കവളമുക്കട്ട/മലപ്പുറം: ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ കവളമുക്കട്ടയില്‍ നിര്‍മ്മിച്ചു നല്കുന്ന ഭിന്നശേഷി സൗഹൃദ പകല്‍ വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കും.
ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിര്‍മ്മിച്ചു നല്കുന്ന മാജിക് ഹോം ഭവന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇത്തരമൊരു പകല്‍വീട് വിശ്വപ്രഭ ലൈബ്രറിക്കുവേണ്ടി നിര്‍മിച്ചു നല്‍കുന്നത്. അബ്ദുള്‍ വഹാബ് എം.പി, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ചെണ്ട വിദ്വാന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കായികതാരം ഐ.എം വിജയന് എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിക്കും.
ചടങ്ങില്‍ ഡബ്ലിയു.എച്ച്.ഒ ഇന്ത്യന്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍, മലപ്പുറംജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.ജയപ്രകാശ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈല തോമസ്, നാഷണല്‍ അവാര്‍ഡ് ജേതാവ് ഫാത്തിമ അന്‍ഷി, കൊയിലാണ്ടി ശങ്കര്‍ മെമ്മോറിയല്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ആര്യപ്രകാശ് എന്നിവര്‍ പങ്കെടുക്കും.
വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പകല്‍സമയം ചെലവഴിക്കുവാനും അവരുടെ കൂട്ടായ്മ കാര്യക്ഷമമാക്കുവാനുമായാണ് കവളമുട്ടയില് ഇത്തരമൊരു പകല്‍വീടിന് തുടക്കം കുറിക്കുന്നത്. കവളമുക്കട്ട സ്വദേശി സി.വാസുദേവന്‍ സൗജന്യമായി നല്കിയ 3 സെന്റ് ഭൂമിയിലാണ് ഇരുനില കെട്ടിടം ഒരുങ്ങുന്നത്. രണ്ട് വിശാലമായ ഹാളുകള്‍, ഭിന്നശേഷി സൗഹൃദ ടോയ്ലെറ്റ്, അടുക്കള എന്നിവയാണ് ഈ പകല്വീടിനുള്ളത്.

