തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ സ്ഥാനാരോഹണം നടന്നു; തിരുവനന്തപുരം മേയറായി വി വി രാജേഷും കൊച്ചി മേയറായി വി കെ മിനിമോളും തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ നിന്ന് കോർപ്പറേഷനുകളുടെയും മുനിസിപ്പാലിറ്റികളുടെയും മേയർമാരെ തിരഞ്ഞെടുത്തു. തിരുവനന്തപുരം മേയറായി ബിജെപിയിലെ വി വി രാജേഷും, കൊച്ചി മേയറായി യുഡിഎഫിലെ വി കെ മിനിമോളും തിരഞ്ഞെടുക്കപ്പെട്ടു. മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. 48 വോട്ടുകളാണ് മിനി മോള്‍ക്ക് ലഭിച്ചത്. കണ്ണൂർ മേയറായി യുഡിഎഫിലെ പി ഇന്ദിരയും, തൃശൂർ മേയറായി യുഡിഎഫിലെ ഡോ. നിജി ജസ്റ്റിനും തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷനിൽ സ്വതന്ത്രനായി വിജയിച്ച എം രാധാകൃഷ്ണന്റെ വോട്ട് ഉൾപ്പെടെ 51 വോട്ടുകൾ വി വി രാജേഷിന് ലഭിച്ചതോടെയാണ് അദ്ദേഹത്തിന് മേയര്‍ സ്ഥാനം ലഭിച്ചത്.

പാലാ നഗരസഭയുടെ ചെയർപേഴ്‌സണായി ദിയ ബിനു പുളിക്കക്കണ്ടം തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായ 21 കാരിയായ ദിയ 14 വോട്ടുകൾ നേടിയാണ് വിജയിച്ചത്. കേരള കോൺഗ്രസ് (എം) ആണ് ഇവിടെ പ്രതിപക്ഷം. കോട്ടയം നഗരസഭയിൽ എംപി സന്തോഷ് കുമാറാണ് ചെയർമാൻ.

തലശ്ശേരിയിലെ നഗരസഭയുടെ ചെയർമാനാണ് സിപിഎം നേതാവ് കാരായി ചന്ദ്രശേഖരൻ. ഫറോക്ക് മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ സി ചന്ദ്രികയാണ് ചെയർപേഴ്‌സൺ. ഇവിടെ യുഡിഎഫിന് 23 വോട്ടും എൽഡിഎഫിന് 15 വോട്ടും ലഭിച്ചു. ബിജെപി അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. പട്ടാമ്പി മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് അംഗം ടിപി ഷാജി ചെയർമാനായി. രാമനാട്ടുകര മുനിസിപ്പാലിറ്റിയിൽ യുഡിഎഫിന്റെ എംകെ മുഹമ്മദ് അലി കല്ലട ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2:30 ന് നടക്കും. പഞ്ചായത്തുകളിൽ നാളെയാണ് ചെയർമാൻ തിരഞ്ഞെടുപ്പ്.

സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ കണ്ണൂർ, തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ മേയർ സ്ഥാനം സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്നു. കണ്ണൂർ, കൊല്ലം, തൃശൂർ, കൊച്ചി കോർപ്പറേഷനുകളിൽ യു.ഡി.എഫ് അധികാരത്തിലാണ്. ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി അധികാരത്തിലെത്തി. അതേസമയം കോഴിക്കോട് കോർപ്പറേഷനിൽ മാത്രമേ എൽ.ഡി.എഫ് മേയർ ഉണ്ടാകൂ.

വോട്ടെടുപ്പിന് തൊട്ടുമുമ്പ്, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കൗൺസിലർമാർ ദൈവനാമങ്ങൾ ചൊല്ലി സത്യപ്രതിജ്ഞ ചെയ്തത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎം കൗൺസിലർ എസ്പി ദീപക് രംഗത്തെത്തിയത് ബഹളത്തിന് കാരണമായി. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് ഈ വിഷയം ഉന്നയിക്കേണ്ടതായിരുന്നു എന്ന കളക്ടർ അനുകുമാരിയുടെ പ്രസ്താവനയെ ബിജെപി അംഗങ്ങൾ കൈയടിച്ചു സ്വാഗതം ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫോമുകളിൽ ഒപ്പിട്ട് യോഗത്തിൽ പങ്കെടുത്താണ് അവർ അംഗങ്ങളായതെന്നും, കൂടുതൽ പരാതികൾ ഉണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ പറഞ്ഞു.

Leave a Comment

More News