“പുടിൻ എന്നെ നിരാശപ്പെടുത്തി, ഉകെയ്നില്‍ ജനങ്ങളെ കൊന്നൊടുക്കുന്നു”: ട്രംപ്

ലണ്ടന്‍: ഉക്രെയ്ൻ യുദ്ധത്തിൽ സമാധാന ചർച്ചകൾക്ക് ഡൊണാൾഡ് ട്രംപും വ്‌ളാഡിമിർ പുടിനും മധ്യസ്ഥത വഹിക്കാൻ ശ്രമിച്ച അലാസ്ക ഉച്ചകോടി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും വ്യക്തമായ ഒരു കരാറിൽ എത്താന്‍ കഴിയാത്തതിന്റെ പേരില്‍ കുണ്ഠിതപ്പെട്ട് ട്രം‌പ്. വ്യാഴാഴ്ച ലണ്ടനിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി മാധ്യമങ്ങളോട് സംസാരിക്കവെ, പുടിൻ തന്നെ നിരാശനാക്കിയെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം ഇപ്പോഴും തുടരുകയാണെന്നും ഉക്രെയ്നില്‍ കാര്യമായ നാശനഷ്ടങ്ങൾ വരുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

“പുടിന്‍ എന്നെ ശരിക്കും നിരാശപ്പെടുത്തി” എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പുടിൻ നിരവധി പേരെ കൊല്ലുകയും കൊല്ലുന്നതിനേക്കാൾ കൂടുതൽ നഷ്ടപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. യുദ്ധം അവസാനിപ്പിക്കാനോ സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനോ പുടിൻ ഒരു കൃത്യമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ട്രംപ് ആരോപിച്ചു.

ഈ വര്‍ഷം ഓഗസ്റ്റ് 15 ന് അലാസ്കയില്‍ ട്രം‌പും പുടിനും ഒരു ഉച്ചകോടി നടത്തിയിരുന്നു. പക്ഷെ, ഉച്ചകോടിയിൽ ഒരു കരാറിലെത്തുന്നതിൽ ഇരുവരും പരാജയപ്പെട്ടു. അതിനുശേഷം മാരകമായ സംഘർഷത്തിന് ഇതുവരെ ശമനം വന്നിട്ടില്ല. ഓഗസ്റ്റിൽ, ഖാർകിവിൽ നടന്ന റഷ്യൻ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 47 പേർക്ക് പരിക്കേറ്റു. ഉക്രേനിയൻ ഡ്രോൺ ആക്രമണത്തിനുള്ള പ്രതികാരമായാണ് ആക്രമണമെന്ന് റഷ്യ അവകാശപ്പെട്ടു. അതേസമയം, കിഴക്കൻ ഉക്രെയ്നിലെ പ്രധാന നഗരങ്ങളിലേക്ക് റഷ്യൻ സൈന്യം മുന്നേറുകയാണ്.

തന്റെ ഭരണകാലത്ത് “പരിഹരിക്കാനാവാത്തത്” എന്ന് കരുതിയ ഏഴ് സംഘർഷങ്ങൾ പരിഹരിച്ചതായാണ് ട്രംപ് ഇപ്പോഴും പറയുന്നത്. ഉക്രെയ്ൻ യുദ്ധത്തിൽ നിന്ന് ഉടൻ തന്നെ നല്ല വാർത്തകൾ പുറത്തുവരുമെന്ന് അദ്ദേഹം അവകാശവാദം ഉന്നയിച്ചിരുന്നു. യുദ്ധം അമേരിക്കയെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും, അത് പരിഹരിക്കേണ്ട ഉത്തരവാദിത്തം ഇപ്പോഴും തനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, തിരഞ്ഞെടുക്കപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. തന്നെയുമല്ല, റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് കാരണക്കാരന്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. “ഞാന്‍ പ്രസിഡന്റായിരുന്നതെങ്കില്‍ യുദ്ധമേ ഉണ്ടാകുമായിരുന്നില്ല” എന്നും ട്രം‌പ് പറഞ്ഞുവെച്ചിരുന്നു.

പുടിനുമായും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും താൻ നിരവധി തവണ സംസാരിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. പുടിനുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു, ട്രംപ് സമ്മർദ്ദം ചെലുത്തിയതിനുശേഷം മാത്രമേ പുടിൻ നടപടിയെടുക്കുന്ന ലക്ഷണങ്ങൾ കാണിച്ചുള്ളൂ. യുദ്ധം അവസാനിപ്പിക്കുന്നതിന് നയതന്ത്ര സമ്മർദ്ദം നിർണായകമാണെന്ന് ഇത് സൂചിപ്പിക്കുന്നു.

യുദ്ധം അവസാനിപ്പിക്കേണ്ടത് തന്റെ കടമയാണെന്ന് ട്രംപ് വീണ്ടും ഊന്നിപ്പറഞ്ഞു. ഭാവിയിൽ സമാധാനത്തിലേക്കുള്ള നടപടികൾ സ്വീകരിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാനും ഇരകളുടെ എണ്ണം കുറയ്ക്കാനും രാഷ്ട്രീയവും നയതന്ത്രപരവുമായ ശ്രമങ്ങൾ ആവശ്യമാണ്. സമാധാന ചർച്ചകളിൽ തന്റെ അനുഭവവും പഠിച്ച പാഠങ്ങളും ഉപയോഗിക്കാനുള്ള അവസരമായാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

 

 

Leave a Comment

More News