കണ്ണൂർ രാമന്തളിയിലെ ആ വീട്ടിൽ സംഭവിച്ചത് ഒരു വ്യക്തിയുടെ ആത്മഹത്യ അല്ല. അത് നമ്മുടെ നിയമസംവിധാനം വർഷങ്ങളായി വളർത്തിപ്പോറ്റിയ ഒരു നിയമ അസമത്വത്തിന്റെ ഭീകരമായ അന്തിമഫലമാണ്.
ഈ ക്രിസ്മസ് നാളിൽ, സ്റ്റാർ തൂങ്ങിയ ആ വീട്ടിൽ, ഒരു അച്ഛനും തന്റെ പിഞ്ചു മക്കളും മരണത്തിലേക്ക് നടന്നു നീങ്ങിയത് നമ്മുടെ നാട്ടിൽ ഇന്ന് നിലനിൽക്കുന്ന അമിത സ്ത്രീപക്ഷ നിയമങ്ങളുടെ ഇരയായിട്ടാണ്. കോടതിയിൽ കുടുംബ പ്രശ്നങ്ങൾ നിലനിൽക്കെ, ഭാര്യ ഭർത്താവിനെ വ്യാജ പോക്‌സോ കേസിൽ പെടുത്തിയപ്പോൾ അഭിമാന ക്ഷതമേറ്റയാൾ ജീവനൊടുക്കുകയായിരുന്നു. സ്വന്തം കുഞ്ഞിനോടൊപ്പം ! ഹരജിക്കാരിയായ ഭാര്യക്ക് തീർച്ചയായും സന്തോഷിക്കാം. നീതി നടപ്പായി ! കോടതിക്കും ! അപ്പോഴും ഉയരുന്ന ഒരു സംശയം, നമ്മുടെ നിയമ വ്യവസ്ഥ കുറ്റമറ്റതാണോ? ഈ അമിത സ്ത്രീപക്ഷ നിയമങ്ങൾ ചിലർ എങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോ?
അയാൾ വ്യാജ കേസിൽ പെട്ടാലും, കുട്ടിയെ കൊല്ലാൻ അയാൾക്ക് എന്തധികാരം, അയാൾ ജീവിച്ചു കാണിക്കുക അല്ലെ വേണ്ടത് എന്നും ഒരു കൂട്ടം സ്ത്രീപക്ഷ വാദികൾ ചോദിക്കുന്നത് കണ്ടു. അവരോടു ഒരേ ഒരു ചോദ്യം, ഒരു പോക്‌സോ കേസിൽ പെട്ടയാളെ നിങ്ങൾ ഉൾപ്പെടുന്ന സമൂഹം എങ്ങിനെയാണ് കാണാറുള്ളത് എന്ന് നിക്ഷ്പക്ഷമമായി ആലോച്ചിച്ചു നോക്കൂ. പറയാൻ എളുപ്പമാണ്, ജീവിച്ചു കാണിക്കാൻ ബുദ്ധിമുട്ട് തന്നെയാണ്.
ഇത് ദൗർഭാഗ്യമല്ല, അപകടമല്ല. ഇത് നിയമസംവിധാനം തന്നെ സൃഷ്ടിച്ച് എടുത്ത ഒരു സാമൂഹ്യ കൊലപാതകം തന്നെയാണ്.
നമ്മുടെ ഭരണഘടനയുടെ ആത്മാവ് :
ഭരണഘടനയുടെ ആർട്ടിക്കിൾ 14 പറയുന്നത് വളരെ വ്യക്തമാണ്. “രാജ്യത്തിലെ എല്ലാ പൗരന്മാരും – പുരുഷനോ സ്ത്രീയോ എന്ന വ്യത്യാസമില്ലാതെ – നിയമത്തിന് മുന്നിൽ തുല്യരാണ്. ഈ വകുപ്പ്എല്ലാവർക്കും തുല്യമായ നിയമ സംരക്ഷണവും ഉറപ്പ് വരുത്തുന്നു.
ഭരണഘടനയുടെ തന്നെ ആർട്ടിക്കിൾ 15 (3 ) എന്ന ഉപവ്യവസ്ഥ:
ആർട്ടിക്കിൾ 15 പ്രകാരം പൗരന്മാർക്കിടയിൽ\ജാതി, മതം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന് വ്യക്തമാക്കുന്നു. എന്നാൽ അതിലെ തന്നെ മൂന്നാം ഉപവ്യവസ്ഥ പറയുന്നു:
“സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന നിയമങ്ങൾ നിർമ്മിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്” എന്നും.
എന്നാൽ, ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, അനുച്ഛേദം 15 (3) എന്നത്, അനുച്ഛേദം 14 ഉറപ്പ് നൽകുന്ന തുല്യതയെയും സമത്വത്തേയും തകർക്കാനുള്ള അനുമതിയല്ല. പതിനാലാം അനുച്ഛേദത്തെ ഇല്ലാതാക്കാനുള്ള ലൈസൻസുമല്ല. എന്നാൽ, ഇന്ന് നടക്കുന്നത് എന്താണ്?
പതിനഞ്ചാം അനുച്ഛേദത്തിന്റെ മൂന്നാം ഉപവ്യവസ്ഥയുടെ മറവിൽ, സ്ത്രീയെയും പുരുഷനെയും വേർതിരിച്ച്, തികച്ചും, അസംതുലിത നിയമങ്ങൾ ഉണ്ടാക്കി, അനുച്ഛേദം 14 ഉറപ്പ് വരുത്തുന്ന തുല്യതയെയും തുല്യ നിയമ സംരക്ഷണത്തെയും കാറ്റിൽ പറത്തുകയാണ്. കൂടാതെ, അനുച്ഛേദം 15 ( 3 ) പിൻബലത്തിൽ യാതൊരു ദീർഘ വീക്ഷണവും ഇല്ലാതെ “സ്ത്രീ സൗഹൃദ ” നിയമങ്ങൾ എന്ന പേരിൽ നിരവധി പുതിയ പുതിയ അപകടകരമായ നിയമങ്ങൾ നിലവിൽ വരുന്നു. ഇതിലെ പ്രത്യേക നിയമ വശങ്ങൾ ദുരുപയോഗം ചെയ്ത് ചില ദുഷ്ടലാക്കുള്ള സ്ത്രീകൾ മുമ്പോട്ട് വരാൻ തുടങ്ങിയതോട് കൂടി , കുടുംബ കോടതി കേസുകളിൽ എങ്കിലും സാമൂഹിക നീതി എന്നത് ഇല്ലാതായി . മുൻപ് , ഒരു സ്ത്രീ, ഭർത്താവ് സ്ത്രീധനം ആവശ്യപെട്ടു എന്ന് പോലീസ് സ്റ്റേഷനിൽ പോയി ഒരു വ്യാജ പരാതി കൊടുത്താൽ, ഭർത്താവ് ജയിലിൽ ആവുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിരുന്നു. 498- A IPC എന്ന നിയമ പ്രകാരം ! പരാതി വ്യാജമായിരുന്നു എന്ന് ഭർത്താവിന് കോടതിയിൽ വർഷങ്ങൾക്ക് ശേഷം തെളിയിക്കാനേ മാർഗ്ഗം ഉണ്ടായിരുന്നുള്ളൂ . അപ്പോഴേക്കും അയാൾക്ക് കുറച്ച് ദിവസം ജയിലിൽ കിടക്കേണ്ടിവന്നിട്ടുണ്ടാകും. അതിന് ആര് ഉത്തരം പറയും ?
അത്തരത്തിൽ, നിരവധി വ്യാജ പരാതികൾ വരാൻ തുടങ്ങിയപോൾ, നിരവധി പേർ ജയിലിൽ ആയപോൾ, സുപ്രീം കോടതിക്ക് തിരിച്ചറിവ് ഉണ്ടായി. അത്തരം കേസുകളിൽ അറസ്റ്റ് നിയന്ത്രിച്ച് കൊണ്ട് പല നിർദ്ദേശങളും വന്നു.
ഇപ്പോഴും ആ നിയമങ്ങൾ നിലനിൽക്കുന്നു. പുതിയ രൂപത്തിലും ഭാവത്തിലും എന്ന് മാത്രം ! BNS വകുപ്പുകൾ 85 , 86 എന്ന രീതിയിൽ.
പിന്നെ, വന്നതാകട്ടെ, ഗാർഹിക പീഡന നിരോധന നിയമം 2005 ! തത്വത്തിൽ ഇതേ ഉദ്ദേശ്യത്തോടെ വന്ന ഈ നിയമം ആകട്ടെ, തികച്ചും ഏകപക്ഷീയമാണ് എന്ന് ആരും സമ്മതിക്കും , സ്ത്രീ പക്ഷ വാദികൾ ഒഴികെ.
ഇത് പ്രകാരം ഭാര്യ മജിസ്‌ട്രേറ്റ് കോടതിയിൽ ഒരു പരാതി കൊടുത്താൽ, എതിർ കക്ഷിയായ ഭർത്താവിനെ കേൾക്കാതെ തന്നെ താൽക്കാലിക ഉത്തരവുകൾ പുറപെടുവിക്കാൻ കോടതിക്ക് ഈ നിയമം അനുവാദം നൽകുന്നു. എന്ത് പരാതിയായാലും എതൃകക്ഷിയെ കേട്ട ശേഷം മാത്രമേ ഉത്തരവ് പുറപെടുവിക്കാവൂ എന്ന നിയമത്തിലെ അടിസ്ഥാന തത്വം തന്നെ ഇവിടെ അട്ടിമറിക്കെപെട്ടു. ഭർത്താവിൻ്റെ സ്വന്തം ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ പോലും പ്രവേശിക്കരുത് എന്ന “തലതിരിഞ്ഞ ” നിരോധന ഉന്നതവ് പുറപെടുവിക്കാൻ പോലും കോടതിക്ക് ഈ നിയമം അനുവാദം നൽകുന്നു ! അപ്പോൾ പിന്നെ , അത് ചില സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം , നിലവിലുള്ള ഇത്തരം നിയമങ്ങളെയും ഇത്തരത്തിലുള്ള നിയമങ്ങൾ നിർമ്മിച്ച നിയമ നിർമാതാക്കളെയല്ലേ കുറ്റം പറയേണ്ടത്.
BNSS 144 വകുപ്പ് (പഴയ CrPC വകുപ്പ് 125 ) പ്രകാരമുള്ള ഭാര്യാ-പരിപാലന നിയമം ഒരു സംരക്ഷണ നിയമമാണോ , അതോ, പുരുഷ ശിക്ഷാ നിയമമാണോ ?
നിലവിലെ , BNSS 144 വകുപ്പ് പ്രകാരം ( പഴയ CrPC വകുപ്പ് 125) പ്രകാരം ഭർത്താവ് ഭാര്യയെ മാസാമാസം സാമ്പത്തികമായി പരിപാലിക്കണം എന്നതാണ് നിയമം. അതും അവളുടെ മരണം വരേയോ , അതോ , അവളുടെ , പുനർവിവാഹം വരേയോ ! ഇവിടെ വിവാഹബന്ധം നിലനിൽക്കുന്നോ ഇല്ലയോ എന്നത് പ്രശ്നമല്ല, ഏറ്റവും രസകരമായ കാര്യം , ഭാര്യ ചതിയിലൂടെ , അല്ലെങ്കിൽ എന്തെങ്കിലും കാര്യങ്ങൾ മറച്ചു വെച്ചിട്ടാണ് വിവാഹം നടത്തിയെടുത്തത് എന്ന് കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞാൽ ഒരു ഹിന്ദുവിന് , ഹിന്ദു മാരിയേജ് ആക്ട് 1955 11 ഉം 12 ഉം വകുപ്പുകൾ പ്രകാരം വിവാഹബന്ധം റദ്ദ് ചെയ്യ്തു കിട്ടാനുള്ള “ദയ ” കുടുംബ കോടതി നൽകിയിട്ടുണ്ട് . ഇത് ക്രിസ്തിയാനിക്കു ഇന്ത്യൻ ഡിവോഴ്സ് ആക്ട് വകുപ്പ് 18 ഉം 19 വകുപ്പുകൾ പ്രകാരവും ആണ് . പക്ഷെ , ഇങ്ങനെ വിവാഹം റദ്ദ് ചെയ്യപ്പെട്ടാൽ പോലും ഭർത്താവ് ഭാര്യക്ക് ചിലവിന് കൊടുക്കണോ എന്നകാര്യത്തിൽ പല കുടുംബ കോടതികൾക്കും പല കാഴ്ചപ്പാടുകളാണ് എന്നതാണ് ഏറെ വിചിത്രം !
ഇനി , അതാണങ്കിലോ, ഭർത്താവിന് വരുമാനം ഇല്ലെങ്കിലും, ഭാര്യയ്ക്ക് സമ്പത്തുണ്ടെങ്കിലും, ഭർത്താവ്, മാസാമാസം, ചെലവിന് ഉള്ള തുക നൽകണം. അഥവാ, അങ്ങിനെ പരിപാലന തുക നൽകാൻ കഴിയാതെ വന്നാലോ ,
അതിന് ആനുപാതികമായ ജയിൽ ശിക്ഷ അനുഭവിക്കണം . വിവാഹമോചിത സ്ത്രീക്കും ഈ തുകക്ക് അർഹത ഉണ്ട് .
ഇവിടെ ചില ചോദ്യങ്ങൾ ഉയരുന്നു:
* ഇത് വെറും ഒരു സിവിൽ ബാധ്യതയല്ലേ, അല്ലാതെ , എങ്ങിനെ ഒരു ക്രിമിനൽ കുറ്റം ആവും ?
* ഒരു സിവിൽ ബാധ്യതയെ ക്രിമിനൽ കുറ്റമാക്കി നിയമം വഴി മാറ്റുന്നത് ന്യായമാണോ ?
* സാധാരണ സിവിൽ തർക്കങ്ങളിൽ പറയാറുള്ള , “വരുമാനം ഇല്ലെന്ന” വാദം ഇവിടെ എന്തുകൊണ്ട് അംഗീകരിക്കപ്പെടുന്നില്ല ?
* സ്ത്രീ സാമ്പത്തികമായി ഉയർന്ന സാമ്പത്തിക നിലയിലാണെങ്കിൽ, ജീവിത പങ്കാളിയായ , പുരുഷനെ പരിപാലിക്കേണ്ട നിയമപരമായ ബാധ്യത സ്ത്രീക്കും വേണ്ടതല്ലേ ?
ഇത് സ്ത്രീ സംരക്ഷണ നിയമമല്ല, മറിച്ച് പുരുഷനുള്ള ഒരു ശിക്ഷാ നിയമം മാത്രമാണ് ‘ ഈ നിയമം അനുച്ഛേദം 14 ഉറപ്പ് തരുന്ന തുല്യതയല്ല, മറിച്ച്, വെറും ഏകപക്ഷീയത മാത്രമാണ് ഉറപ്പ് വരുത്തുന്നത്. മറ്റ് പല വികസിത രാജ്യങ്ങളും സ്ത്രീയെയും പുരുഷനെയും എല്ലാ അർത്ഥത്തിലും തുല്യരായി ആണ് കാണുന്നത്. അത് കൊണ്ട് തന്നെ അവിടൊന്നും ഇതുപോലെ ഭ്രാന്തൻ നിയമങ്ങൾ ഇല്ല . അവിടെ മറ്റൊരു മനോഹര നിയമം കൂടി ഉണ്ട് ! അവിടെ കുട്ടികളുടെ വിദ്യാഭ്യാസം, ക്ഷേമം തുടങ്ങിയവ സേറ്ററ്റിൻ്റെ ഉത്തരവാദിത്തം ആണ്. അല്ലാതെ ഇവിടുത്തെ പോലെ മാതാപിതാക്കളുടെ ഉത്തരവാദിത്തമല്ല. ഇവിടെ നിയമനിർമ്മാണത്തിൽ പോലും വോട്ട് ബാങ്ക് രാഷ്ടീയം കളിക്കുന്ന രാഷ്ടീയ നേതൃത്വം ഭരണതലപ്പത്ത് എത്തുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും മൂല കാരണം.
വിവാഹമോചനവും നഷ്ടപരിഹാരവും:
കുടുംബ കോടതി വിവാഹ മോചനം, പ്രഖ്യാപിക്കുമ്പോൾ, രണ്ട് പേർക്കും ആണ് ജീവിതം നഷ്ടപെടുന്നത്.
ആല്ലാതെ, സ്ത്രീക്ക് മാത്രമല്ല ‘ പിന്നെ എന്ത് കൊണ് ഭർത്താവ് ഭാര്യക്ക് നഷ്ടപരിഹാരം നൽകണം എന്ന് പറയുന്നത് ?
ഇതും അനുച്ഛേദം 14 ഉറപ്പ് തരുന്ന തുല്യതക്കും , തുല്യ നിയമ പരിരക്ഷക്കും എതിരല്ലേ ?
ഇത്തരം കേസുകളിൽ സാധാരണ സംഭവിക്കുന്നത് ഈ കാര്യങ്ങളാണ് :
1. വിവാഹബന്ധം തകരുമ്പോൾ സ്ത്രീക്ക് പുരുഷൻ നഷ്ടപരിഹാരം നൽകിയിരിക്കണം.
2 . നഷ്ടപരിഹാരം നൽകുക എന്നത് പുരുഷൻ്റെ മാത്രം ബാധ്യത. ആകുന്നു.
ഒരു വിവാഹ ബന്ധം തകരുമ്പോൾ സ്ത്രീയുടെ ജീവിതത്തിൽ മാത്രമാണോ നഷ്ടം ഉണ്ടാവുന്നത് ? പുരുഷന്റെ ജീവിതത്തിലും നഷ്ടം ഉണ്ടാവുന്നില്ലേ ? പുരുഷന് നഷ്ടപരിഹാരം നൽകും?
ഇങ്ങിനെയുള്ള നിയമങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ആത്മാവിനെ തകർക്കുന്നതല്ലേ ?
വിവാഹ വാഗ്ദാനവും ലൈംഗിക ബന്ധവും ക്രിമിനൽ കുറ്റകൃത്യങ്ങളും :
ഒരു പുരുഷൻ വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീയുമായി ലൈംഗിക ബന്ധം സ്ഥാപിച്ച് പിന്നീട് പിന്മാറിയാൽ അത് ഗുരുതരമായ ലൈംഗിക കുറ്റകൃത്യമായി മാറുന്നു. BNS വകുപ്പ് 64 പ്രകാരം ( പഴയ വകുപ്പ് 376 IPC) ബലാൽസംഗം ആയി മാറുന്നു. ഈയിടെ ആയി ഹൈകോടതികളും സുപ്രീം കോടതികളും ഈ രീതിയെ നിശിതമായി വിമർശിക്കുന്നുണ്ടെങ്കിലും , ഈ വകുപ്പുകൾ ഇന്നും നിലനിൽക്കുന്നുണ്ട് . എത്രയോ പേർ ജയിലിൽ ആകുന്നും ഉണ്ട് .
എന്നാൽ മറിച്ചുള്ള സാഹചര്യത്തിൽ എന്ത് കൊണ്ട് നിയമം മൗനം പാലിക്കുന്നു. ഒരു സ്ത്രീ വിവാഹ വാഗ്ദാനം നൽകി ഒരു പുരുഷനുമായി ലൈംഗിക ബന്ധം സ്ഥാപിച്ച്അയാളുടെ സമ്പത്തും ജീവിതവും ചൂഷണം ചെയ്ത് പിന്നീട് മറ്റൊരാളെ വിവാഹം കഴിച്ചാൽ —’ അതും ഒരു ക്രിമനൽ കുറ്റമല്ലേ ? അങ്ങിനെ വന്നാൽ പുരുഷന് ഏത് നിയമപ്രകാരം പരാതി നൽകാം ?
ഇത് അപൂർവ്വമായേ നടക്കാറുള്ളൂ എന്നതാണോ ഇത്തരം നിയമങ്ങൾ ആവശ്യമില്ല എന്നതിന് കാരണമായി പറയാവുന്ന കാരണം . നിയമങ്ങളും വകുപ്പുകളും എല്ലാ അത്യാവശ്യഘട്ടങ്ങളെയും കണക്കിലെടുക്കേണ്ടതല്ലേ !
ഇന്ന് പുരുഷന് നേരെ ലൈംഗിക കുറ്റകൃത്യം നടന്നാൽ പോലും അത് പരാതിപ്പെടാൻ നമ്മുടെ നിയമങ്ങളോ ഫോറങ്ങളോ പര്യാപ്തമല്ല . ഇത് ലിംഗവിവേചനം അല്ലേ ?
തെളിവ് നിയമത്തിലെ മുൻവിധിയോടെ ഉള്ള ചില അനുമാനങ്ങൾ : നീതിയോ അതോ മുൻവിധിയോ ?
1. വിവാഹത്തിന് ശേഷം ഏഴ് വർഷത്തിനകം ഭാര്യയുടെ മരണം
വകുപ്പ് 113 A തെളിവെടുപ്പ് നിയമം പ്രകാരം ഒരു സ്ത്രീ വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനകം ആത്മഹത്യ ചെയ്താൽ
ഭർത്താവും ബന്ധുക്കളും വകുപ്പ് 80 BNS (304 B IPC) പ്രകാരം കുറ്റക്കാരാണെന്ന് കോടതി മുൻകൂട്ടി അനുമാനിക്കണമെന്നു പരോക്ഷമായി പറഞ്ഞു വെക്കുന്നുണ്ട് , പ്രതികൾക്ക് അത് തെറ്റാണെന്നു തെളിയിക്കാമെങ്കിലും . പ്രോസിക്യൂഷന് കുറ്റം തെളിയിക്കേണ്ട ബാധ്യത ഉണ്ട് എന്നത് പിന്നീട് ഉള്ള കാര്യം മാത്രമാണ്.
എന്നാൽ ഈ കേസിൽ പ്രോസിക്യൂഷന് ഒരു മേൽക്കയ്യ് നൽകുന്ന ഈ അനുമാനം തെറ്റല്ലേ ? പ്രതി കുറ്റം ചെയ്തെന്ന ഒരു മുൻ ധാരണ ആദ്യം തന്നെ കോടതി സ്വീകരിക്കുന്നു. ഇത് ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ “കുറ്റം തെളിയിക്കപ്പെടുന്നതുവരെ എല്ലാവരും നിരപരാധികളാണ്” എന്ന ആശയത്തിനെതിര് അല്ലേ ?
2. സ്ത്രീധന പീഡനവും കൊലപാതകവും — അന്യായമായ ഒരു അനുമാനങ്ങളും
വകുപ്പ് 118 A BSA പ്രകാരം ഒരു സ്ത്രീയുടെ മരണത്തിന് മുമ്പ് സ്ത്രീധനത്തിനായ പീഡനം ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ മാത്രം മതി , കോടതി അത് ഒരു സ്ത്രീധന പീഡന കൊലപാതകമായി ഒരു അനുമാനത്തിൽ എത്തണം എന്ന് പറയുന്നു .
എപ്പോൾ ? എത്ര വർഷം മുൻപ് ? എത്ര തവണ ? ഇവയെല്ലാം അവ്യക്തമായിരുന്നാൽ പോലും വകപ്പ്കു 80 BNS പ്രകാരം ഉള്ള കുറ്റം ചുമത്തപ്പെടുന്നു.
ലൈംഗിക കുറ്റകൃത്യങ്ങളിൽ പ്രതിയെ ശിക്ഷിക്കാൻ സ്ത്രീയുടെ മൊഴി മാത്രം മതിയാകുമോ ?
ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇരയുടെ മൊഴിക്ക് പ്രത്യേക പ്രാധാന്യം നൽകണം എന്ന് സുപ്രീം കോടതിയും ഹൈകോടതികളും പലതവണ പറഞ്ഞ്ഞു വെച്ചിട്ടുണ്ട് . അതിന് കോടതികൾ കണ്ടെത്തിയത് , ഒരു സ്ത്രീയും തന്റെ മാനത്തിനെതിരായി വ്യാജ പരാതി നൽകില്ല എന്നതാണ് പൊതുവായ ഒരു അനുമാനം മാത്രം ആണ് . നമ്മുടെ ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ ഇത്തരം ഒരു വ്യാജ പരാതിയിൽ പെട്ട് ക്രൈം ബ്രാഞ്ചും CBI ഉം അന്വേഷിച്ചു വ്യാജ പരാതിയാണ് എന്ന് കണ്ടെത്തിയ സംഭവം കൂടി ഇവിടെ ഓർക്കുന്നത് നല്ലതാണ് ! പിന്നെയാണോ , ഒരു സാധാരണകാരന്റെ കാര്യം. കൂടാതെ , ഈ കാലഘട്ടത്തിൽ വ്യാജ ലൈംഗിക പരാതികളുടെ എണ്ണം കൂടിവരുന്നുണ്ടെന്നു എന്ന്കോടതികൾ തന്നെ അംഗീകരിച്ച കാര്യം ആണ് .
പോക്‌സോ നിയമങ്ങൾ : കുടുംബ കോടതികളിൽ ദുരുപയോഗം ചെയ്യുമ്പോൾ:
കുട്ടികളെ സംരക്ഷിക്കാനായി കൊണ്ടുവന്ന പോക്സോ നിയമം ഇന്ന് കുടുംബബന്ധങ്ങളെ തകർക്കുന്ന ഒരു ആയുധമായി മാറിയിരിക്കുന്നു.
ഒരു മുത്തശ്ശൻ തന്റെ പേരക്കുട്ടിയെ സ്നേഹത്തോടെ ചേർത്തു പിടിച്ചതിന് വ്യാജ കേസ് വരുന്നു . അതും കുടുംബ കോടതിയിലെ കേസിനെ തർക്കത്തിൽ വാശിയും വൈരാഗ്യത്തിന്റെയും പേരിൽ ഒരു വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ . ഈ കേസിൽ പ്രാഥമിക അന്വേഷണമില്ല, പരിശോധനയില്ല.ഉടൻ അറസ്റ്റ് നടക്കുന്നു . ആത്മാഭിമാനത്തിനു മുറിവേറ്റ അയാൾ , ആത്മഹത്യ ചെയ്യുന്നു . കൂടെ കുഞ്ഞിനേയും കൊല്ലുന്നു .
ഇതല്ലേ രാമന്തളിയിൽ സംഭവിച്ചത് ? കുട്ടികളുടെ സംരക്ഷിക്കാനായി കൊണ്ടുവന്നു നിയമം ഇന്ന് കുടുംബ കോടതികളിൽ കേസ് ജയിക്കാനായി ചില ദുഷ്ടലാക്കുള്ള സ്ത്രീകൾ ഉപയോഗിക്കുമ്പോൾ , തോൽക്കുന്നത് നീതിയും നിയമങ്ങളും തന്നെയാണ് . കോടതികൾ വെറും കാഴ്ചക്കാരും മാത്രം ആകുന്നു. പ്രതേകിച്ചു , ആ കുട്ടി കോടതിയോട് കൈകൂപ്പി അമ്മയുടെ കൂടെ വിടരുത് എന്ന് അപേക്ഷിച്ചിട്ടുങ്കിൽ !
സുപ്രീം കോടതി മുന്നറിയിപ്പുകൾ : അവഗണിക്കപ്പെടുന്ന ശബ്ദങ്ങൾ
ഈ കാര്യത്തിൽ രാജ്യത്തെ പരമോന്നത കോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്:
* വ്യാജ ലൈംഗിക പരാതികൾ വർധിക്കുന്നു
* നിയമം പലപോഴും ഭീകര ആയുധങ്ങളായി പക പോക്കാനുള്ള ഉപകരണങ്ങളായി ഉപയോഗിക്കപെടുന്നു.
* അറസ്റ്റുകൾ അത്യാവശ്യഘട്ടത്തിൽ മാത്രമാവണം. അത് ഒരു നിയമമാകരുത്
സുപ്രീം കോടതി തന്നെ ഇത് പലതവണ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നിട്ടും നിലവിലുള്ള യാഥാർത്ഥ്യം മാറിയില്ല. ഇനിയും രാമന്തളി അവർത്തിക്കെപെട്ടു കൊണ്ടേ ഇരിക്കും.
മറ്റു രാജ്യങ്ങളും നമ്മുടെ നിയമങ്ങളും :
മറ്റു വികസിത രാജ്യങ്ങളിലെ നിയമങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട് :
* അവിടെ കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും സേറ്ററ്റിൻ്റെ
ഉത്തരവാദിത്തമാണ്.
* വിവാഹം കഴിക്കുന്നതോടെ, ജീവിതകാലം മുഴുവൻ ഒരാൾ മറ്റൊരാളെ സാമ്പത്തികമായി പരിപാലിക്കണം എന്ന നിയമമില്ല
* ലിംഗവ്യത്യാസത്തിന്റെ പേരിൽ ക്രിമിനൽ നിയമങ്ങളിൽ പോലും അനുമാനങ്ങളുമില്ല.
അവിടെ നിയമം മനുഷ്യരെ തുല്യരായി കണ്ട്, സ്ത്രീ -പുരുഷ വ്യതാസം ഇല്ലാതെ സംരക്ഷിക്കുന്നു. ലിംഗവ്യത്യാസങ്ങൾ അല്ല അവിടെ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്നത്.
യഥാർത്ഥ കുറ്റവാളികൾ ആരാണ് : ഇവിടെ ഇത്തരം വികലമായ നിയമങ്ങൾക്ക് കാരണം ആരാണ് ?
ഇത്തരം വികലമായ നിയമങ്ങൾ ഇവിടെ ഉണ്ടാവാൻ കാരണം ഇവരാണ് :
* വോട്ട് ബാങ്ക് രാഷ്ട്രീയക്കാർ
* വ്യാജ സ്ത്രീപക്ഷ വാദികൾ
* യാന്ത്രികമായി മാത്രം പ്രവർത്തിക്കുന്ന കുടുംബ കോടതികൾ
* തെളിവ്കൾ അന്വേഷിക്കാതെ, അനുമാനങ്ങളിൽ ആശ്രയിക്കുന്ന അന്വേഷണ സംവിധാനങ്ങൾ
* വ്യാജ പരാതികൾക്ക് ശിക്ഷ നൽകാൻ തയ്യാറാകാത്ത ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും .
ഇതിന്റെ ഫലം:
ഇനിയും കേരളത്തിൽ രാമന്തളികൾ ആവർത്തിക്കപ്പെടും. അത് ഒഴിവാക്കണമെങ്കിൽ താഴെ പറയുന്ന മാറ്റങ്ങൾ ഉടൻ അനിവാര്യമാണ് :-
* പരാതിയിൽ കേസ് എടുക്കുന്നതിന് മുൻപ് പരാതിയുടെ നിജസ്ഥിതിയെ കുറിച്ച് ഒരു പ്രാഥമിക അന്വേഷണം നടത്തി പരാതിയുടെ വിശ്വാസ്വത പരിശോധിക്കുന്നത് നിർബന്ധമാക്കണം
* വ്യാജ പരാതി നൽകുന്നവർക്ക് കർശന ശിക്ഷ നൽകണം
* ലിംഗനിരപേക്ഷ ഭാര്യാ പരിപാലന നിയമം കൊണ്ടുവരണം
* കോടതികൾ കുട്ടികളുടെ താൽപര്യം ആണ് കണക്കിലെടുക്കേണ്ടത്, അല്ലാതെ അമ്മയുടെ ദുഷ്ടലാക്കോടെ ഉള്ള പ്രതികാരവാഞ്ച അല്ല
* ഭാരതീയ സാക്ഷി അധിനിയമത്തിലെ സ്ത്രീ അനുകൂല അനുമാനങ്ങളെ കുറിച്ച് പറയുന്ന വകുപ്പുകൾ പൂർണ്ണമായും എടുത്ത് കളയുക, പകരം, ക്രിമിനൽ കേസുകളിൽ എങ്കിലും, അനുമാനങ്ങൾ പൂർണ്ണമായും തള്ളി, തെളിവിനെറ അടിസ്ഥാനത്തിൽ മാത്രം ശിക്ഷ പറയുക.
രാമന്തളിയുടെ നിലവിളി :
സ്ത്രീകൾക്ക് സംരക്ഷണം വേണമെങ്കിൽ ആകാം, എന്നാൽ അത്പുരുഷന്മാരെ കുറ്റവാളികളാക്കി അല്ല വേണ്ടത് എന്ന് മാത്രം ‘
സ്ത്രീകൾക്കുള്ള പ്രത്യേക പരിഗണന, പുരുഷനുള്ള ശിക്ഷയാകരുത് ‘ അതും പ്രത്യേകിച്ച് , വ്യാജ പരാതികളിൽ കേസിലെ വിധി വരുന്നതിന് മുമ്പുള്ള ജയിൽ വാസം നിർബന്ധമാക്കുന്ന കാര്യത്തിൽ എങ്കിലും !
ഭരണഘടനയുടെ ആർട്ടികൾ 14 ഉറപ്പ് തരുന്ന തുല്യത എന്നത് നിയമ പുസ്തകങ്ങളിലെ വെറും വാക്ക് ആവരുത്, അത് കോടതികളിൽ പ്രായോഗികം ആവണം. എങ്കിൽ മാത്രമേ യഥാർത്ഥ നീതി നടപ്പിലായി എന്ന് പറയാൻ പറ്റൂ.
രാമന്തളി നമ്മോട് ചോദിക്കുന്നു:
“നിയമം മനുഷ്യനെ ജീവിക്കാൻ അനുവദിക്കാത്തിടത്ത് അത് നീതിയല്ല – അനീതിയാണ്”
അഡ്വ. സലിൽ കുമാർ, കോഴിക്കോട്
