കൊച്ചി: താര സംഘടനയായ ‘അമ്മ’യിൽ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നു. ചരിത്രത്തിൽ ആദ്യമായി അംഗങ്ങൾ ചേരിതിരിഞ്ഞ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരത്തിലെ ഒരു ഹോട്ടലിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ വോട്ടെടുപ്പ് നടക്കും. വൈകുന്നേരം 4 മണിക്ക് ഫലം പ്രഖ്യാപിക്കും. സംഘടനയിലെ 506 അംഗങ്ങൾക്കും വോട്ടവകാശമുണ്ട്.
വ്യക്തിപരമായ തര്‍ക്കങ്ങളും കേസുമൊക്കെയായി കലുഷിതമായ പ്രചാരണമാണ് നടന്നത്. സംഘടനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ആരോപണ പ്രത്യോരോപണങ്ങള്‍ ഉയര്‍ന്ന തെരഞ്ഞെടുപ്പാണിത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം, സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും ഏറ്റുമുട്ടുന്നു. സ്ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ അമ്മയുടെ നേതൃത്വത്തില്‍ അത് ആദ്യമാകും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും ട്രഷറർ സ്ഥാനത്തേക്കാണ് മൽസരിക്കുന്നത്. പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ ഏഴ് ജനറൽ സീറ്റിലേക്ക് എട്ട് പേരും നാല് വനിതാസംവരണ സീറ്റിലേക്ക് അഞ്ച് പേരും മൽസരിക്കുന്നു.
മോഹന്‍ലാല്‍, സുരേഷ് ഗോപി ഉള്‍പ്പടെയുള്ള പ്രമുഖര്‍ വോട്ടിങിന് എത്തും. മമ്മൂട്ടി ചെന്നൈയിലായതിനാല്‍ എത്താന്‍ ഇടയില്ല.പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,ജനറല്‍ സെക്രട്ടറി,ജോയിന്റ് സെക്രട്ടറി,ട്രഷറര്‍,നിര്‍വാഹക സമിതി അംഗങ്ങള്‍ എന്നീ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്.
