ആപ്പിലായ ആശാൻ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ)

സി പി എം നേതാവും മുൻ മന്ത്രിയും ആയ മണിയാശാൻ എന്ന് നാട്ടുകാരും സഹപ്രവർത്തകരും വിളിക്കുന്ന എം എം മണിയുടെ ബാല്യവും കൗമാര്യവും കഷ്ടതകളും പട്ടിണിയും നിറഞ്ഞതായിരുന്നു.

കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ ജനിച്ച ആശാൻ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപ് ഇടുക്കി ജില്ലയിലെ വന പ്രദേശത്തേയ്ക്കു കുടിയേറിയപ്പോൾ അവരോടൊപ്പം കാടും മലയും വെട്ടി നിരത്തി തരിശ് ഭൂമിയാക്കി കൃഷി ചെയ്താണ് ജീവിതം ആരംഭിച്ചത്.

ഓല മേഞ്ഞ വീടിനു ചുറ്റും വനം ആയിരുന്നത് കൊണ്ടു നന്നേ ചെറുപ്പം മുതൽ പുലിയെയും കാട്ടാനയെയും തുടങ്ങി വന്യ മൃഗങ്ങളെ കണ്ടാണ് വളർന്നത്.

അറുപതുകളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയിൽ അംഗത്വം എടുത്തു പാർട്ടി പ്രവർത്തനം ആരംഭിച്ച ആശാൻ ഇടുക്കി ജില്ലയിൽ പാർട്ടിയെ കെട്ടിപൊക്കാൻ അഹോരാത്രം പണിയെടുത്തു.

ആശാൻ പാർട്ടിക്ക് കൊടുത്ത സംഭാവനകൾ പരിഗണിച്ചു സി പി എം സംസ്‌ഥാന നേതൃത്വം എൺപത്തിയഞ്ചിൽ ആശാനെ പാർട്ടിയുടെ ഇടുക്കി ജില്ലാ സെക്രട്ടറി ആക്കി നിയമിച്ചു.

തൊണ്ണൂറ്റി ആറിൽ ആശാന്റെ പാർട്ടിക്കുവേണ്ടിയുള്ള അതി കഠിനമായ പ്രവാർത്തനങ്ങൾക്കു ഫലം ഉണ്ടായി. ആ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എം ഉടുമ്പഞ്ചോല സീറ്റ് നൽകിയത് മണിയാശാൻ എന്ന പാർട്ടി പോരാളിക്കായിരുന്നു.

കോൺഗ്രസിനു വേണ്ടി കളത്തിൽ ഇറങ്ങിയ ഇ എം ആഗസ്തിയുമായി നേർക്കു നേർ ഏറ്റുമുട്ടിയ ആശാൻ പൊരിഞ്ഞ പോരാട്ടം കാഴ്ച വച്ചെങ്കിലും ഒടുവിൽ നിസാര മാർജിനു കോൺഗ്രസിന്റെ യുവ രക്തം ആയിരുന്ന ആഗസ്ത്തിയോട് അടിയറവു പറയേണ്ടി വന്നു.

പിന്നീട് നീണ്ട ഇടവേള തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ആശാന്റെ പിന്നീടുള്ള പ്രവർത്താനം മുഴുവൻ പാർട്ടിയെ ഇടുക്കി ജില്ലയിൽ കൂടുതൽ ശക്തിപ്പെടുത്തുവാൻ ആയിരുന്നു.

തന്റെ ചെറുപ്പകാലത്തെ വളരെ കാഠിന്യം ഏറിയ ജീവിതം ആശാനെ വളരെ പരുക്കൻ ആക്കിയിരുന്നു എങ്കിലും വളരെ നിഷ്കളങ്കനും ശുദ്ധനും അഴിമതി തൊട്ടു തീണ്ടാത്ത രാഷ്ട്രീയ നേതാവും ആയിരുന്നു മണിയാശാൻ.

കേരളത്തിലെ കമ്മ്യൂണിസ്റ് പാർട്ടിയിൽ വിഭാഗീയത ഉണ്ടായപ്പോൾ അച്ചൂതാനന്ദനോടൊപ്പം അടിയുറച്ചു നിന്ന ആശാൻ പക്ഷേ രണ്ടായിരത്തി ആറിൽ അച്ചൂതാനന്ദൻ മുഖ്യമന്ത്രി ആയപ്പോൾ ഐ എ എസ് ഉദ്യോഗസ്‌ഥൻ സുരേഷ്കുമാറിന്റെ നേതൃതൊത്തിൽ മൂന്നഗ ധൗത്യ സേനയെ മൂന്നാറിലെ അനധികൃത റിസോർട്ടുകൾ പൊളിക്കുവാൻ വിട്ടപ്പോൾ മുതൽ അതിൽ എതിർപ്പ് കാണിച്ചു പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനുമായി അടുത്തു.

പിണറായിയുമായി പിന്നീട് വളരെ അടുത്ത ബന്ധം സ്‌ഥാപിച്ച ആശാൻ പിണറായി ഒരിക്കൽ മൂന്നാറിൽ പ്രസംഗിക്കുവാൻ വന്നപ്പോൾ ആണ്‌ തന്റെ ചെറുപ്പം മുതൽ ഉള്ള സിഗരറ്റു വലി പിണറായിയുടെ സ്നേഹത്തോടെയുള്ള ശാസനയിൽ ഉപേക്ഷിച്ചത്.

വളരെ സ്നേഹമുള്ളവനും ദീർഘവീക്ഷണം ഉള്ള രാഷ്ട്രീയ നേതാവും ആണെങ്കിലും ആശാന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള ഒരു കുഴപ്പം വിഡ്ഢിത്തരങ്ങൾ വിളിച്ചു പറയുവാൻ ഒരു അറപ്പും ആശാനെ തൊട്ടു തീണ്ടിയിട്ടില്ല എന്നുള്ളതാണ്. അതുകൊണ്ട് ആശാൻ പലപ്പോഴും പടുകുഴിയിൽ പോയി വീണിട്ടുമുണ്ട്.

രണ്ടായിരത്തി പന്ത്രണ്ടിൽ മൂന്നാറിനടുത്തു ആശാൻ പ്രസംഗിച്ചു കൊണ്ടിരുന്നപ്പോൾ താൻ എതിർ രാഷ്ട്രീയക്കാരെ ഒന്ന് രണ്ട് മൂന്നു എന്ന് പറഞ്ഞു വകവരുത്തിയിട്ടുണ്ട് എന്ന് പറഞ്ഞത് വിവാദം ആയി പിന്നെ ഒടുവിൽ പോലീസ് കേസെടുത്തു ആശാന് ഒരു വർഷത്തോളം ഇടുക്കി ജില്ലയിൽ നിന്നും മാറി ഒളിവിൽ പോകേണ്ടി വന്നു.

രണ്ടായിരത്തി പതിനാറിൽ ഒന്നാം പിണറായി ഗവണ്മെന്റിൽ മന്ത്രി ആയിരുന്ന ഇ പി ജയരാജൻ ബന്ധു നിയമനത്തെ തുടർന്ന് വിവാദം ഉണ്ടായി രാജി വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ സീനിയർ നേതാവ് സുരേഷ് കുറുപ്പിനെ മറികടന്നു വൈദ്യുതി മന്ത്രി ആക്കിയത് തന്റെ നാവായി പ്രവർത്തിക്കുന്ന ആശാനെ ആയിരുന്നു.

ആശാൻ ഏറ്റവും കൂടുതൽ വിഡ്ഢിത്തരങ്ങൾ വിളിച്ചു പറഞ്ഞു വിവാദത്തിൽ പെട്ടത് മന്ത്രി ആയിരുന്ന സമയത്തായിരുന്നു.

ബി ജെ പി നേതാവ് ഒ രാജഗോപാൽ നേമത്തു ജയിച്ചത്‌ വയോധികൻ ആയത് കൊണ്ടു ജനങ്ങൾ സഹതാപത്താൽ വോട്ടു ചെയ്തത് കൊണ്ടു ആണെന്ന് പറഞ്ഞ ആശാൻ ദേവികുളം സബ് കളക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമനെയും വെറുതെ വിട്ടില്ല.

ഇടുക്കിയിൽ ചെറുതോണിയിലെ ഒരു പോളിടെക്‌നിക് പ്രിൻസിപ്പലിനെ കളിയാക്കിയ ആശാൻ അവിടെ ഉണ്ടായിരുന്ന ഒരു പോലീസ് സബ് ഇൻസ്‌പെക്ടറെയും ഒന്ന് ഊതി വിട്ടു.

രണ്ടായിരത്തി പതിനെട്ടിൽ കേരളം മുഴുവൻ പ്രളയം ഉണ്ടായപ്പോൾ അന്ന് വൈദ്യുതി മന്ത്രി ആയിരുന്ന ആശാൻ അറിഞ്ഞാണ് ഡാം തുറന്നു വിട്ടത് എന്ന് പറഞ്ഞു പ്രതിപക്ഷം ബഹളം ഉണ്ടാക്കിയപ്പോൾ അതിന് മറുപടി പറഞ്ഞു പറഞ്ഞു മടുത്ത ആശാനെ പറ്റിയുള്ള ട്രോളുകൾ കൊണ്ടു സോഷ്യൽ മീഡിയയിൽ തരംഗം ആയി.

മുഖ്യമന്ത്രി പറഞ്ഞിട്ടായിരിക്കും കുറച്ചു കാലമായി മിണ്ടാട്ടം ഇല്ലാതിരുന്ന ആശാൻ ഒടുവിൽ വീണ്ടും വിവാദത്തിൽ പെട്ടിരിയ്ക്കുകയാണ്. ലോക്കൽ ബോഡി ഇലക്ഷനിൽ ഇടതു മുന്നണി അല്പം കടുത്ത പരാജയം ഏറ്റു വാങ്ങിയപ്പോൾ പ്രതികരണത്തിന് ചെന്ന ചാനലുകാരോട് ആശാൻ പറഞ്ഞത് പെൻഷൻ കാശ് വാങ്ങി ശാപ്പാട് കഴിച്ചിട്ട് ജനങ്ങൾ വോട്ടു ചെയ്തില്ല എന്നാണ്.

ഇനിയിപ്പോൾ നാലു മാസത്തിനുള്ളിൽ നടക്കാൻ ഇരിക്കുന്ന നിയമസഭ തെരെഞ്ഞെടുപ്പ് കഴിയുന്നത് വരെ ആശാൻ ഒന്നും പുലമ്പാതിരിക്കാൻ ആശാനെ വീട്ടിനുള്ളിൽ തന്നെ ഇരുത്തുമോ?

Leave a Comment

More News