ്റർ സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ഭാര്യ എൻ. രത്‌നമ്മ 2023 ഒക്ടോബർ 17 ന് അന്തരിച്ചു. രേഖ, ഗീത, സീത എന്നീ മൂന്ന് പെൺമക്കളും രഞ്ജിത്ത്, ഹാരിസ് എന്നീ രണ്ട് ആൺമക്കളുമുണ്ട്.

Leave a Comment

More News