
പാലക്കാട്: പാലക്കാട് ജില്ലയുടെ സമാധാന അന്തരീക്ഷത്തെ തകർത്തു സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ അതിക്രമങ്ങളെ ജനാധിപത്യ വിശ്വാസികൾ ഒന്നിച്ചു നിന്ന് ചെറുത് തോല്പിക്കണമെന്ന് വെൽഫെയർ പാർട്ടി
സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.
വളയാർ ആൾക്കൂട്ടക്കൊല, ക്രൈസ്തവർക്കെതിരെ ആക്രമണം എന്നിവയുടെ പശ്ചാത്തലത്തിൽ സംഘപരിവാർ
വംശീയ – വിദ്വേഷ അജണ്ടയെ ചെറുക്കുക എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് ജില്ലാ പ്രസിഡന്റ് കെ.സി. നാസർ ഉദ്ഘാടനം ചെയ്തു.
ലോകം മുഴുവൻ ക്രൈസ്തവ വിശ്വാസികൾ ക്രിസ്മസ് ആഘോഷിച്ചപ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ക്രൈസ്തവ മതവിശ്വാസികൾക്കെതിരെ ഇന്ത്യയിൽ ക്രിസ്മസ് ആഘോഷിക്കരുതെന്ന് ആക്രോശിച്ച് സംഘപരിവാർ വ്യാപകമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പാലക്കാട് ജില്ലയിൽ പുതുശ്ശേരിയിൽ കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തിന് നേരെ സംഘപരിവാർ ആക്രമണം നടത്തി.
ബംഗ്ലാദേശി അല്ലേ എന്ന് ചോദിച്ചു കേരളത്തിലേക്ക് ഉപജീവനത്തിന് വേണ്ടി എത്തിയ ദലിതനായ ഛത്തീസ്ഗഡ് സ്വദേശി രാം നാരായണനെ വാളയാറിൽ ബിജെപിയുടെ നേതൃത്വത്തിൽ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്
വളരെ ഗൗരവമേറിയ സംഭവമാണ്. ഇതിനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുകയും കുറ്റവാളികളെ മുഴുവൻ ശിക്ഷിക്കുകയും ചെയ്യണം.
പാലക്കാട് ജില്ലയിൽ സംഘപരിവാർ അജണ്ടകൾ നടപ്പാക്കി കൊണ്ടിരിക്കുകയാണ്. മാസങ്ങൾക്ക് മുമ്പാണ് പാലക്കാട് നഗരത്തിൽ ഒരു വിദ്യാലയത്തിൽ ബോംബ് പൊട്ടിയത്.
കഴിഞ്ഞ വർഷവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ജില്ലയിലെ എല്ലാ ജനാധിപത്യ വിശ്വാസികളും സംഘപരിവാർ വംശിയതക്കെതിരെ കൈകോർക്കേണ്ടതാണ്.
സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും പോലീസ് അധികാരികളും സംഘപരിവാറിന്റെ വംശയാക്രമണങ്ങളെ ഗൗരവത്തിൽ എടുത്ത് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കെ. സി നാസർ ആവശ്യപ്പെട്ടു.
ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പ്രവർത്തകൻ ഷിബു വടക്കഞ്ചേരി, സംസ്ഥാന വൈസ് പ്രസിഡണ്ട് സാബിർ അഹ്സൻ, NCHRO ഭാരവാഹി കാർത്തികയെൻ , ദളിത് ആക്ടിവിസ്റ്റും മുതലമട പഞ്ചായത്ത് അംഗവുമായ ശിവരാജ് ഗോവിന്ദാപുരം, ജില്ലാ പ്രസിഡന്റ് ആബിദ് വല്ലപ്പുഴ എന്നിവർ സംസാരിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം സുലൈമാൻ സമാപന പ്രഭാഷണം നിർവഹിച്ചു. ജില്ലാ സെക്രട്ടറി ശാക്കിർ പുലാപ്പറ്റ സ്വാഗതവും ശരീഫ് പള്ളത്ത് നന്ദിയും പറഞ്ഞു.
