ദോഹ: ദോഹ അൽ മദ്രസ അൽ ഇസ്ലാമിയയിലെ വേനലവധിക്കു ശേഷമുള്ള ക്ലാസ്സുകൾ സെപ്റ്റംബർ 12 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലെ അധ്യയന വർഷത്തേക്കുള്ള (2025-26) അഡ്മിഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു.
ഖത്തറിലെ പ്രവാസി മലയാളി വിദ്യാർഥി സമൂഹത്തിൻ്റെ മത – ധാർമിക ശിക്ഷണ രംഗത്ത് നാല് പതിറ്റാണ്ടോളമായി സ്തുത്യർഹ സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന, നിലവിൽ ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന മദ്രസയിൽ KG മുതൽ 10 വരെ ക്ലാസുകളിലാണ് അധ്യയനം നടക്കുന്നത്. അബൂഹമൂറിൽ പ്രവർത്തിക്കുന്ന മദ്രസയിൽ കെ. ജി മുതൽ 6 വരെ ക്ലാസ്സുകളിലേക്ക് ശനിയാഴ്ചയും (രാവിലെ 8:30 മുതൽ ഉച്ചക്ക് 2 വരെ), 7, 8 ക്ലാസ്സുകളിലേക്ക് വെള്ളി (രാവിലെ 8 മുതൽ 10 വരെ), ശനി (രാവിലെ 8:30 മുതൽ ഉച്ചക്ക് 2 വരെ) ദിവസങ്ങളിലും 9, 10 ക്ലാസ്സുകളിലേക്ക് വെള്ളിയാഴ്ചകളിലുമാണ് (രാവിലെ 8 മുതൽ 10 വരെ) അധ്യയനം നടക്കുന്നത്.
ഖുർആൻ, ഹദീസ്, ഫിഖ്ഹ്, അറബി ഭാഷ, ഇസ്ലാമിക ചരിത്രം, ഇന്ത്യൻ/കേരള മുസ്ലിം ചരിത്രം തുടങ്ങിയവക്ക് പുറമെ പ്രാഥമിക തലത്തിൽ മലയാള ഭാഷാ പഠനത്തിനും മദ്രസാ പാഠ്യക്രമത്തിൽ പ്രാധാന്യം നൽകി വരുന്നു. ബന്ധപ്പെട്ട വിഷയങ്ങളിൽ ഉയർന്ന അക്കാദമിക യോഗ്യതയുള്ള പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
മിതമായ ട്യൂഷൻ ഫീ മാത്രം ഈടാക്കി ഹിക്മ ടാലൻ്റ് സെർച്ച് എക്സാം അടക്കമുള്ള വൈവിധ്യമാർന്ന കോ കരിക്കുലർ ആക്റ്റിവിറ്റികൾക്ക് അർഹമായ പ്രാധാന്യം നൽകുന്ന മദ്രസയിൽ ദോഹയിലെ വിവിധ ഭാഗങ്ങളിലേക്ക് ഫ്രീ ട്രാൻസ്പോർട്ടേഷൻ സൗകര്യം ലഭ്യമാണ്. കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള വിദ്യാർഥികൾക്ക് സൗജന്യ ട്രാൻസ്പോർട്ടേഷൻ സൗകര്യത്തോടെ സ്പെഷെൽ ക്ലാസ്സുകളും ലഭ്യമാണ്.
വിവിധ ക്ലാസ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വെള്ളി (8 am – 9:30 am), ശനി (8:30 am – 1:30 pm) ദിവസങ്ങളിൽ മദ്രസ ഓഫീസിലെത്തി പ്രവേശന നടപടിക്രമങ്ങൾ പൂർത്തീകരിക്കാവുന്നതാണ്.
വിശദവിവരങ്ങൾക്ക് 55839378 നമ്പറിൽ ബന്ധപ്പെടാം.
