ന്യൂയോർക്ക് ടൈംസിന്റെ ‘മികച്ച പുസ്തകങ്ങൾ’: കിരൺ ദേശായിയും അരുന്ധതി റോയിയും പട്ടികയിൽ

ന്യൂയോർക്ക്: ലോകപ്രശസ്ത പത്രമായ ന്യൂയോർക്ക് ടൈംസ് (New York Times) പുറത്തുവിട്ട ഈ വർഷത്തെ മികച്ച പത്ത് പുസ്തകങ്ങളുടെ പട്ടികയിൽ രണ്ട് ഇന്ത്യൻ എഴുത്തുകാർ ഇടംപിടിച്ചു. ഫിക്ഷൻ വിഭാഗത്തിൽ കിരൺ ദേശായിയും നോൺ-ഫിക്ഷൻ വിഭാഗത്തിൽ അരുന്ധതി റോയിയുമാണ് ഈ നേട്ടം കൈവരിച്ചത്.

ബുക്കർ സമ്മാന ജേതാവായ കിരൺ ദേശായിയുടെ  (The Loneliness of Sonia and Sunny) എന്ന നോവൽ ഏറെക്കാലത്തിന് ശേഷമുള്ള അവരുടെ ശക്തമായ തിരിച്ചുവരവാണ്. 1996-നും 2002-നും ഇടയിൽ നടക്കുന്ന രണ്ട് ഇന്ത്യൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന ഈ കൃതി, ഏകാന്തതയുടെയും പ്രണയത്തിന്റെയും വ്യത്യസ്ത തലങ്ങളെ ആഴത്തിൽ ആവിഷ്കരിക്കുന്നു.

അരുന്ധതി റോയിയുടെ (Mother Mary Comes to Me) ആദ്യത്തെ ഓർമ്മക്കുറിപ്പാണിത് . അന്തരിച്ച തന്റെ മാതാവ് മേരി റോയിയുമായുള്ള സങ്കീർണ്ണവും തീക്ഷ്ണവുമായ ബന്ധത്തെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ‘തന്റെ അഭയവും കൊടുങ്കാറ്റുമായിരുന്നു അമ്മ’ എന്ന് വിശേഷിപ്പിക്കുന്ന ഈ പുസ്തകം വൈകാരികമായ സത്യസന്ധത കൊണ്ട് ശ്രദ്ധേയമാണ്.

ന്യൂയോർക്ക് ടൈംസ് എഡിറ്റർമാർ തിരഞ്ഞെടുക്കുന്ന മികച്ച അഞ്ച് ഫിക്ഷൻ, അഞ്ച് നോൺ-ഫിക്ഷൻ പുസ്തകങ്ങളുടെ പട്ടിക ആഗോള സാഹിത്യരംഗത്ത് വളരെ സ്വാധീനമുള്ള ഒന്നാണ്. ഇതിൽ രണ്ട് ഇന്ത്യൻ വംശജർ ഉൾപ്പെട്ടു എന്നത് അഭിമാനകരമായ നേട്ടമായി വിലയിരുത്തപ്പെടുന്നു.

Leave a Comment

More News